നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ മൂന്ന് കോടിയോളം രൂപ വില വരുന്ന സ്വർണം പിടിച്ചു. കസ്റ്റംസ് എയർ ഇന്റലിജൻസ് ചൊവ്വാഴ്ച്ച രാത്രി രണ്ട് യാത്രക്കാരിൽ നിന്ന് 5.250 കിലോ സ്വർണവും ഡയറക്ടറേറ്റ് ഒഫ് റവന്യു ഇന്റലിജൻസ് (ഡി.ആർ.ഐ) മുംബയ് സ്വദേശിനിയിൽ നിന്ന് രണ്ട് കിലോ സ്വർണവും പിടികൂടി.കുവൈറ്റ് എയർവേയ്‌സ് വിമാനത്തിൽ കുവൈറ്റിൽ നിന്നെത്തിയ ആന്ധ്ര കടപ്പ സ്വദേശികളായ രാജ്പേട്ട് വൈ.എസ്.ആർ ജില്ലയിൽ ഫയാസ് ഷെയ്ക് ഹബീബ്, കടപ്പ സവീദ് അലിഖാൻ ദേഷ് മുഖ് എന്നിവരാണ് പിടിയിലായത്. ഫയാസിൽ നിന്നും 2792 ഗ്രാം സ്വർണവും സവീദ് അലിഖാനിൽ നിന്നും 2522 ഗ്രാം സ്വർണവുമാണ് പിടികൂടിയത്.
വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംപലിൽ കൈപിടിക്കുന്ന ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു അഞ്ചര കിലോയോളം സ്വർണം. പ്രതികളുടെ കൈവശം രണ്ട് സെറ്റ് ഡംപലുകളാണ് ഉണ്ടായിരുന്നത്. സിലിണ്ടർ രൂപത്തിലാക്കിയാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. അന്താരാഷ്ട്ര സ്വർണക്കടത്ത് സംഘത്തിലെ കണ്ണികളാണെന്നാണ് സൂചന. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സ്‌പൈസ് ജെറ്റ് വിമാനത്തിൽ ഷാർജയിൽ നിന്നും കൊച്ചിയിലെത്തിയ സോനം ലഷ്മൺ അരയിൽ ഒളിപ്പിച്ചാണ് രണ്ട് കിലോയോളം തൂക്കമുള്ള 17 സ്വർണ ബിസ്‌ക്കറ്റുകൾ കൊണ്ടുവന്നത്. ഒരു ബിസ്ക്കറ്റിന് 160 ഗ്രാം തൂക്കമുണ്ട്.. ഷാർജയിൽ നിന്നും കൊച്ചിയിലെത്തി ചെന്നൈക്ക് പോയ ശേഷം തിരികെ കൊച്ചിയിലെത്തിയപ്പോഴാണ് പിടിയിലായത്.