അക്രമികൾ എത്തിയത് മാദ്ധ്യമ പ്രവർത്തകരുടെ വേഷത്തിൽ
പാറ്റ്ന: ബീഹാറിൽ പാറ്റ്നയ്ക്കു സമീപം പീഡനശ്രമം പരാജയപ്പെട്ടപ്പോൾ അയൽക്കാരൻ തീകൊളുത്തിയ യുവതി ചികിത്സയ്ക്കിടെ മരിച്ചതിനു പിന്നാലെ, രാജ്പൂരിൽ പീഡന ശ്രമത്തെക്കുറിച്ച് പരാതി നൽകിയ ദളിത് പെൺകുട്ടിയെ വെടിവച്ച് കൊലപ്പെടുത്താൻ ശ്രമം.
രാജ്പൂരിനു സമീപം റോഹ്‌ത്താസിലാണ് മാദ്ധ്യമ പ്രവർത്തകരെന്ന വ്യാജേന പെൺകുട്ടിയുടെ വീട്ടിലെത്തിയ അക്രമിസംഘം വെടിയുതിർത്തത്. കഴുത്തിനു താഴെ വെടിയേറ്റ പെൺകുട്ടി ചികിത്സയിലാണ്. ഞായറാഴ്ചയാണ് തന്നെ നാല് യുവാക്കൾ പീഡിപ്പിക്കാൻ ശ്രമിച്ചതായി പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. പെൺകുട്ടി നൽകിയ വിവരമനുസരിച്ച് സഫർ ഖാൻ, ഫറൂഖ് ഖാൻ, സർബുക് ഖാൻ എന്നിവർ ഉൾപ്പെടെ നാലു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ധീരയായ ദളിത് പെൺകുട്ടിയുടെ അഭിമുഖം ആവശ്യപ്പെട്ടാണ് ഇന്നലെ മാദ്ധ്യമപ്രവർത്തകരുടെ വേഷത്തിൽ ചിലർ ബന്ധുക്കളെ സമീപിച്ചത്. അഭിമുഖം നൽകുന്നതിനായി മുഖം മറച്ച് ഇവർക്കരികിലേക്ക് പെൺകുട്ടി വരുന്നതിനിടെ ആയിരുന്നു ആക്രമണം. ആക്രമണ സാദ്ധ്യതയുള്ളതായി റിപ്പോർട്ട് ഉണ്ടായിരുന്നതിനാൽ സ്ഥലത്ത് പൊലീസ് കാവലുണ്ടായിരുന്നു. ഓടിയെത്തിയ ഇവരാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബഹളത്തിനിടെ അക്രമികൾ ഓടി രക്ഷപ്പെട്ടു. ഇവർക്കായി തിരച്ചിൽ തുടരുന്നതേയുള്ളൂ.
അതിനിടെ, മുസാഫർപൂരിനു സമീപം പീഡനശ്രമത്തിനു ശേഷം അയൽക്കാരൻ തീകൊളുത്തിയ ഇരുപത്തിരണ്ടുകാരി ചികിത്സയ്ക്കിടെ കഴിഞ്ഞ ദിവസം മരിച്ച സംഭവത്തിൽ നാട്ടുകാരുടെ പ്രക്ഷോഭം ഇന്നലെ അക്രമാസക്തമായി. പത്തു ദിവസം മുമ്പ് ഡിസംബർ ഏഴിനാണ് യുവതി അക്രമത്തിന് ഇരയായത്. പീഡനശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് അക്രമി യുവതിയുടെ ശരീരത്തിൽ തീകൊളുത്തുകയായിരുന്നു. 95 ശതമാനം പൊള്ളലേറ്റ യുവതി തിങ്കളാഴ്ച അർദ്ധരാത്രിയാണ് പാറ്റ്നയ്ക്കു സമീപം ആഗൻകോനിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
പ്രതിഷേധിച്ച് തെരുവിലിറങ്ങിയ നാട്ടുകാർ പാറ്റ്നയിലും മുസാഫർപൂരിലും തെരുവിലിറങ്ങി അക്രമം അഴിച്ചുവിട്ടു. യുവതിയുടെ മരണവിവരം പുറത്തുവന്നതിനെ തുടർന്ന് ആയിരക്കണക്കിനു പേർ ആശുപത്രിക്കു മുന്നിൽ തടിച്ചുകൂടുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. പൊലീസുകാർക്കു നേരെ കല്ലെറിയുകയും കടകൾ തല്ലിത്തകർക്കുകയും ചെയ്ത കലാപകാരികൾ ചില വ്യാപാരസ്ഥാപനങ്ങൾ കൊള്ളയടിച്ചതായും പരാതിയുണ്ട്. അതിനിടെ അക്രമിയുടെ പിതാവ് തന്നെ ഭീഷണിപ്പെടുത്തിയെന്നു കാട്ടി യുവതിയുടെ അമ്മ പൊലീസിൽ പരാതി നൽകി. ഇവർക്ക് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.