തിരുവനന്തപുരം: ആഡംബര കാറിൽ പൊലീസിന്റെ അശ്വാരൂഢ സേനയിലെ കുതിര തൊഴിച്ചതായി ഡി.ജി.പിക്കും മുഖ്യമന്ത്റിക്കും പരാതി. കവടിയാർ പാലസ് ഗാർഡൻ ഐ.വി വില്ലയിൽ ടിനു ഐ.വി. ജേക്കബിന്റെ കാറാണ് നശിപ്പിച്ചത്. കാറിനെ തൊഴിച്ചിട്ടു പോയ കുതിരയ്‌ക്കെതിരെ മുഖ്യമന്ത്റിക്കും ഡി.ജി.പിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി കാത്തിരിക്കുകയാണ് ടിനുവിന്റെ കുടുംബം. 'നഷ്ടപരിഹാരം ആവശ്യമില്ല, ഇനി ഒരാൾക്കും ഇങ്ങനെ സംഭവിക്കരുത്. ബൈക്ക് യാത്രക്കാരോ കാൽനട യാത്രക്കാരോ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ?'– ടിനു ചോദിക്കുന്നു.
വഴുതക്കാട് ജംഗ്ഷനിൽ കുറച്ച് ദിവസം മുൻപ് പുലർച്ചെയായിരുന്നു സംഭവം. കാറിനു സമാന്തരമായി ഓടിയ കുതിര തിരിഞ്ഞുവന്ന് കാറിൽ ശക്തിയായി തൊഴിക്കുകയായിരുന്നു. ടിനുവിന്റെ പിതാവാണ് വാഹനം ഓടിച്ചിരുന്നത്. കുതിരയുടെ ചവിട്ടിൽ പുതിയ കാറിന്റെ ബോഡി ചളുങ്ങി. കുതിരപ്പൊലീസ് നിറുത്താതെ പോയി. അന്നുതന്നെ ടിനു മുഖ്യമന്ത്റിക്കും ഡി.ജി.പിക്കും കാറിന്റെ ചിത്രം സഹിതം പരാതി നൽകിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്റിയുടെ ഓഫീസ് നിർദ്ദേശിച്ചിട്ടുണ്ട്. നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിൽ കൂടി രാവിലെ ഏഴര സമയത്തുപോലും കുതിരയുമായി പൊലീസ് റോന്തു ചുറ്റാറുണ്ട്. കാറിന്റെ ബോഡിയിൽ നാലടി ഉയരത്തിലാണു കുതിര ചവിട്ടിയത്. നടന്നു പോകുന്നവരെയാണു ചവിട്ടിയതെങ്കിൽ ആളപായം പോലും ഉണ്ടായേക്കാമെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു. പരാതി പരിശോധിച്ചു നടപടിയെടുക്കുമെന്ന നിലപാടിലാണ് പൊലീസ്.