kaumudy-news-headlines

1. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികളും, ഇടത് പാര്‍ട്ടികളും തലസ്ഥാനത്ത് നടത്താന്‍ ഇരുന്ന പ്രതിഷേധ മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചു. അനുമതി ഇല്ലെങ്കിലും മാര്‍ച്ച് നടത്താന്‍ ആണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. സംഘര്‍ഷ സാധ്യത കണക്കില്‍ എടുത്ത് ചെങ്കോട്ടയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാര്‍ച്ചിന് എത്തുന്ന വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. ഡല്‍ഹിയിലെ 4 മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ഡല്‍ഹിക്ക് പുറമേ ഗുജറാത്ത്, ചെന്നൈ നഗരങ്ങളിലെ റാലികള്‍ക്കും സംസ്ഥാന പൊലീസ് അനുമതി നിഷേധിച്ചിട്ട് ഉണ്ട്. പ്രതിഷേധം അക്രമാസക്തം ആകുമെന്ന മുന്നറിയിപ്പില്‍ ഉത്തര്‍പ്രദേശിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൗരത്വ നിയമ ഭേദഗതിക്ക് എതിരേയുള്ള പ്രതിഷേധങ്ങളില്‍ പങ്കെടുക്കരുത് എന്ന്

പൊലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ട് ഉണ്ട്.


2 സിസ്റ്റര്‍ ലൂസി കളപ്പുരയെ എഫ്.സി.സി മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി മാനന്തവാടി മുന്‍സിഫ് കോടതി താത്കാലികം ആയി മരവിപ്പിച്ചു. എഫ്.സി.സി സന്യാസി സമൂഹത്തില്‍ നിന്ന് ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി തടയണം എന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ ലൂസി എന്ന കൂട്ടായ്മ നല്‍കിയ ഹര്‍ജിയില്‍ ആണ് നടപടി. കേസ് ജനുവരി ഒന്നിന് കോടതി വീണ്ടും പരിഗണിക്കും. സഭയുടെ നിയമങ്ങള്‍ക്ക് അനുസരിച്ചുള്ള ജീവിത ശൈലിയല്ല സിസ്റ്റര്‍ ലൂസി കളപ്പുരയുടേത് എന്ന് ആരോപിച്ച് ആണ് എഫ്.സി.സി സന്യാസി സമൂഹം കന്യാസ്ത്രീയെ പുറത്താക്കിയത്. ഇതിന് എതിരെ ലൂസി കളപ്പുര വത്തിക്കാനെ സമീപിച്ച് എങ്കിലും ഫലമുണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ഫോര്‍ ലൂസി എന്ന കൂട്ടായ്മ കോടതിയെ സമീപിച്ചത്.
3 ചേര്‍ത്തലയില്‍ ചട്ടവിരുദ്ധമായി വാഹന പരിശോധന നടത്തിയ പൊലീസ് നടപടി ചോദ്യം ചെയ്ത പി.എസ്.സി ഉദ്യോഗസ്ഥന്റെ പല്ല് പൊലീസ് അടിച്ചു കൊഴിച്ചു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് സംഭവം ഉണ്ടായത്. ചേര്‍ത്തല സ്വദേശി രമേശ് എസ്.കമ്മത്തിനാണ് ക്രൂരമായി പരിക്കേറ്റത്. റോഡിന്റെ വളവില്‍ പൊലീസ് ചെക്കിംഗ് ഉണ്ടായിരുന്നു. ഇത്തരത്തില്‍ വളവില്‍ പരിശോധന പാടില്ല എന്ന് ഡി.ജി.പിയുടെ സര്‍ക്കുലര്‍ ഉണ്ടല്ലോ എന്നും ഇത് അപകടകരം അല്ലേ എന്നും ചോദിച്ചത് ആണ് പൊലീസ് ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചത്.
4 രമേശന്‍ മദ്യപിച്ചിട്ട് ഉണ്ടോ എന്ന് പൊലീസുകാരന്‍ ചോദിക്കുകയും ഇല്ലെന്ന് മറുപടി നല്‍കിയിട്ട് കൂടി രമേശനെ ബലമായി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി മര്‍ദ്ദിച്ചു എന്നാണ് പരാതി. പി.എസ്.സി ഉദ്യോഗസ്ഥനായ രമേശന്‍ അടുത്ത ദിവസം ഓഫീസില്‍ തിരിച്ചെത്തിയ ശേഷം ആണ് ഡി.ജി.പി.ക്ക് പരാതി നല്‍കിയത്. രമേശന്റെ പല്ല് പോയിട്ടില്ലെന്നും എസ്.പിഅവകാശപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് സിവില്‍ പൊലീസ് ഓഫീസര്‍ സുദീഷിനെ സസ്‌പെന്‍ഡ് ചെയ്തു എന്നും എസ്.പി പറഞ്ഞു.
5കൊച്ചിയിലെ റോഡുകളുടെ നിലവാരം സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് അമിക്കസ് ക്യൂറി ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. പല റോഡുകളുടെയും അവസ്ഥ മോശമെന്ന് അമിക്കസ് ക്യൂറി. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്തെ കുഴിയില്‍ വീണ് കൂനമ്മാവ് സ്വദേശി യദുലാല്‍ മരിക്കാന്‍ ഇടയായ സംഭവത്തെ തുടര്‍ന്നാണ് റോഡുകളുടെ അവസ്ഥ പരിശോധിക്കാന്‍ ഹൈക്കോടതി മൂന്ന് അഭിഭാഷകരെ അമിക്കസ് ക്യൂറിയായി നിയമിച്ചത്. അഭിഭാഷകര്‍ നഗരത്തിലെ വിവിധ റോഡുകള്‍ നേരിട്ട് സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി. നഗരത്തിലെ നിരവധി റോഡുകളില്‍ അപകട കുഴികളുണ്ട് എന്നാണ് പ്രാഥമിക കണ്ടെത്തല്‍.
6 റോഡുകളിലെ കുഴികളുടെ ഫോട്ടോകള്‍ സഹിതം അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കും. റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാനായി അടുത്ത ഘട്ടത്തില്‍ എഞ്ചിനിയര്‍മാരുടെ സഹായം തേടുമെന്നും അമിക്കസ് ക്യൂറി അറിയിച്ചു. ഹൈക്കോടതി കേസ് നാളെ പരിഗണിക്കും. അതേസമയം, കൊച്ചി നഗരത്തില്‍ അറ്റകുറ്റപണി നടക്കുന്ന റോഡില്‍ വീണ്ടും കളക്ടറുടെ മിന്നല്‍ പരിശോധന. ഇടപ്പള്ളി പൂക്കാട്ടുപടി റോഡിലെ പരിത്തിവേലി പാലം വളവിലാണ് കളക്ടര്‍ രാത്രിയില്‍ പരിശോധന നടത്തിയത്. ഈ മാസം തന്നെ നഗരത്തിലെ റോഡുകളുടെ അറ്റകുറ്റ പണികള്‍ പൂര്‍ത്തി ആക്കുമെന്ന് കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. യദുലാലിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുക ആണെന്നും. തിങ്കളാഴ്ചയോടെ മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും എന്നും കളക്ടര്‍ പറഞ്ഞു.
7 അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു. 195ന് എതിരെ 228 വോട്ടിനാണ് ജനപ്രതിനിധി സഭയില്‍ ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്. അധികാര ദുര്‍വിനിയോഗം, യു.എസ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ട്രംപിന് എതിരെ ചുമത്തിയത്. അധികാര ദുര്‍വിനിയോഗം 197ന് എതിരെ 230 വോട്ടിന് പാസായി.
8 ട്രംപിന് എതിരെ പാസാക്കിയ പ്രമേയം സെനറ്റില്‍ ചര്‍ച്ച ചെയ്ത ശേഷമേ ശിക്ഷ വിധിക്കാനാകൂ. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ 100 സെനറ്റര്‍മാര്‍ അടങ്ങിയ ജൂറി വിചാരണ നടത്തും. അഞ്ച് വിചാരണയ്ക്ക് ശേഷം മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം അംഗീകരിച്ചാല്‍ ശിക്ഷ വിധിക്കാം. സെനറ്റിലും കുറ്റവിചാരണ പ്രമേയം പാസായാല്‍ ട്രംപ് പുറത്താവും. പക്ഷേ സെനറ്റില്‍ ട്രംപിന്റെ റിപബ്ലിക്കാന്‍ പാര്‍ട്ടിക്കാന്‍ ഭൂരിപക്ഷം, അതിനാല്‍ തന്നെ പ്രമേയം പാസാവാനുള്ള സാധ്യത കുറവാണ്.