rape

ഹൈദരാബാദ്: തെലങ്കാനയിലെ വെറ്റിനറി ഡോക്ടറെ കൂട്ടം ചേർന്ന് പീഡിപ്പിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തിയ പ്രതികളെ ആഴ്ചകൾക്ക് മുൻപാണ് ഏറ്റുമുട്ടലിലൂടെ തെലങ്കാന പൊലീസ് വകവരുത്തിയത്. ഇതിനെത്തുടർന്ന് പൊലീസിനെ പ്രശംസിച്ചുകൊണ്ട് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ജനങ്ങൾ സോഷ്യൽ മീഡിയ വഴിയും മറ്റും രംഗത്തെത്തിയിരുന്നു. എന്നാൽ ഇവർ മുൻപും നിരവധി സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതായി ഇവർ സമ്മതിച്ചിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് തെലങ്കാന പൊലീസ് ഇപ്പോൾ.

ഒൻപത് സ്ത്രീകളെ പീഡിപ്പിച്ച ശേഷം ഇവർ കൊലപ്പെടുത്തിയിരുന്നു എന്ന വിവരമാണ് തെലങ്കാന പൊലീസ് പുറത്ത് വിട്ടത്. പ്രതികളിൽ ചെന്നകേശവലു, മുഹമ്മദ് ആരിഫ് എന്നിവരാണ് പോലീസിനോട് ഇക്കാര്യം സമ്മതിച്ചത്. ഇതിൽ മൂന്നു കൊലപാതങ്ങൾ തെലങ്കാനയിലും നാല് കൊലപാതകങ്ങൾ കർണാടകയിൽ വച്ചുമാണ് ഇവർ നടത്തിയത്. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതികൾ പൊലീസ്‌ പിടിയിലായ ശേഷം സമാനമായ 15 കേസുകളിൽ ഇവരെ ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് ഇവർ നടത്തിയ കൊലപാതക പരമ്പരയുടെ ക്രൂരകഥകൾ പുറത്ത് വരുന്നത്.

ഹൈദരാബാദിൽ നിന്നും കർണാടകയിലേക്കും തിരിച്ചും ലോറിയിൽ പോകവെയാണ് വഴിയിൽ വച്ച് സ്ത്രീകളെ ഇവർ പീഡിപ്പിക്കുന്നതും ശേഷം കൊലപ്പെടുത്തി ഉപേക്ഷിക്കുന്നതും. ഇങ്ങനെയുള്ള ഇവരുടെ ഒരു യാത്രയ്ക്കിടയിലാണ് ഹൈദരാബാദിലെ ഷംഷാബാദിലെ വനിതാ വെറ്റിനറി ഇവരുടെ കൈയിൽ അകപ്പെടുന്നത്. നവംബർ 27നാണ് ഇവർ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. ചിന്താകുണ്ഠ ചെന്നകേശവലു, ജൊല്ലു ശിവ, മുഹമ്മദ് ആരിഫ് ജൊല്ലു നവീൻ എന്നീ പ്രതികൾ തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് തെലങ്കാന പൊലീസ് അവരെ വെടിവച്ച് കൊലപ്പെടുത്തിയത്.