dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രധാന തെളിവുകളായ വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കുന്നതിനായി ദിലീപ് വിചാരണ കോടതിയിലെത്തി. അഭിഭാഷകനോടും സാങ്കേതിക വിദഗ്ദ്ധനോടൊപ്പമാണ് നടനെത്തിയത്. അടച്ചിട്ട കോടതി മുറിയിലിൽ ലാപ്ടോപ്പിലാണ് ദൃശ്യങ്ങൾ പ്രദർശിപ്പിക്കുക. മുറിയിൽ നിന്ന് എല്ലാവരെയും പുറത്തിറക്കിയിരിക്കുകയാണ്. പ്രതികളും അഭിഭാഷകരും, ദിലീപിന്റെയും പ്രോസിക്യൂഷന്റെയും വിദഗ്ദ്ധരും അന്വേഷണ ഉദ്യോഗസ്ഥനും കോടതിയിൽ എത്തിയിരുന്നു. ദീലീപ് ഉച്ചയ്ക്കു ശേഷമാണ് കോടതിയിലെത്തിയത്. അഡി. സെഷൻസ് കോടതിയുടെ മേൽനോട്ടത്തിലാണ് ദൃശ്യങ്ങൾ കാണാൻ അവസരം ഒരുക്കിയിരിക്കുന്നത്.

വീഡിയോ ദൃശ്യങ്ങൾ ഒറ്റയ്ക്കു കാണണമെന്ന ദിലീപിന്റെ അപേക്ഷ കഴിഞ്ഞ ദിവസം കോടതി നിരസിച്ചിരുന്നെങ്കിലും ഇന്ന് ആദ്യവട്ട പരിശോധനയ്ക്കുശേഷം ആവശ്യം പരിഗണിക്കാമെന്ന നിലപാടാണ് കോടതി സ്വീകരിച്ചിരിക്കുന്നത്. ദൃശ്യങ്ങൾ പ്രതിയായ ദിലീപിനോ, അഭിഭാഷകനോ, ചുമതലപ്പെടുത്തുന്ന സാങ്കേതിക വിദ​ഗ്ദ്ധനോ കാണാമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദൃശ്യം പരിശോധിക്കാൻ നിയോ​ഗിച്ച സാങ്കേതിക വിദ​ഗ്ദ്ധന്റെ വിവരങ്ങൾ ദിലീപ് കോടതിക്ക് കൈമാറിയിരുന്നു. ജഡ്ജിക്കൊപ്പം ഇരുന്നാകും പ്രതികളും അഭിഭാഷകരും ദൃശ്യങ്ങൾ പരിശോധിക്കുക. കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങൾ കൂട്ടുപ്രതികള്‍ക്കൊപ്പം കാണാൻ കോടതി നേരത്തെ ദിലീപിന് അനുവാദം നൽകിയിരുന്നു. എന്നാൽ കൂട്ടുപ്രതികൾക്കൊപ്പം കാണേണ്ടെന്നും, ഒറ്റയ്ക്ക് കാണാൻ അനുവദിക്കണമെന്നുമാണ് ദിലീപ് ആവശ്യപ്പെട്ടത്. ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്ന ദിലീപിന്റെ ആവശ്യം നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു.