ബീജിംഗ്:ട്രെയിൻ ഒാടാൻ പാളം വേണ്ട. റോഡുമതി. ചൈനയിലാണ് റോഡിലൂടെയുള്ള ട്രെയിൻ സർവീസ് ആരംഭിച്ചത്. സിഷുവാൻ പട്ടണത്തിലെ ജനങ്ങൾക്കാണ് അത്ഭുത ട്രെയിനിൽ ആദ്യം സഞ്ചരിക്കാൻ അവസരം ലഭിച്ചിരിക്കുന്നത്.പാളങ്ങളില്ലാത്ത ട്രെയിൻ എന്ന ആശയം രണ്ട് വർഷം മുമ്പാണ് അവതരിപ്പിക്കപ്പെട്ടതെങ്കിലും ആദ്യമായാണ് യാഥാർത്ഥ്യമാകുന്നത്. ഏകദേശം 1,144 കോടി രൂപയാണ് ഇതിനായി ചെലവായത്.
ആദ്യഘട്ടത്തിൽ 17.7 കിലോമീറ്റർ ദൂരത്തിലാണ് ഈ ട്രെയിൻ സർവീസ് നടത്തുക. ഓരോ ട്രെയിനിനും ഡ്രൈവർമാർ ഉണ്ടാകുമെങ്കിലും ട്രെയിനിന്റെ ചലനങ്ങിളിൽ കാര്യമായ നിയന്ത്രണം ഇവർക്കുണ്ടാകില്ല.
അടിയന്തര സാഹചര്യങ്ങൾ എന്തെങ്കിലും ഉണ്ടായാൽ മാത്രമായിരിക്കും ഇവർ നിയന്ത്രണം ഏറ്റെടുക്കേണ്ടിവരുന്നത്. ഡ്രൈവറില്ലാ കാറുകളിൽ ഉപയോഗിക്കുന്ന അതേ സാങ്കേതിക വിദ്യയാണ് ഇതിലും പ്രയോജനപ്പെടുത്തുന്നത്. റോഡിന്റെ വശത്തോടുചേർന്ന് വരച്ചു ചേർത്തിട്ടുള്ള വരകളിലൂടെയായിരിക്കും ഈ ട്രെയിനിന്റെ സഞ്ചാരം.
അടിഭാഗത്ത് പ്രത്യേക സെൻസറുകൾ ഘടിപ്പിച്ചിട്ടുള്ള ട്രെയിനിന് 12.3 അടി വീതിയാണുള്ളത്. മണിക്കൂറിൽ പരമാവധി 70 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ഒരു ട്രെയിനിന് പരമാവമി 300 പേരെയാണ് ഉൾക്കൊള്ളാനാവുക.
ട്രാം, സബ്വേ തുടങ്ങി നഗരങ്ങളിലെ ട്രെയിൻ ഗതാഗതസംവിധാനങ്ങളേക്കാൾ ചെലവ് കുറവാണ് പുതിയ പാളമില്ലാ ട്രെയിനുകൾക്കെന്നാണ് അധികൃതരുടെ അവകാശവാദം. അധികം വൈകാതെ മറ്റുനഗരങ്ങളിലേക്കും പാളമില്ലാ ട്രെയിൻസർവീസ് വ്യാപിപ്പിക്കാനാണ് തീരുമാനം.