തിരുവനന്തപുരം: ന്യൂജെൻ ലഹരിക്കാരെ പിടികൂടാൻ ന്യൂജെൻ മാർഗവുമായി പൊലീസും എക്സൈസും. മദ്യപിച്ചാൽ ബ്രത്ത് അനലൈസറിലോ രക്തപരിശോധനയിലോ തിരിച്ചറിയാം. എന്നാൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവർ എന്താണ് ഉള്ളിലേക്ക് അടിച്ച് കയറ്റിയിട്ടുള്ളതെന്നുപോലും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഇതിന് പരിഹാരവുമായാണ് വിദേശ രാജ്യങ്ങളിൽ ഉപയോഗത്തിലുള്ള സിന്തറ്റിക്ക് ലഹരി പരിശോധനാ കിറ്റുകളുമായി (അബോൺ കിറ്റുകൾ) പൊലീസും എക്സൈസും രംഗത്തെത്തിയിരിക്കുന്നത്.
കിറ്റ് ഉപയോഗിച്ചുള്ള പരിശോധന നഗരത്തിൽ തുടങ്ങി. അധികം വൈകാതെ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും.
അബോൺ കിറ്റുകളിൽ ഉമിനീരാണ് പരിശോധനയ്ക്ക് ഉപയോഗിക്കുന്നത്. ലഹരി ഉപയോഗിച്ചെന്ന് സംശയമുള്ളവരുടെ ഉമിനീര് കിറ്റിന്റെ നിശ്ചിത ഭാഗത്ത് വയ്ക്കും. നിഷ്കർഷിച്ചിട്ടുള്ള സമയത്തിനുള്ളിൽ കിറ്റിന്റെ ഒരു ഭാഗത്ത് നിറവ്യത്യാസമുണ്ടാകും. ഇതാണ് പരിശോധനാഫലം. നിറവ്യത്യാസം നോക്കി ലഹരി മരുന്ന് ഏതാണെന്ന് കണ്ടെത്താം. ഇതിനുള്ള സാമ്പിൾ കളർ പാറ്റേൺ കിറ്റിനൊപ്പമുണ്ട്. ഇവ ഉപയോഗിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് പരിശീലനവും നൽകിയിട്ടുണ്ട്
20 ഇനം ലഹരി ഉപയോഗം പിടിക്കാം
വിലകൂടിയ മയക്കുമരുന്നുകളായ എൽ.എസ്.ഡിയും, എം.ഡി.എം.എയുമൊക്കെ പിടികൂടാൻ കഴിയുന്ന കിറ്റുകളാണ് എക്സൈസും പൊലീസും വാങ്ങിയത്. 20 ഇനം ലഹരി ഉപയോഗം ഈ കിറ്റുകളിലൂടെ കണ്ടെത്താനാകും. ലഹരി മരുന്നുകൾ തിരിച്ചറിയാൻ ഉപയോഗിക്കുന്ന നാർകോട്ടിക്ക് കിറ്റുകൾ എക്സൈസ് നേരത്തേ വാങ്ങിയിരുന്നു. അടുത്തിടെ പിടികൂടിയ ഹെറോയിൻ ഇതുപയോഗിച്ചാണ് തിരിച്ചറിഞ്ഞത്. കിറ്റിലേക്ക് സാമ്പിൾ മാറ്റിയശേഷം പ്രത്യേകതരം രാസമിശ്രിതം അതിലൊഴിച്ചാണ് പരിശോധന നടത്തുന്നത്. പരീക്ഷണത്തിനിടെ ഉണ്ടാകുന്ന നിറവ്യത്യാസമാണ് ലഹരിമരുന്ന് തിരിച്ചറിയാൻ സഹായിക്കുന്നത്.
ലഹരി 12 മണിക്കൂർ വരെ
12 മണിക്കൂറോളം ലഹരി നൽകുന്നവയാണ് എൽ.എസ്.ഡിയും, എം.ഡി.എം.എയും പോലുള്ള മയക്കുമരുന്നുകൾ. നിശാപാർട്ടികളിലും മറ്റും വ്യാപകമായി കാണാറുള്ള ഇവ ഉപയോഗിച്ചാൽ കോടതിയിൽ നിന്നും ശിക്ഷ കിട്ടുന്നവിധത്തിൽ കേസെടുക്കുക ബുദ്ധിമുട്ടാണ്. മയക്കുമരുന്ന് പിടിച്ചാൽ അത് തെളിവായി ഹാജരാക്കും. എന്നാൽ ഒരാളെ ലഹരി ഉപയോഗിച്ച നിലയിൽ കണ്ടെത്തിയാൽ തെളിവുകൾ ശേഖരിക്കുക വെല്ലുവിളിയാണ്. ലഹരി ഉപയോഗിക്കുന്നവരുടെ ശരീരത്തിൽ നിന്നെടുക്കുന്ന സാമ്പിളുകൾ പരിശോധിക്കുന്നതിന് പരിമിതികളുണ്ട്. കിറ്റുകളുടെ പരിശോധനാഫലം കോടതി തെളിവായി സ്വീകരിക്കില്ല എന്നതാണ് പ്രധാന ന്യൂനത. എന്നാൽ ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിലൂടെ ലഹരി കൈമാറുന്നവരിലേക്ക് അന്വേഷണ സംഘത്തിന് എത്താനാകും.
കൃത്യമായ മാനദണ്ഡമില്ല
എത്രസമയത്തിനുള്ളിൽ രക്തമോ ഉമിനീരോ എടുക്കണം എന്നത് സംബന്ധിച്ച് മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടില്ല. സിന്തറ്റിക്ക് ഡ്രഗ്സ് ചെറിയ അളവിൽ ശരീരത്തിനുള്ളിൽ എത്തിയാൽ ലഹരി ലഭിക്കും. എന്നാൽ ശരീരത്തിനുള്ളിൽ ചെന്ന ശേഷം ഇവയിലുണ്ടാകുന്ന രാസമാറ്റങ്ങളാകും പരിശോധനാ ഫലമായി ലഭിക്കുക. ഇത്തരം രാസപദാർത്ഥങ്ങൾ ലഹരിയുടെ നിർവചനത്തിൽ പെട്ടതാകണമെന്നുമില്ല.
ഒരു മൈക്രോഗ്രാം ഉള്ളിലെത്തിയാൽ 12 മണിക്കൂർ ലഹരി നൽകാൻ കഴിയുന്നതാണ് ലൈസർജിക്ക് ആസിഡ് ഡൈ ഈതൈൽ അമൈഡ് (എൽ.എസ്.ഡി) സ്റ്റാമ്പുകൾ. ഈ മാരകലഹരി വസ്തു നഗരത്തിൽ പല റാക്കറ്റുകളിലുമുണ്ടെന്നാണ് വിവരം. കഴക്കൂട്ടത്ത് നിന്നും രണ്ട് കേസുകളിൽ എൽ.എസ്.ഡി സ്റ്റാമ്പുകൾ പിടികൂടിയിരുന്നു. സിനിമാപ്രവർത്തകനായ ആന്റണി രാജന്റെ കൈയിൽ നിന്നു 15 മില്ലിഗ്രാമും മണക്കാട് സ്വദേശി സാബിനിൽ നിന്നു 26 മില്ലിഗ്രാമുമാണ് കണ്ടെത്തിയത്. ഇവ പരിശോധനയ്ക്കായി കെമിക്കൽ ലാബിന് കൈമാറിയിട്ടുണ്ട്.