തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച ചരിത്രകാരൻ രാമചന്ദ്ര ഗുഹയെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധമറിയിച്ച് ഗായിക സിത്താര കൃഷ്ണകുമാർ രംഗത്തെത്തി. “അടുത്തത് നിങ്ങളുടെ ഊഴത്തിനായി കാത്തിരിക്കൂ” എന്നാണ് അറസ്റ്റ് സംബന്ധിച്ച വാർത്ത പങ്കുവച്ചുകൊണ്ട് താരം ഫേസ്ബുക്കിൽ കുറിച്ചത്. സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ പൗരത്വ നിയമം സംബന്ധിച്ച വാർത്തകളും തന്റെ വിയോജിപ്പുകളും നേരത്തേയും സിത്താര പങ്കുവച്ചിരുന്നു.
ബംഗളൂരു ടൗൺ ഹാളിനു മുന്നിൽ വിദ്യാർത്ഥികൾക്കൊപ്പം പ്രതിഷേധിക്കാൻ എത്തിയപ്പോഴാണ് രാമചന്ദ്ര ഗുഹയെ പൊലീസ് അറസ്റ്റ് ചെയ്തത്. മാദ്ധ്യമങ്ങളുമായി സംസാരിച്ചു നിൽക്കെയാണ് പൊലീസ് തന്നെ ബലം പ്രയോഗിച്ചു നീക്കിയതെന്ന് ഗുഹ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ വിവേചനപരമായ നിലപാടിനെതിരെയാണ് സമാധാനപരമായി പ്രതിഷേധിക്കുന്നത്. എന്തെങ്കിലും അക്രമത്തിന്റെ സൂചനയെങ്കിലും ഇവിടെയുണ്ടോ എന്നു ചോദിച്ചു തീരുന്നതിനു മുൻപേ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു നീക്കിയതായി ദൃക്സാക്ഷികൾ പറഞ്ഞു. ഗുഹയ്ക്കൊപ്പം പത്തിലധികം വിദ്യാർത്ഥികളേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ജാമിയ മിലിയ പൊലീസ് കടന്നുകയറ്റത്തിനു പിന്നാലെ, ഞായറാഴ്ച രാത്രി തന്നെ രാമചന്ദ്രഗുഹ വിദ്യാർത്ഥികൾക്കൊപ്പം ടൗൺ ഹാളിനു മുന്നിൽ പ്രതിഷേധ രംഗത്ത് സജീവമായിരുന്നു.