തിരുവനന്തപുരം: ടിപ്പറുകളുടെ തലങ്ങും വിലങ്ങുമുള്ള മരണപ്പാച്ചിൽ കുമാരപുരത്തുകാരുടെ ഉറക്കം കെടുത്തുന്നു. സ്കൂൾ, അംഗൻവാടി, ആശുപത്രി തുടങ്ങിയവ പ്രവർത്തിക്കുന്ന ഇതുവഴി മൂന്നോളം ടിപ്പർ ലോറികളാണ് ലോഡുമായി നിരന്തരം കടന്ന് പോകുന്നത്. രാവിലെ അഞ്ചര മുതൽ രാത്രി ഒന്നര വരെ ഇത് തുടരും. ഇതുകാരണം നാട്ടുകാർക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. കുട്ടികളും വൃദ്ധരുമടക്കമുള്ളവർക്ക് പ്രഭാതസവാരിക്ക് പോലും ഇറങ്ങാനാകുന്നില്ലെന്നും പരാതിയുണ്ട്. കുമാരപുരം ജംഗ്ഷനിലെ ട്രാഫിക് സിഗ്നലും ചെക്കിംഗും ഒഴിവാക്കാനാണ് ടിപ്പറുകൾ ഇടുങ്ങിയ ശ്രീമൂലം റോഡിലൂടെ പുല്ലാർദേശത്തേക്ക് പായുന്നത്.
മുറിഞ്ഞപാലത്ത് നിന്ന് കുമാരപുരത്തേക്കുള്ള റോഡിൽ ബിവേറ ഹോട്ടലിന് സമീപത്തെ ശ്രീമൂലം റോഡിലൂടെയാണ് ടിപ്പറുകൾ പായുന്നത്. 35 വീടുകളുള്ള ഇതുവഴി അമിത വേഗതയിലുള്ള വാഹനങ്ങളുടെ യാത്ര നാട്ടുകാർക്ക് വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. ഒരാഴ്ചയായി രാവിലെ മുതൽ രാത്രിവരെ ഇടതടവില്ലാതെ ടിപ്പറുകൾ പായുകയാണെന്നാണ് പ്രദേശവാസികളുടെ പരാതി. വീതി കുറവായതിനാൽ റോഡിന്റെ ഇരുവശത്തു നിന്നും ഒരേസമയം വരുന്ന വാഹനങ്ങൾ കടന്നുപോകാനും ഏറെ ബുദ്ധിമുട്ടുകയാണ്. ശ്രീമൂലം റോഡിലൂടെ പോയാൽ സിഗ്നലിൽ കാത്ത് കിടക്കാതെ വേഗത്തിൽ കുമാരപുരം - കണ്ണമ്മൂല റോഡിലെത്താം. ഇത് ടിപ്പറുകൾക്കും മറ്റ് വലിയ വാഹനങ്ങൾക്കും ശ്രീമൂലം റോഡിലൂടെ യഥേഷ്ടം സഞ്ചരിക്കാൻ കാരണമാകുന്നു.
വീതികുറഞ്ഞ റോഡിലൂടെ വേഗത്തിലുള്ള ഈ പാച്ചിൽ അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നുണ്ടെന്ന് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. അരമണിക്കൂറിനിടയിൽ മൂന്നും നാലും തവണയാണ് ടിപ്പറുകൾ ശ്രീമൂലം റോഡിലൂടെ കടന്നുപോകുന്നത്. നിരവധി വിദ്യാർത്ഥികളും വഴിയാത്രക്കാരും ആശ്രയിക്കുന്ന റോഡിലൂടെയുള്ള ടിപ്പറുകളുടെ മരണപ്പാച്ചിലിനെതിരെ അധികൃതർക്ക് പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാർ.