
തിരുവനന്തപുരം: കേന്ദ്ര സർക്കാർ നടപ്പാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരേ സെക്രട്ടേറിയറ്റിന് മുന്നിൽ ഒറ്റയാൾ പ്രതിഷേധവുമായി എഴുത്തുകാരനും ആക്ടിവിസ്റ്റുമായ കമൽ സി നജ്മൽ. മഴവിൽ പ്രതിരോധമെന്ന കൂട്ടായ്മയുടെ ഭാഗമായാണ് കമൽ സി സെക്രട്ടേറിയറ്റിന് മുന്നിൽ 'എന്റെ പൗരത്വത്തിന്റെ തെളിവാണ് നിന്റെ കസേര"എന്ന ബാനറിന് കീഴിൽ രാവിലെ പത്ത് മുതൽ ചങ്ങലയിൽ കിടന്ന് പ്രതിഷേധിച്ചത്. ഉച്ചയോടെ കമൽ സിയെയും ഒപ്പമുണ്ടായിരുന്ന കമാൽ സിയുടെ മകൾ ഭൂമി, മഴവിൽ കൂട്ടായ്മ അംഗങ്ങളായ അബൂബക്കർ, ബിസ്മില്ല കടയ്ക്കൽ എന്നിവരെയും പൊലിസ് അറസ്റ്റ് ചെയ്തു. എനിക്ക് സ്വാതന്ത്ര്യം അല്ലെങ്കിൽ സ്വാതന്ത്ര്യമുള്ള ഭൂമിയിൽ ആറടി മണ്ണ്, റെഡി ടു ഡൈ നോട്ട് റെഡി ടു അക്സപ്റ്റ് എന്നീ മുദ്രാവാക്യങ്ങളെഴുതിയ പീഠത്തിന് മുകളിൽ കുരിശിൽ തൂക്കിലേറ്റപ്പെട്ട അവസ്ഥയിൽ തൂങ്ങിക്കിടന്നാണ് കമൽസി പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധമുയർത്തിയത്.