health-

ആധുനിക കാലത്ത് സ്മാർട്ട് ഫോണുകൾ മനുഷ്യന് ഒഴിവാക്കാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ്. ദമ്പതികൾ സംസാരിക്കുന്നത് പോലും ഇപ്പോൾ സ്മാർട് ഫോണിലെ വാട്സ് ആപ്പ്,​ ഫേസ്ബുക്ക് മെസേജുതകളിലൂടെയാണ്. മുഖത്തോട് മുഖം നോക്കിയുള്ള സംസാരങ്ങൾ ടൈപ് മെസേജായി മാറിയപ്പോൾ പങ്കാളിയെ സന്തോഷിപ്പിക്കാനുള്ള റോസാപ്പൂക്കളുടെ സ്ഥാനം വാട്‌സാപ്പ് ഇമോജികൾ കൈയ്യടക്കി.

ഇപ്പോഴിതാ ലൈംഗീക ജീവിതത്തെ സ്മാർട്ട്‌ഫോൺ ഉപയോഗം ബാധിക്കുമെന്ന് ശാസ്ത്രവും തെളിയിച്ചിരിക്കുന്നു. മൊറോക്കോയിലെ ലൈംഗീക ആരോഗ്യ വിഭാഗം നടത്തിയ പഠനത്തിലാണ് സ്മാർട്ട് ഫോൺ ഉപയോഗം ലൈംഗിക ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന കണ്ടെത്തലിൽ എത്തിയത്. പഠനത്തിൽ പങ്കെടുത്തതിൽ 60 ശതമാനം ആളുകളും തങ്ങളുടെ ലൈംഗീക ജീവിതത്തിൽ സ്മാർട്ട് ഫോൺ സ്വാധീനിക്കുന്നുണ്ടെന്നാണ് അഭിപ്രായപ്പെട്ടത്. 20നും 45നും ഇടയിൽ പ്രായമുള്ള യുവാക്കളിലാണ് സ്മാർട്ട് ഫോൺ ഉപയോഗം ഏറ്റവും അപകടകരമെന്നാണ് പഠനത്തിലെ കണ്ടെത്തൽ.


സ്മാർട്ട്‌ഫോണിനായി അധികനേരവും ചിലവഴിക്കുന്നതിനാൽ ലൈംഗിക ജീവിതത്തിൽ തൃപ്തി കണ്ടെത്താന്‍ കഴിയുന്നില്ലെന്നാണ് പഠനത്തിൽ പങ്കെടുത്ത പകുതിയിലധികം പേരും പറഞ്ഞത്. പലരും സ്മാർട്ട്‌ഫോൺ കൈയ്യിൽ പിടിച്ചോ കിടക്കയുടെ തൊട്ടരികിൽ സ്ഥാപിച്ചോ ആണ് കിടന്നുറങ്ങുന്നതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇവർക്ക് ഫോണ്‍ കൈയ്യിലില്ലാത്ത സമയങ്ങളിൽ പേടി, ഉത്കണ്ഠ തുടങ്ങിയ അവസ്ഥകൾ അനുഭവിക്കേണ്ടിവരുമെന്നും ഗവേഷകർ പറയുന്നു.