ശ്രീകാര്യം :ചെമ്പഴന്തി മണയ്ക്കൽ ഗവൺമെന്റ് മോഡൽ എൽ.പി സ്കൂളിന് മുന്നിൽ റോഡിനോട് ചേർന്ന് അപകടകരമായ നിലയിൽ ഉണങ്ങി നിൽക്കുന്ന മരം മുറിച്ചുമാറ്റുന്നതിനെചൊല്ലിയുണ്ടായ തർക്കം രൂക്ഷമായി. മരം അപകടഭീക്ഷണി ഉയർത്തുന്നതിനെക്കുറിച്ച് സിറ്റികൗമുദി കഴിഞ്ഞദിവസം വാർത്ത നൽകിയതിനുപിന്നാലെയാണ് അധികൃതർ പരസ്പരം പഴിചാരി രംഗത്തെത്തിയത്.
വനംവകുപ്പ് മാസങ്ങൾക്ക് മുൻപേ അനുമതി നൽകിയെങ്കിലും ജനപ്രതിനിധികളും ബന്ധപ്പെട്ട അധികൃതരും വിഷയത്തെ ലാഘവത്തോടെ സമീപിച്ചതാണ് പ്രശ്ന പരിഹാരം അനന്തമായി നീളാൻ കാരണം.സ്കൂളിലെ കുട്ടികൾ ദിവസേന ഈ മരച്ചോട്ടിലൂടെയാണ് കടന്നു പോകുന്നത്. മരം മുറിക്കണമെന്ന് ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ മാർച്ചിൽ സ്കൂൾ ഹെഡ്മിസ്ട്രസ് വനം വകുപ്പ് അധികൃതരെ സമീപിച്ചിരുന്നു. മരം മുറിക്കാൻ അനുമതി നൽകിയെങ്കിലും മരം മുറിക്കാൻ തങ്ങൾക്കാവില്ലെന്ന നിലപാടാണ് അധികതർ സ്വീകരിച്ചത്. ഇതോടെ മരം മുറിക്കേണ്ട ഉത്തരവാദിത്വം സ്കൂൾ അധികൃതർക്കായി. 10000 രൂപയാണ് മുറിക്കാനുള്ള ചെലവ്. സ്കൂൾ പി.ടി.എയ്ക്ക് ഈ ചെലവ് വഹിക്കാനുള്ള ശേഷിയില്ലാത്തതിനാൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനെ സമീപിച്ചിരുന്നു.തുടർന്ന് സോണൽ ഓഫീസിലെ ഉദ്യോഗസ്ഥർ പലവട്ടം സ്കൂളിലെത്തി പരിശോധന നടത്തിയെങ്കിലും നടപടിയുണ്ടായില്ല.ശിവഗിരിതീർത്ഥാടനത്തോടനുബന്ധിച്ച് ചെമ്പഴന്തി ഗുരുകുലത്തിൽ ചേർന്ന അവലോകന യോഗത്തിൽ സ്വാമി ശുഭാംഗാനന്ദ മരംമുറിക്കാൻ ആവശ്യപ്പെട്ടിരുന്നു.
ഉണങ്ങി നിൽക്കുന്ന മരവും സ്കൂൾ വളപ്പിലെ നാല് മരങ്ങളുടെ ശിഖരങ്ങളും മുറിച്ചുമാറ്റാൻ വനംവകുപ്പിനെ സമീപിച്ചിരുന്നു.പരിശോധന നടത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ മരം മുറിക്കാൻ അടിയന്തരമായി അനുമതി നൽകി. എന്നാൽ ആവശ്യമായ പണം കണ്ടെത്താൻ കഴിയാത്തതിനാൽ നഗരസഭയെയും തുടർന്ന് കളക്ടറെയും സമീപിച്ചു.പക്ഷേ നടപടി നീളുകയായിരുന്നു. - ഗിരിജാദേവി , ഹെഡ്മിസ്ട്രസ്, ചെമ്പഴന്തി മണയ്ക്കൽ മോഡൽ ഗവ.എൽ.പി.എസ്
സ്കൂൾ അധികാരികൾ നൽകിയ അപേക്ഷയിൽ ഉടൻ അനുമതി നൽകിയതാണ്. സമയബന്ധിതമായി മരം മുറിച്ചുമാറ്റാൻ കഴിയാതിരുന്നത് സ്കൂളിന്റെയും നഗരസഭാ കൗൺസിലറുടെയും അനാസ്ഥയാണ്. ഇതിന് വനം വകുപ്പിന് പങ്കില്ല. - വീരേന്ദ്രകുമാർ (വനംവകുപ്പ് ഉദ്യോഗസ്ഥൻ)
വനംവകുപ്പിന്റെ അനുമതി ലഭിച്ചശേഷം സ്കൂൾ പി.ടി.എ ഇടപെട്ട് മരം മുറിച്ചു മാറ്റണമെന്നായിരുന്നു ധാരണ. എന്നാൽ പിന്നീട് അത് നടന്നില്ല. ഫണ്ട് അനുവദിക്കാൻ നഗരസഭയിൽ അപേക്ഷ നൽകിയിട്ടുണ്ട്.രണ്ട് ദിവസത്തിനുള്ളിൽ മരം മുറിച്ചുമാറ്റും. - കെ.എസ്.ഷീല (ചെമ്പഴന്തി വാർഡ് കൗൺസിലർ)
മരം മുറിക്കലിന് ആവശ്യമായ തുക അനുവദിക്കാൻ ധാരണയായിട്ടുണ്ട്.നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും വേഗം മരം മുറിച്ചുമാറ്റാൻ നഗരസഭാ ശ്രീകാര്യം സോണൽ ഓഫീസിലെ ഹെൽത്ത് ഇൻസ്പെക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.- എസ്.സുദർശനൻ (നഗരസഭാ വിദ്യാഭ്യാസ, കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ)
l മരം മുറിക്കുന്നതിന് വനം വകുപ്പ് അധികൃതരെ സമീപിച്ചിരുന്നു
l അധികൃതർ അനുമതി നൽകിയെങ്കിലും തുടർ നടപടി ഉണ്ടായില്ല
l സ്വന്തം ചെലവിൽ മരം മുറിക്കാൻ പി.ടി.എയ്ക്ക് സാമ്പത്തികമില്ല
l മരംമുറിക്കണമെന്ന ആവശ്യവുമായി നഗരസഭയെ സമീപിച്ചു
l ഉദ്യോഗസ്ഥർ പലവട്ടം പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല