ന്യൂഡൽഹി: വിവാദമായ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്യാൻ വിസമ്മതിച്ച സുപ്രീംകോടതി, ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ നിയമത്തിന്റെ യഥാർത്ഥ ഉദ്ദേശ്യലക്ഷ്യങ്ങൾ പ്രചരിപ്പിക്കാൻ കേന്ദ്രസർക്കാരിന് വാക്കാൽ നിർദ്ദേശം നൽകി.
നിയമത്തിനെതിരായി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ സമർപ്പിച്ച 59 ഹർജികൾ ഫയലിൽ സ്വീകരിച്ച കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് നൽകി. മൂന്നാഴ്ചക്കകം മറുപടി നൽകണം. ജനുവരി 22ന് കേസ് വീണ്ടും പരിഗണിക്കും. ജനുവരി 1 വരെയുള്ള ശൈത്യകാല അവധിക്ക് കോടതി ഇന്നലെ പിരിഞ്ഞു.
ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസ്‌മാരായ ബി.ആർ ഗാവെ, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.
ബില്ലിനെക്കുറിച്ച് ജനങ്ങൾക്ക് ആശയക്കുഴപ്പമുണ്ടെന്നും അതിനാലാണ് പ്രക്ഷോഭങ്ങൾ നടക്കുന്നതെന്നും ഹർജിക്കാരുടെ അഭിഭാഷകരിലൊരാളായ അശ്വനി കുമാർ വാദിച്ചു.
അപ്പോൾ ചീഫ് ജസ്റ്റിസ് ഇടപെട്ടു. പൗരത്വ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ പറ്റി പൊതുജനങ്ങൾക്ക് ഒരു സംശയവും ഉണ്ടാവാൻ പാടില്ലെന്നും നിയമം പാസാക്കിയത് എന്തിനാണെന്ന് പ്രചാരണം നൽകേണ്ടത് അത്യാവശ്യമാണെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ. കെ വേണുഗോപാലിനോട് ചീഫ് ജസ്റ്റിസ് പറഞ്ഞു. വേണുഗോപാൽ അതിനോട് അനുകൂലമായി പ്രതികരിച്ചു. തുടർന്ന് നിയമത്തിന് സ്റ്റേ ഇല്ലെന്നും കേസ് വീണ്ടും ജനുവരിയിൽ കേൾക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. എന്നാൽ കോടതി അടുത്ത കേസ് വിളിച്ചപ്പോഴും അഭിഭാഷകർ നിയമത്തിന് സ്റ്റേ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അതോടെ കേസ് ഇന്ന് കേൾക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അസന്ദിഗ്ദ്ധമായി പറഞ്ഞു.
വിജ്ഞാപനം ചെയ്‌ത നിയമം സ്റ്റേ ചെയ്യാനാവില്ലെന്ന് സുപ്രീംകോടതിയുടെ നാല് വിധികളെങ്കിലും ഉണ്ടെന്ന് വേണുഗോപാൽ പറഞ്ഞു. എന്നാൽ ചട്ടങ്ങൾ വിജ്ഞാപനം ചെയ്യാത്തതിനാൽ പൗരത്വ നിയമം പ്രാബല്യത്തിൽ വന്നിട്ടില്ലെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ രാജീവ് ധവാൻ തിരിച്ചടിച്ചു.
ഈ ഒരൊറ്റ കേസ് വാദിക്കാനായി അറുപതോളം അഭിഭാഷകരും അത്രതന്നെ സഹായികളും കോടതി മുറിയിൽ എത്തിയിരുന്നു.