തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെയും കെ.എസ്.ഐ.ഡി.സിയുടെയും റിട്ട് ഹർജികൾ ഹൈക്കോടതി തള്ളിയതോടെ, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് കേന്ദ്രസർക്കാർ ഉടൻ അദാനിഗ്രൂപ്പിന് കൈമാറും. വിമാനത്താവളം ഏറ്റെടുക്കാനായി 'അദാനി ട്രിവാൻഡ്രം ഇന്റർനാഷണൽ എയർപോർട്ട്' എന്ന പേരിൽ അദാനി ഗ്രൂപ്പ് കമ്പനി രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ വിമാനത്താവള നടത്തിപ്പിനുള്ള ലേലത്തിൽ അദാനി വിജയിച്ചെങ്കിലും സംസ്ഥാനസർക്കാർ ഹൈക്കോടതിയിൽ കേസുകൊടുത്തതിനാൽ കരാർ ഒപ്പിടാനായിരുന്നില്ല. കേസിൽ അന്തിമവിധി ഉണ്ടാകും വരെ വിമാനത്താവളം അദാനിക്ക് കൈമാറരുതെന്ന് ഇടക്കാല ഉത്തരവുണ്ടായിരുന്നു. ഈ തടസം നീങ്ങിയതോടെ അദാനിയുമായി കേന്ദ്രം ഉടൻ പാട്ടക്കരാർ ഒപ്പിടും. വിമാനത്താവള കൈമാറ്റം അനിശ്ചിതത്വത്തിലായതോടെ അടിസ്ഥാനസൗകര്യ വികസനവും കൂടുതൽ സർവീസുകൾ തുടങ്ങുന്നതുമെല്ലാം മാസങ്ങളായി തടസപ്പെട്ടിരിക്കുകയാണ്.
പാട്ടക്കരാറൊപ്പിടുന്നതോടെ 50വർഷത്തേക്ക് വിമാനത്താവളത്തിന്റെ ഓപ്പറേഷൻ, വികസനം,നടത്തിപ്പ് എന്നിവ അദാനിക്ക് കൈമാറിക്കിട്ടും. 628.70ഏക്കർ ഭൂമിയിലാണ് വിമാനത്താവളം. 55,000ചതുരശ്രഅടിയിൽ പുതിയ ടെർമിനലുണ്ടാക്കാൻ 18 ഏക്കർ ഭൂമിയേറ്റെടുക്കണം. ഇതിന് സംസ്ഥാന സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. സ്വകാര്യവത്കരിക്കുന്ന വിമാനത്താവളങ്ങളിൽ സുരക്ഷ, കാലാവസ്ഥാ നിരീക്ഷണം, ആരോഗ്യ പരിശോധന, കസ്റ്റംസ്, എമിഗ്രേഷൻ, മൃഗ-സസ്യ പാലനം, കാലാവസ്ഥാ ശാസ്ത്രം തുടങ്ങിയ സേവനങ്ങൾ ഒഴികെയുള്ളവ സ്വകാര്യ കമ്പനിയുടെ ചുമതലയാണ്. തിരുവനന്തപുരത്തെ ഓരോ യാത്രക്കാരനും പ്രതിമാസം 168രൂപ വീതം അദാനി ഗ്രൂപ്പ് വിമാനത്താവള അതോറിട്ടിക്ക് നൽകാമെന്നാണ് ലേലവ്യവസ്ഥ. വിമാനത്താവളത്തിന്റെ വികസനത്തിന് ഒരു നിക്ഷേപവും നടത്താതെ സ്വകാര്യവത്കരണത്തിലൂടെ പ്രതിവർഷം 1000 കോടി രൂപ പാട്ടത്തുകയായി എയർപോർട്ട് അതോറിട്ടിക്ക് ലഭിക്കും. ഇതാണ് വിമാനത്താവളവും ഭൂമിയും സ്വകാര്യവത്കരിക്കുന്ന കേന്ദ്രതീരുമാനത്തിന് പിന്നിൽ. വിമാനത്താവളം ആർക്കും വിൽക്കുന്നില്ലെന്നും നടത്തിപ്പു മാത്രമാണ് കൈമാറുന്നതെന്നും കേന്ദ്രത്തിന്റെ ഉടമസ്ഥതയിൽ തുടരുമെന്നുമാണ് എയർപോർട്ട് അതോറിട്ടിയുടെ വിശദീകരണം.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിനായി 1600കോടി രൂപ പുതുതായി രൂപീകരിച്ച അദാനിയുടെ 'അദാനി ട്രിവാൻഡ്രം ഇന്റർനാഷണൽ എയർപോർട്ട്' കമ്പനി നീക്കിവച്ചിട്ടുണ്ട്. നിലവിലെ 33,300ചതുരശ്രഅടി ടെർമിനൽ കെട്ടിടത്തിനൊപ്പം 55,000ചതുരശ്രഅടി കൂട്ടിച്ചേർത്ത് പുതിയടെർമിനൽ അടക്കം 600കോടിയുടെ വികസനപദ്ധിതികൾ നേരത്തേ എയർപോർട്ട് അതോറിട്ടി പ്രഖ്യാപിച്ചിരുന്നെങ്കിലും നടത്തിപ്പ് സ്വകാര്യവത്കരിച്ചതോടെ മുടങ്ങിപ്പോയി. ഈ സ്ഥാനത്താണ് അദാനിയുടെ 1600കോടിയുടെ വമ്പൻ പദ്ധതികൾ. അതേസമയം, സർക്കാർ ഭൂമിയിൽ പ്രവർത്തിക്കുന്ന വിമാനത്താവളം സർക്കാരിന്റേതാണെന്നും വ്യോമയാന മേഖലയിൽ ഒരു പരിചയവുമില്ലാത്ത അദാനിക്ക് കൈമാറരുതെന്നുമാണ് സംസ്ഥാനസർക്കാരിന്റെ നിലപാട്. സർക്കാരിന്റെ അനുമതിയില്ലാതെ ഈ ഭൂമിയിൽ അദാനിക്ക് വികസനം പറ്റില്ല. ലേലം റദ്ദാക്കി വിമാനത്താവളം നടത്തിപ്പ് ചുമതല സർക്കാരിന് നൽകണം. അല്ലെങ്കിൽ എയർപോർട്ട് അതോറിട്ടിയുടെ നടത്തിപ്പ് തുടരണം- സർക്കാർ വ്യക്തമാക്കുന്നു. സ്വകാര്യകമ്പനിയുമായി കരാർ ഒപ്പിടാത്തതിനാലാണ് ഹർജി ഹൈക്കോടതി തള്ളിയതെന്നും, പാട്ടക്കരാർ ഒപ്പിട്ട ശേഷം വീണ്ടും നിയമനടപടികൾ തുടരുമെന്നും സർക്കാർ അറിയിച്ചു.
വിമാനത്താവള സ്വകാര്യവത്കരണ നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോവുകയാണ്. വ്യോമയാന മേഖലയിലെ പരിചയസമ്പത്തിനൊപ്പം കമ്പനികളുടെ സാമ്പത്തിക ഭദ്രത കൂടി കണക്കിലെടുക്കുമെന്നും സുരക്ഷ, കസ്റ്റംസ് തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ ഏജൻസികൾ മേൽനോട്ടം വഹിക്കുമെന്നും വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. വിമാനത്താവളം പാട്ടത്തിനെടുക്കാനുള്ള ലേലത്തിൽ സർക്കാരും കെ.എസ്.ഐ.ഡി.സിയും ചേർന്നുള്ള കൺസോർഷ്യമാണ് പങ്കെടുത്തത്. ലേലത്തിൽ കെ.എസ്.ഐ.ഡി.സി രണ്ടാമതായി. വിമാനത്താവളത്തിന്റെ നടത്തിപ്പിനായി ചീഫ്സെക്രട്ടറി അദ്ധ്യക്ഷനായി തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ടിയാൽ) എന്ന പേരിൽ സംസ്ഥാനസർക്കാർ ഒരു കമ്പനി രൂപീകരിച്ചിരുന്നു. ഇതിനിടെ, അദാനിയെക്കൂടി ഉൾപ്പെടുത്തി പുതിയ കൺസോർഷ്യമുണ്ടാക്കാനും പ്രവാസി വ്യവസായികളുമായി ചേർന്ന് വിമാനത്താവളം ഏറ്റെടുക്കാനുമുള്ള സർക്കാരിന്റെ നീക്കങ്ങൾ വിവാദമായിരുന്നു.
അദാനിക്ക് പകരം മറ്റ് മുതലാളിമാർക്ക് വിമാനത്താവളം കൈമാറുന്നതിനെ എയർപോർട്ട് അതോറിട്ടി ജീവനക്കാരും എതിർക്കുകയാണ്.
ഇനി എന്ത്
l വിഴിഞ്ഞം തുറമുഖത്തിനു പുറമേ വിമാനത്താവളം കൂടിയാവുമ്പോൾ അദാനി തിരുവനന്തപുരത്ത് വൻശക്തിയാവും
l വിമാനത്താവള വികസനത്തിന് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ച 18.30 ഏക്കർ സ്ഥലം സർക്കാർ അദാനിക്ക് കൈമാറിയേക്കില്ല
l സർക്കാരിന്റെ എതിർപ്പ് തണുപ്പിക്കാൻ അദാനിയുടെ കമ്പിനിയിൽ സർക്കാർ പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തിയേക്കാം
l അദാനിയുമായി പാട്ടക്കരാർ ഒപ്പിടുന്നതിനെതിരെ സർക്കാർ വീണ്ടും ഹൈക്കോടതിയിൽ കേസുകൊടുത്തേക്കാം
തിരുവനന്തപുരം വിമാനത്താവളം ലോകനിലവാരത്തിലാക്കും. കൂടുതൽ ഉത്തരവാദിത്വത്തോടെയാണ് വ്യോമയാന മേഖലയിലേക്കെത്തുന്നത്.- കരൺ അദാനി സി.ഇ.ഒ, അദാനി പോർട്സ്