പാലക്കാട്: വാളയാറിൽ വീണ്ടും ബാല ലൈംഗിക പീഡനം. എട്ട് വയസുളള പെൺകുട്ടിയെയാണ് അയൽവാസിയായ മദ്ധ്യവയസ്കൻ പീഡിപ്പിച്ചത്. 55 വയസുള്ള സുബ്രമണ്യൻ എന്ന് പേരുള്ള ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലായിരുന്ന സുബ്രഹ്മണ്യനെ ഇന്ന് പുലർച്ചെ പൊലീസ് തമിഴ്‌നാട്ടിൽ നിന്നുമാണ് പിടികൂടിയത്. പൊലീസ് പിടികൂടുമെന്നായപ്പോൾ ആത്മഹത്യാ കുറിപ്പ് തയാറാക്കിയ ശേഷമാണ് ഇയാൾ ഒളിവിൽ പോയത്. തങ്ങളുടെ മകളെ ഇയാൾ പീഡിപ്പിച്ചു എന്ന പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതി ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്.
ഈ മാസം ഏഴാം തീയതിയാണ് കുറ്റകൃത്യം നടന്നതെന്നും മാതാപിതാക്കൾ പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സ്‌കൂളിലെ കൗൺസിലിംഗിനിടെയാണ് പെൺകുട്ടി താൻ ലൈംഗികമായി ഉപദ്രവിക്കപ്പെട്ട വിവരം ആദ്യമായി പുറത്ത് പറഞ്ഞത്. പോക്‌സോ നിയമപ്രകാരം സുബ്രമണ്യനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വാളയാറിൽ, ലൈംഗിക പീഡനത്തെ തുടർന്ന് പതിമൂന്നും ഒൻപതും വയസുള്ള പെൺകുട്ടികൾ മരണപ്പെട്ടതും, കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടതും അടുത്തിടെ വൻ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.