കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരായ മഹാറാലിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ പൊട്ടിത്തെറിച്ച് പശ്ചിബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. രാജ്യത്ത് സമാധാനം നിലനിറുത്തേണ്ട ഉത്തരവാദിത്വമുള്ള സ്ഥാനത്താണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇരിക്കുന്നതെന്ന് മമത ഓർമ്മിപ്പിച്ചു.
"നിങ്ങൾ ഈ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയാണ്, ഒരു വെറും ബി.ജെ.പി നേതാവല്ല. നിങ്ങളുടെ ജോലി ഈ രാജ്യത്തിന് തീക്കൊടുക്കലല്ല, തീ കത്തുമ്പോൾ അത് കെടുത്തലാണ്. പൗരത്വ ബില്ല് കോലുമിഠായി പോലിരിക്കുമെങ്കിലും അതൊരു കെണിയാണ്. പൗരത്വ ബില്ലും ദേശീയ പൗരത്വ രജിസ്റ്ററും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ആർക്കും പൗരത്വം നഷ്ടപ്പെടില്ലെന്ന് നിങ്ങൾ പറയുന്നു. എന്നാൽ ഇപ്പോൾ നിങ്ങൾ പറയുന്നു പൗരത്വം തെളിയിക്കാൻ പാൻ, ആധാർ ഒന്നും മതിയാകില്ലെന്ന്. പിന്നെ എന്താണ് മതിയാവുക. ബി.ജെ.പിയിൽ നിന്നുള്ള മന്ത്രത്തകിടോ? ബി.ജെ.പി ഒരു വിഴുപ്പലക്കുന്ന യന്ത്രമായിരിക്കുന്നു. എല്ലാവരുടെയും പുരോഗതി ഉറപ്പുവരുത്തുന്നതിൽ നിങ്ങൾ പരാജയപ്പെട്ടു, എന്നാൽ എല്ലാവരുടെയും നാശം നിങ്ങൾക്കുറപ്പുവരുത്താനും സാധിച്ചു. നിയമം ലംഘിച്ച് ഇന്ത്യയിൽ കുടിയേറിയവർക്കായി എത്ര തടങ്കൽകേന്ദ്രങ്ങൾ നിങ്ങൾ ഉണ്ടാക്കും'- മ്മത ചോദിച്ചു.
ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ നിയമ ഭേദഗതിയും പിൻവലിക്കുക, അതല്ലെങ്കിൽ അതെങ്ങനെ നിങ്ങൾ ഇവിടെ നടപ്പാക്കുമെന്ന് ഞാനൊന്നു കാണട്ടെ. 35 ശതമാനം വോട്ടിന്റെ പിൻബലത്തിലാണ് നിങ്ങൾ അധികാരത്തിലെത്തിയത്. 65 ശതമാനം ജനങ്ങൾ നിങ്ങൾക്കൊപ്പമില്ലെന്ന് ഓർക്കണമെന്നും മമത പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി നടപ്പാക്കാൻ വിസമ്മതിച്ച രാജ്യത്തെ മൂന്നു മുഖ്യമന്ത്രിമാരിൽ ഒരാളാണ് മമതാ ബാനർജി.
ബി.ജെ.പി എം.പിമാർ അറസ്റ്റിൽ
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം അക്രമാസക്തമായ പശ്ചിമ ബംഗാളിലെ മാൽഡയും മുർഷിദാബാദും സന്ദർശിക്കാനെത്തിയ ബി.ജെ.പി പ്രതിനിധി സംഘത്തെ പൊലീസ് തടഞ്ഞു. ബി.ജെ.പി എം.പിമാരായ നിഷിത് പ്രമാണിക്, ഖഗൻ മുർമുർമു എന്നിവരെ അറസ്റ്റ് ചെയ്തു.
മാൽഡ ജില്ലയിലെ സംഘർഷ ബാധിത പ്രദേശങ്ങളിലേക്ക് പോകാൻ ശ്രമിച്ചതിനാലാണ് രണ്ട് എം.പിമാരെ അറസ്റ്റു ചെയ്തതെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്തെ ക്രമസമാധാന നില വീണ്ടും വഷളാകുമെന്ന ആശങ്കയെ തുടർന്നാണിത്. ഇവിടെ നാല് ദിവസം തുടർച്ചയായി അക്രമ സംഭവങ്ങൾ നടന്നിരുന്നു.
അതിനിടെ, ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗിയ, സൗമിത്ര ഖാൻ എം.പി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെ മുർഷിദാബാദ് ജില്ലയിൽ പൊലീസ് തടഞ്ഞു. പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു.