മഞ്ഞുകാലം പലതരം ആരോഗ്യപ്രശ്നങ്ങളുടേതു കൂടിയാണ്. ജലദോഷം, ചുമ, കഫക്കെട്ട്, ദഹനപ്രശ്നങ്ങൾ, എന്നിവയാണ് മഞ്ഞുകാലത്തുണ്ടാകുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങൾ. മഞ്ഞുകാലത്തെ ശാരീരിക അസ്വസ്ഥതകൾക്കുള്ള പ്രതിവിധിയാണ് ഇഞ്ചി.
ദഹനപ്രശ്നങ്ങൾ അകറ്റാനും തൊണ്ടവേദന, ചുമ, കഫക്കെട്ട് എന്നിവയെ പ്രതിരോധിക്കാനും ഇഞ്ചി സഹായിക്കും. ചുമ, പനി, ജലദോഷം, ഗ്യാസ്ട്രബിൾ, വയറുവേദന, ദഹനപ്രശ്നങ്ങൾ എന്നിവയുള്ളപ്പോൾ ചൂടുവെള്ളത്തിൽ ഇഞ്ചി ചതച്ചിട്ടോ ഇഞ്ചി ചേർത്ത് തിളപ്പിച്ച വെള്ളത്തിൽ നാരങ്ങാനീര് ചേർത്തോ കുടിക്കാം. വേഗം ശമനമുണ്ടാകും. ഇഞ്ചിച്ചായ, ഇഞ്ചി ചേർത്ത സൂപ്പ് എന്നിവയും പനിയെയും ജലദോഷത്തെയും പ്രതിരോധിക്കും.
ഇഞ്ചിനീര്, പനിക്കൂർക്ക നീര്, തേൻ എന്നിവ ചേർത്ത് കഴിക്കുന്നതും ജലദോഷത്തിന് ഔഷധമാണ്. തുളസിനീര്, ഇഞ്ചിനീര്, തേൻ എന്നിവ ചേർത്ത മിശ്രിതമാണ് ജലദോഷത്തിനും ചുമയ്ക്കുമുള്ള മറ്റൊരു ഔഷധം. ഇഞ്ചി അരിഞ്ഞതും നാരങ്ങാത്തോടും ചേർത്ത് തിളപ്പിച്ചെടുത്ത പാനീയം മഞ്ഞുകാല രോഗപ്രതിരോധത്തിന് മികച്ചതാണ്.