food


മണ്ണടി പുതിയകാവ് ദേവീക്ഷേത്രത്തിനരികിലൂടെ മണ്ണടി എൽ.പി.എസ് എന്ന എന്റെ ആദ്യവിദ്യാലയത്തിനു മുമ്പിലെത്തുമ്പോൾ, വഴിയിലാരുമില്ലെങ്കിൽ ഇരു കണ്ണുകളുമടച്ച് മൂക്കുവിടർത്തി ശ്വാസമെടുത്ത് ഒരു നിമിഷം നിൽക്കാറുണ്ട്; രസനകളെയെല്ലാം ലാലാരസസാഗരത്തിൽ കുളിർപ്പിച്ച സമ്മോഹനമായ ആ രുചി ഗന്ധം എവിടെനിന്നെങ്കിലും വരുന്നുണ്ടോ? ഇല്ല ...

ഒടുവിൽ നാല്പതുവർഷം മുമ്പത്തെ ഓർമ്മകളുടെ ബാഷ്പത്തിൽ ആ മണം ആത്മാവുകൊണ്ട് നുകർന്ന് കടന്നുപോകും..

എത് ഫൈവ് സ്റ്റാർ വിഭവത്തിനു നൽകാനാവും നാവിൽ ആ രുചിയുടെ പ്രളയോന്മാദം?

പറഞ്ഞു വരുന്നത് 1965 80 കാലഘട്ടത്തിൽ കേരളത്തിലെ എൽ.പി സ്‌കൂളുകളിൽ വിളമ്പിയ ഉപ്പുമാവിനെക്കുറിച്ചാണ്.

അതിനു മുമ്പേ കഞ്ഞി, ചോളപ്പൊടി മുതലായ ഉച്ചഭക്ഷണ ക്രമീകരണങ്ങൾ സ്‌കൂളുകളിൽ ഉണ്ടായിരുന്നു. സാർവത്രികവും സൗജന്യവുമായ പ്രൈമറി വിദ്യാഭ്യാസം തിരുവിതാംകൂറിൽ ആരംഭിച്ചത് റാണി ഗൗരിലക്ഷ്മി ഭായിയുടെ റീജൻസിക്കാലത്തായിരുന്നു. സൗജന്യ ഉച്ചഭക്ഷണവും അന്നേ വിഭാവനം ചെയ്തിരുന്നുവെങ്കിലും പല കാരണങ്ങളാലും അതു മുടങ്ങിപ്പോയി.

സ്വാതന്ത്ര്യാനന്തരം ഇന്ത്യ, സോവിയറ്റ് ചായ്വുള്ള നെഹ്രൂവിയൻ 'ചേരിചേരാനയം' പിന്തുടർന്നപ്പോഴും ആ പിണക്കമൊന്നും കാണിക്കാതെ അമേരിക്ക അവരുടെ കെയർ എന്ന പ്രോഗ്രാമിൽ ഉൾപ്പെടുത്തി ഇൻഡ്യൻ സ്‌കൂളുകൾക്കും ഉദാരമായി ആ സഹായം നൽകി. ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചത് കേരളമാണ്. പട്ടിണിയിലായിരുന്ന ആ കാലഘട്ടത്തിലെ കുട്ടികളെ സ്‌കൂളുകളിൽ വിടാൻ മാതാപിതാക്കളെ പ്രേരിപ്പിച്ചത് ഈ ആകർഷണമായിരുന്നു. നമ്മുടെ നൂറു ശതമാനം സാക്ഷരതയും തദ്വാരാ ഉണ്ടായ ആരോഗ്യസാമൂഹിക നേട്ടങ്ങൾക്കും ഒരു പരിധി വരെ ഈ അമേരിക്കൻ ഉപ്പുമാവ് കാരണക്കാരനായിരിക്കാം. അമേരിക്കൻ ഉപ്പുമാവിൽനിന്നും ഊർജംകൊണ്ട് നാം പിന്നീട് അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരേ ഘോര ഘോരം പ്രസംഗിച്ചു!

ഉപ്പുമാവിലേക്കു വരാം. തമിഴർ പോറ്റി ഹോട്ടലിൽ കൊടുക്കുന്ന ഉപ്പുമാവല്ല ഇത്. അത് റവ കൊണ്ടുണ്ടാക്കുന്നതാണ്. നമ്മുടെ ഉപ്പുമാവാകട്ടെ, അമേരിക്കക്കാർ നൽകുന്ന നുറുക്ക് ഗോതമ്പു കൊണ്ടുണ്ടാക്കുന്നതും. മില്ലുകളിൽ നുറുക്കി നൈലോൺ ചാക്കുകളിൽ ഭംഗിയായി പായ്ക്കു ചെയ്തു വരുന്ന ഒരു ഉൽപ്പന്നം. പാചക എണ്ണയും അവർ തന്നെ തരും. അതാകട്ടെ അഞ്ചു ലിറ്ററിന്റെ ടിന്നിൽ. ടിന്നിനോടു ചേർന്നിരിക്കുന്ന ചുവന്ന പ്ലാസ്റ്റിക് അടപ്പിന്റെ വള്ളികളിൽ പിടിച്ചു വലിച്ചാൽ ഒരിഞ്ചു നീളത്തിലുള്ള ഒരു കുഴൽ ഉയർന്നു വരും. അതിൽ നിന്നു വേണം എണ്ണയെടുക്കാൻ. നമ്മൾ അതുവരെ ഉപയോഗിച്ചിരുന്ന ഏക ഭക്ഷ്യഎണ്ണ വെളിച്ചെണ്ണയായിരുന്നു. ഇത് സ്വർണ നിറത്തിൽ ഗന്ധമേതുമില്ലാത്ത റിഫൈൻഡ് സൂര്യകാന്തി എണ്ണയും.

ഗോതമ്പു ചാക്കു പൊട്ടിക്കുന്നതും കാണേണ്ട കാഴ്ചയായിരുന്നു, അക്കാലത്ത്. ചാക്കിന്റെ മുകളിൽ ഇരു വശത്തുമായി ഒരിഞ്ചു നീളത്തിത്തിൽ ചുറ്റിപ്പിണഞ്ഞ് രണ്ടു മൂന്നു നൂലുകൾ കിടക്കും. 'ശിവാജി' എന്ന മാന്ത്രികൻ കാലാകാലങ്ങളായി സൂക്ഷിക്കുന്ന തുരുമ്പുപിടിച്ച ബ്ലേഡ് ഉപയോഗിച്ച് അതിൽ ഏതോ ഒരു സൂക്ഷ്മ നൂൽ തെരഞ്ഞെടുക്കും. തമിഴ് സിനിമയുടെ ക്ലൈമാക്സിൽ പൊട്ടാറായ ടൈംബോംബ് ഡിഫ്യൂസ് ചെയ്യാൻ രജനീകാന്ത്, വെള്ള/ ചുമപ്പ് / നീല വയറുകളിലൊന്ന് തിരഞ്ഞെടുക്കുന്ന ആ തന്ത്രമുണ്ടല്ലോ;ഏതാണ്ട് അതുപോലെ. നൂൽ തെറ്റിപ്പോയാൽ തീർന്നു. പിന്നെ ഉടയതമ്പുരാൻ വിചാരിച്ചാൽപ്പോലും തുറന്നെടുക്കാൻ പറ്റത്തില്ല. അറത്തു കീറേണ്ടിവരും. ശിവാജി ആ നൂൽ പിടിച്ച് ഒറ്റവലി. ശർർർർ.... അത്ഭുതം ഒരു തുള്ളിച്ചോര പോലും പൊടിയാത്ത ഒരോപ്പറേഷൻ!

ശിവാജി അവധിയാകുന്ന ദിവസങ്ങളിൽ സാറുമ്മാർ ആവുന്ന പണി അമ്പത്താറു നോക്കിയാലും ചാക്കു തുറന്നു വരില്ല. ശിവാജിയാകട്ടെ ആ മാന്ത്രികവിദ്യ ആർക്കു മൊട്ടു പറഞ്ഞു കൊടുത്തിട്ടുമില്ല. കാലാകാലങ്ങളിൽ വരുന്ന ശിവാജിമാർ അടുത്ത ശിവാജിമാർക്ക് അന്യൂനം ഈ ഗൂഢമന്ത്രം പറഞ്ഞു കൊടുത്ത് കല്ലടയാറ്റിൽഭഗവതിമഠം കടവിലെ കയത്തിൽ ചാടി ആത്മാഹുതി ചെയ്ത് തന്റെ അവതാരലക്ഷ്യം നിറവേറ്റുമായിരുന്നു!

അക്കാലത്ത് എല്ലാ എൽപി സ്‌കൂളുകളിലും ഓരോ ശിവാജിയുണ്ടായിരുന്നു. എഡ്മാസ്റ്ററേക്കാളും ഞങ്ങൾ ബഹുമാനിച്ചിരുന്നത് ശിവാജിയേയായിരുന്നു. അച്ഛന്റെ പ്രായമുണ്ടെങ്കിലും അദ്ദേഹത്തെ ശിവാജിയെന്ന പേരു വിളിക്കാൻ ഞങ്ങൾക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു.

വളരെക്കാലത്തിനു ശേഷമാണ് ശിവാജിയെന്നത് അദ്ദേഹത്തിന്റെ അച്ഛനിട്ടപേരല്ലെന്നും; രാമകൃഷ്ണപിള്ളയെന്ന കടുക്കനിട്ട ആ കുളക്കടക്കാരൻ സ്‌കൂളിലെ ശിപായിയാണെന്നും മനസ്സിലാകുന്നത്.

മണ്ണടി എൽപിഎസ് പോലെ അക്കാലത്ത് എല്ലാ പ്രൈമറി സ്‌കൂളുകൾക്കും ഒരേ രൂപവും ഭാവവുമായിരുന്നു. ഒന്നുമുതൽ നാലുവരെ ക്ലാസ്സുകൾക്കായി ഒറ്റ ഹാൾ. തടി സ്‌ക്രീനുകൾകൊണ്ട് വേർതിരിച്ചെങ്കിലായി; ഇല്ലെങ്കിലായി. ഏതായാലും എഡ്മാസ്റ്റർ ഇരിക്കുന്ന ആപ്പീസ് മുറിക്കുമാത്രം ഒരു മറവുണ്ട്. ഹാളിന്റെ മറ്റേയറ്റത്തും അതേപോലെ ഒരു സ്‌ക്രീൻ വച്ചുമറച്ചിരിക്കും. സ്‌കൂളിനോടുചേർന്നു വെളിയിലായി കഞ്ഞിപ്പുര; കിണർ.. അതോടെതീർന്നു. കക്കൂസോ മൂത്രപ്പുരയോ ഇല്ല. 'വെളിക്കുവിടുമ്പോൾ' ആൺകുട്ടികൾ നിരന്നുനിന്ന് നിന്ന് പെടുത്തുപോന്നു. മംഗലത്ത് ആശാന്റെ അയ്യത്തെ ഓരോ തെങ്ങും ഓരോ യൂറിനൽ പോയിന്റ് ആയിരുന്നു.

സ്‌ക്രീനിന്റെ അപ്പുറത്താണ് ഗോതമ്പുചാക്കുകൾ അടുക്കിവച്ചിരിക്കുന്നത്. സ്‌ക്രീനിന്റെ തൊട്ടിപ്പുറത്തെത് മിക്കവാറും നാലാം ക്ലാസ്സാകും. പിന്നിട്ട ക്ലാസ്സുകളിലെല്ലാം മൂന്നും നാലും കൊല്ലം മനസ്സിരുത്തി പഠിച്ചിട്ടുവന്നു പുരനിറഞ്ഞുനിൽക്കുന്ന ചില 'കിടയമൂപ്പന്മാരാവും' സ്‌ക്രീനിൽ ചാരിയിരിക്കുന്നത്. അവിടമൊരു പ്രത്യേക സ്ട്രാറ്റജിക് ലൊക്കേഷനും അത് ചില മൂപ്പന്മാർക്ക് മാത്രം കുടിയിരുപ്പാവകാശം കിട്ടിയ ഇടവുമാകുന്നു. അവിടെയിരുന്നു സ്‌ക്രീനിനിടയിലൂടെ പെൻസിൽകടത്തി ഗോതമ്പുചാക്ക്കീറി ശബ്ദം കേൾപ്പിക്കാതെ ഒഴിഞ്ഞ തീപ്പെട്ടിക്കൂടിനുള്ളിൽ ഗോതമ്പുശേഖരിക്കും. ഉപ്പുമാവ് വേവുന്ന ഇടവേളവരെ അങ്ങനെ ആനന്ദകരമായി അയവെട്ടിക്കൊണ്ടിരിക്കും. ഇതൊന്നും നമ്മൾക്ക് പറഞ്ഞിട്ടുള്ളതല്ല.

'പരൂഷയ്ക്ക്' അമ്പതിൽ അമ്പതു വാങ്ങിച്ചാലും സ്‌കൂളിൽ ഞങ്ങളെയൊക്കെ വെറും രണ്ടാംകെട്ടിലെ മക്കളായാളാണ് സാറുമ്മാർ പരിഗണിച്ചിരുന്നതെന്നൊരു അമർഷവും ഉള്ളിൽ പുകഞ്ഞു നിന്നിരുന്നു. അതിനു കാരണവുമുണ്ട്. ബെല്ലടിക്കുംമുമ്പേ നമ്മൾ വരണം, പാഠം എഴുതിക്കൊണ്ടുവരണം, പദ്യം കാണാതെചൊല്ലണം, കേട്ടെഴുത്തെഴുതണം...തുടങ്ങി കഠിനമായ ബാലാവകാശധ്വംസനങ്ങളാണ് അന്ന് നടന്നിരുന്നത്. എന്നാൽ മുൻപറഞ്ഞ മൂപ്പന്മാർക്ക് ഇതൊന്നും ബാധകമല്ല. അവർ രാവിലെ വന്ന് ഒന്ന് 'പ്രസേേേേന്റ......'പറഞ്ഞാൽമതി. ബാക്കിസമയമെല്ലാം അദർഡ്യൂട്ടിയാണ്.

'എഡ്മാസ്റ്റർക്ക്' ബീഡി, മുറുക്കാൻ, ചായ എന്നിവ വാങ്ങണം; എഡ്മാസ്റ്ററുടെ പശുവിനു പിണ്ണാക്കുംപുളിയരിപ്പൊടിയും തിളപ്പിക്കണം, നെല്ലുകുത്തിച്ചുകൊണ്ടുവരണം,പോച്ച പറിക്കണം...ഹായ്...ഹായ്. ക്ലസ്സിലിരിക്കേണ്ട, കേട്ടെഴുത്തെഴുതേണ്ട....എന്തുരസം... അവർ ഒരു പത്തുപന്ത്രണ്ടുപേർ കാണും. ആർത്തുല്ലസിച്ച് ആ പോക്ക്കാണുമ്പോൾ നമുക്ക് അസൂയ കൊണ്ട് ഇടനെഞ്ചുപൊട്ടും. അവർക്കിനി പതിനൊന്നുമണിയാകുമ്പോഴേക്കും വന്നാൽ മതി...

അപ്പോഴേക്കും ശിവാജിയും രണ്ടുകൂട്ടാളികളും ചേർന്ന് ഗോതമ്പ് അളന്നെടുക്കും. എഡ്മാസ്റ്റർ അവിടംവരെച്ചെന്ന് ഒരു മുക്രയിട്ടു ' ഞാൻ എല്ലാം കാണുന്നുണ്ടേ' എന്നമട്ടിൽ തിരിച്ചുപോരും. ക്ഷണനേരത്തിൽ അടുപ്പിൽ തീകത്തിക്കുന്നതും തീ അണയാതെ ഊതിയൂതിഎരിക്കുന്നതുമെല്ലാം മൂപ്പന്മാർ തന്നെ. ശിവാജി ഒരു തെറുപ്പുബീഡിയുമൂതി അങ്ങുനിന്നെച്ചാൽ മതി!

ഒരു വലിയ ചീനച്ചട്ടിയിലാണ് ഉപ്പ്മാവ് 'കിണ്ടുന്നത്'. ഇപ്പോൾ ഉണ്ടാക്കുന്ന ചട്ടികളേക്കാൾ വലുത്! ഗോതമ്പ് വേവാറാവുമ്പോഴേക്കും സ്വതന്ത്രവിഹായസ്സിൽനിന്നും രാവിലെ പോയ ഉല്ലാസപ്പറവകൾ തിരിച്ചെത്തും. ശിവാജി അപ്പോഴേക്കും ഒരു ചെറിയ അടുപ്പിൽ ചെറിയ ചീനച്ചട്ടിവച്ച് എണ്ണയൊഴിച്ചു കടുകുവറക്കും. നേരത്തെ അരിഞ്ഞുവെച്ച ചുമന്നുള്ളി റിങ്സുകൾ അതിൽക്കിടന്നു കരിയുന്നവരേക്കും വറുക്കൽ തുടരും. തുടർന്ന് ഒരു കതിർപ്പ് കരിയാപ്പില (കറിവേപ്പില)അതിലേക്കു ഊർത്തിയിടും. മൂന്നാലു വറ്റൽ മുളകും. ഈ കടുകുവറുത്തത് ഒരു ശിങ്കിടിയുടെ സഹായത്താൽ വെന്തിരിക്കുന്ന ഗോതമ്പിലേക്കു മറിക്കുകയാണ് അടുത്ത ഘട്ടം. പങ്കായം പോലൊരു ചട്ടുകം ഉപയോഗിച്ചു ശിവാജി നാലുവശവുംകൂട്ടി, അടിയിൽ പിടിക്കാതെ ഒന്ന് ഇളക്കിയെടുക്കും. പങ്കായം സഹായികൾക്ക് കൈമാറുന്ന ശിവാജി കെട്ടുപോയതും ചെവിയിൽ വച്ചിരുന്നതുമായ ബീഡിയെടുത്തു പ്രധാന അടുപ്പിൽനിന്നൊരു അണയാത്ത തീക്കൊള്ളിയെടുത്തുകത്തിച്ച് ആഞ്ഞ് രണ്ടൂത്തൂതും.

അപ്പോഴേക്കും സകല ഗന്ധമാദനപർവ്വതങ്ങളെയും അതിലംഘിക്കുന്ന; രുചിയുടെ സർവ സ്രോതസ്സുകളുടെയും അണപൊട്ടിക്കുന്ന ആ മണം പരന്ന് പരിസരം നിറയും. അപ്പോൾ ക്ലാസ്സിനകത്ത് എപ്പഴോ വിശന്നുകരിഞ്ഞുതുടങ്ങിയ വയറുകളിൽ ഇംഗാലാമ്ലരസം ഉറവപൊട്ടും. ക്ലാസിൽ പഠിപ്പിക്കുന്നതെന്തെന്നോ ചുറ്റും നടക്കുന്നതെന്തെന്നോ അവർ അറിയില്ല. ഇരുന്നൂറു വയറുകളുടെ കാഴ്ചയും കേൾവിയും അറിവിന്റെ എല്ലാ ഇന്ദ്രിയങ്ങളും വരാന്തയുടെ പടിഞ്ഞാറേ അറ്റത്തുതൂക്കിയിട്ടിരിക്കുന്ന മണിയിൽ കേന്ദ്രീകരിക്കുന്നു. മണി പന്ത്രണ്ടര...

ഓൺ യുവർ മാർക്ക്...സെറ്റ്.... ടിങ്..ടിങ്..ടിങ്.....അതാ മണിയടിച്ചു!!

കണ്ണടച്ചുതുറക്കുന്ന വേഗത്തിൽ ഇരുന്നൂറു വയറുകളും സ്‌കൂൾവരാന്തയിൽ ചമ്മണപ്പൂട്ടിട്ട് ഇരുന്നു കഴിഞ്ഞു.

മണ്ണടി ഉച്ചബലിക്ക് മുടിപ്പണിക്കൻ മുടിയുമായി വരുമ്പോഴുള്ള ഭയഭക്തിബഹുമാനങ്ങളോടെ നാം ഇരിക്കെ, ശിവാജിയും സംഘവും ഉപ്പുമാവുമായെത്തും. ചീനച്ചട്ടിയുടെ ഇരുവശത്തുമുള്ള വളയത്തിൽ പിടിക്കാനുള്ള അവകാശം, പാറമേക്കാവ്, തിരുവമ്പാടി പോലെ രണ്ടു ഗ്രൂപ്പുകാരാണ് കൈകാര്യം ചെയ്തിരുന്നത്. ഇലയിൽ 'പൊടി' (ഉപ്പുമാവിന് പൊടി എന്നൊരു പ്രാദേശിക ഭേദം ഉണ്ട്) വിളമ്പുന്നതിന് ശിവാജി ഒരു മേൽക്കാര്യവിചാരിപ്പുകാരനായി ഉണ്ടെന്നേ ഉള്ളൂ; ശിവാജിയുടെ (എഡ്മാസ്റ്ററുടെയും) 'മോസ്റ്റ് ട്രസ്റ്റഡ് ്ര്രെലഫനന്റ്സ്' ആയ ഘടോൽക്കചൻമാരാണ് വിളമ്പുകാർ ! പന്തിയിൽ ആകാവുന്നത്ര പക്ഷഭേദം കാണിച്ചാണ് വിളമ്പുന്നത്. അവരോടു ചോദിയ്ക്കാൻ തൊട്ടടുത്തിരിക്കുന്ന മണ്ണടി ഭഗവതിക്കുപോലും ധൈര്യം ഉണ്ടായിരുന്നില്ല. കേട്ടെഴുത്തുകാണിച്ചുകൊടുക്കാത്തതിനാലും സാറില്ലാത്ത പീരീഡുകളിൽ ചെലയ്ക്കുന്നവരുടെ പേരെഴുതുമ്പോൾ ഇവന്മാരുടെ പേര് എന്നും ഏറ്റവും മുകളിൽ എഴുതുന്നതിനാലും മോണിറ്ററായ എനിക്കുവിളമ്പുമ്പോൾ എല്ലാരെക്കാളും കുറച്ചേ കിട്ടിയിരുന്നുള്ളൂ. പോരെങ്കിൽ ഒരു ക്ലാസ്സിൽത്തന്നെ വിളമ്പുന്നവന്മാരുടെ കുടുംബക്കാരെല്ലാവരും ഉണ്ടാകുമല്ലോ. അപ്പോൾ അനിയൻ, മച്ചമ്പി, കുഞ്ഞമ്മേടെ മോൻ, അപ്പച്ചിയുടെ മോൾ, കിളിത്തട്ടുകളിയിലെ കൈക്കാർ, വളവിലെ സുധ എന്നിവർക്കൊക്കെ അറിഞ്ഞു വിളമ്പുമ്പോൾ നമുക്കൊക്കെ എന്തുകിട്ടാനാണ്?

ആ ചട്ടിയുടെ കാതിൽ എന്നെങ്കിലുമൊരിക്കൽ പിടിക്കണമെന്നായിരുന്നു ഓരോ മൂന്നാം ക്ലസ്സുകാരെന്റെയും മോഹം.

വിളമ്പാനുള്ള ഇല നമ്മൾതന്നെ കൊണ്ടുചെല്ലണം. വട്ടയിലയിലാണ് പൊടിക്ക് ഏറ്റവും രുചി. അതും ചുവന്ന ഞരമ്പുള്ള ഒരുതരം വട്ട. ചില മിടുക്കന്മാർ അത് എവിടെയെങ്കിലും കണ്ടുവച്ചിടുണ്ടാകും. അതിന്റെ ആഗോള കുത്തകയും ഭൌമിക സൂചികയും അവനാണ്. ചെറിയ വട്ടയിലയാണെങ്കിൽ കൂടുതൽ വിളമ്പും എന്നൊരു വിശ്വാസവും ഉണ്ടായിരുന്നു. കാലത്തേ വഴിയിൽകണ്ട വട്ടയിൽ കയറുന്നതും നെഞ്ചുരഞ്ഞു താഴെ വീഴുന്നതും അക്കാലത്തെ ഒരു വ്യായാമമുറയായിരുന്നു.

വാഴയില വാട്ടികൊണ്ടുവരുന്നതും ചില ഉൽപ്പതിഷ്ണുക്കൾ ചെയ്തിരുന്നു. പൊടിയോടൊപ്പം പഞ്ചസാരയും ചേർത്താൽ ഉഗ്രൻ കോമ്പിനേഷൻ ആയിരിക്കുമെന്ന് കണ്ടുപിടിച്ചത് ആരാണെന്നുപറയാൻ എന്റെ വിനയം എന്നെ അനുവദിക്കുന്നില്ല...ബ്ലീസ് ഡോന്റ് ആസ്‌ക് എനിമോർ...