bike

കാട്ടൂർ: ഒരിടത്ത് നിന്ന് മോഷ്ടിച്ച ബൈക്ക് മറ്റൊരിടത്ത് വച്ച് അവിടെ നിന്ന് വേറെ ബൈക്ക് മോഷ്ടിച്ച് കറങ്ങി നടന്ന വിരുതൻ കാട്ടൂർ പൊലീസ് പിടിയിലായി. കിഴുപ്പുള്ളിക്കര തരുപീടികയിൽ സ്വദേശി സഫലിനെയാണ് (26) ഡിവൈ.എസ്.പി. ഫേമസ് വർഗ്ഗീസിന്റെ നിർദ്ദേശാനുസരണം കാട്ടൂർ എസ്.ഐ. വി.വി. വിമലും സംഘവും നടത്തിയ അന്വേഷണത്തിൽ കളമശ്ശേരിയിൽ നിന്നും പിടികൂടിയത്.

കാട്ടൂർ ലേബർ സെന്ററിനടുത്ത് വൈക്കത്തുവീട്ടിൽ രാജേന്ദ്രകുമാർ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വലപ്പാട് നിന്നും മോഷ്ടിച്ച ബൈക്കുമായി കോയമ്പത്തൂരിലെത്തി അവിടെ നിന്നും മോഷ്ടിച്ച ബൈക്കുമായി കാട്ടൂരിലെത്തി ലേബർ സെന്ററിനടുത്ത് താമസിക്കുന്ന രാജേന്ദ്രകുമാറിന്റെ ബൈക്ക് പ്രതി കവരുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബൈക്കുകൾ മാറിമാറി മോഷ്ടിച്ച് കറങ്ങി നടക്കുന്നതാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ ഷാജൻ, എ.എസ്.ഐ മാരായ സുകുമാർ, രാജു, എസ്.സി.പി.ഒ ഷാനവാസ്, സി.പി.ഒ നിഖിൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.