ചെന്നൈ: പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് സർവകലാശാലയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. 13 പെൺകുട്ടികൾ ഉൾപ്പെടെ 17 വിദ്യാർത്ഥികളെയാണ് അറസ്റ്റ് ചെയ്തത്. നിയമം പിൻവലിക്കും വരെ സമരമെന്നാണ് വിദ്യാർഥികളുടെ പ്രഖ്യാപനം. അതിനിടെയാണ് അറസ്റ്റ്.
അതേസമയം പൗരത്വനിയമഭേദഗതിക്കെതിരെ മദ്രാസ് സർവകലാശാലയിൽ ആരംഭിച്ച സമരം തമിഴ്നാട്ടിൽ പടരുകയാണ്. കോയമ്പത്തൂർ ഭാരതിയാർ സർവകലാശാലയിലും മദ്രാസ് ക്രിസ്ത്യൻ കോളേജ് അടക്കമുള്ള നഗരത്തിലെ കോളേജുകളിലും വിദ്യാർത്ഥികൾ സമരം തുടങ്ങി. നേരത്തെ മദ്രാസ് സർവകലാശാലയിൽ വിദ്യാർത്ഥികൾക്ക് പിന്തുണയുമായെത്തിയ മക്കൾ നീതി മയ്യം നേതാവ് കമൽഹാസനെ പൊലീസ് തടഞ്ഞിരുന്നു..