കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയെ എഫ്.സി.സി മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി കോടതി താല്‍ക്കാലികമായി മരവിപ്പിച്ചു. മാനന്തവാടി മുന്‍സിഫ് കോടതിയാണ് നടപടി മരവിപ്പിച്ചത്. കേസ് ജനുവരി ഒന്നിന് കോടതി വീണ്ടും പരിഗണിക്കും. 'ജസ്റ്റിസ് ഫോര്‍ ലൂസി' എന്ന കൂട്ടായ്മയാണ് ലൂസിക്കെതിരേയുള്ള നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി മുന്‍സിഫ് കോടതിയെ സമീപിച്ചത്.
മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും സഭയുടെ നിയമങ്ങള്‍ പാലിക്കാത്ത വിധമുള്ള ജീവിത ശൈലി തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ സിസ്റ്റര്‍ ലൂസിയെ എഫ്.സി.സി സന്യാസ മഠം പുറത്താക്കിയത്. ഈ നടപടിയില്‍ ലൂസി വത്തിക്കാനടക്കം അപ്പീല്‍ നല്‍കിയിരുന്നെങ്കിലും ഇതെല്ലാം തള്ളുകയായിരുന്നു. ഇതിന് ശേഷമാണ് ജസ്റ്റിസ് ഫോര്‍ ലൂസി കൂട്ടായ്മ കോടതിയെ സമീപിച്ചത്.
തനിക്കെതിരായ നടപടിക്കെതിരെ സിസ്റ്റര്‍ ലൂസിയും കോടതിയെ സമീപിച്ചിരുന്നു. സഭയുടെ നടപടിക്കെതിരെ നേരിട്ട് റോമിലെത്തി വിശദീകരണം നല്‍കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മാര്‍പാപ്പയ്ക്ക് സിസ്റ്റര്‍ ലൂസി കത്തയച്ചിരുന്നു. തന്നെ പുറത്താക്കിയ സഭാ നടപടിക്കെതിരെ നല്‍കിയ അപ്പീല്‍ വത്തിക്കാന്‍ തള്ളിയ സാഹചര്യത്തിലായിരുന്നു മാര്‍പാപ്പയ്ക്ക് കത്തയച്ചത്.