police-assault

ആലപ്പുഴ: പരീക്ഷാ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പി.എസ്.സി ഉദ്യോഗസ്ഥനെ വാഹനപരിശോധനയ്ക്കിടെ ഇടിച്ച് പല്ലു തെറിപ്പിച്ച പൊലീസ് ഡ്രൈവർക്ക് സസ്‌പെൻഷൻ.ആലപ്പുഴ എ.ആർ.ക്യാമ്പിലെ ഡ്രൈവർ സുധീഷിനെയാണ് പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി സസ്‌പെൻഡ് ചെയ്തത്.

കഴിഞ്ഞ 14നു വൈകിട്ട് ചേർത്തല പൂത്തോട്ടപ്പാലത്തിന് പടിഞ്ഞാറുവശം വളവിലെ വാഹന പരിശോധനയിൽ സുധീഷിനൊപ്പമുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ.ബാബു, പൂച്ചാക്കൽ സ്റ്റേഷനിലെ സി.പി.ഒ തോമസ് എന്നിവർക്കെതിരെ അന്വേഷണത്തിനും ഉത്തരവായി. തിരുവനന്തപുരം പി.എസ്.സി ഓഫീസിലെ ഉദ്യോഗസ്ഥൻ ചേർത്തല ഇല്ലിക്കൽ രമേഷ് എസ്. കമ്മത്താണ് (52) പരാതി നൽകിയത്.

എറണാകുളത്ത് പി.എസ്.സി പരീക്ഷാ ഡ്യൂട്ടി കഴിഞ്ഞു വരികയായിരുന്ന തന്നെ റോഡിലെ വളവിൽ ഇരുട്ടിൽ ബൈക്ക് തടഞ്ഞു നിർത്തി മർദ്ദിച്ചതായാണ് പരാതി. ബൈക്ക് നിർത്തിയപ്പോൾ, മദ്യപിച്ചിട്ടുണ്ടോ എന്ന് പൊലീസുകാർ ചോദിച്ചെന്നും, മദ്യപിച്ചിട്ടില്ലെന്നു മനസിലായതോടെ ആദ്യം വിട്ടയച്ചെന്നും രമേഷ് പറയുന്നുണ്ട്. എന്നാൽ രമേഷ് ബൈക്ക് അൽപ്പം മാറ്റി നിർത്തിയ ശേഷം, വളവിലും ഇരുട്ടിലും വാഹന പരിശോധന പാടില്ലെന്ന് ഡി.ജി.പിയുടെ സർക്കുലർ ഇല്ലേയെന്ന് ചോദിച്ചു. പൊലീസ് വാഹനത്തിന്റെ ഫോട്ടോ എടുക്കാൻ ശ്രമിക്കുകയും ചെയ്തു.

ഇത് ഇഷ്ടപ്പെടാതിരുന്നതിനെ തുടർന്ന് തന്നെ പൊലീസ് വാഹനത്തിലേക്കു കയറ്റാൻ ശ്രമിക്കുകയും തലയ്ക്കും കണ്ണിനും ഇടിച്ചു പരിക്കേൽപ്പിക്കുകയും മർദ്ദനത്തിനിടെ പല്ല് നഷ്ടപ്പെട്ടെന്നും രമേഷ് പരാതിപ്പെടുന്നു. ജോലിക്കു തടസം സൃഷ്ടിച്ചെന്ന കുറ്റം ചുമത്തി രമേഷിനെതിരെ പൊലീസ് കേസെടുത്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. പൊലീസിനെതിരേ പരാതിപ്പെടാൻ ഭയന്നിരിക്കുമ്പോൾ പി.എസ്.സി. ചെയർമാൻ എം.കെ.സക്കീർ ഇടപെട്ടാണ് ഡി.ജി.പി.ക്ക് പരാതി നൽകിയതെന്നും രമേഷ് എസ്.കമ്മത്ത് പറയുന്നു.