ന്യൂഡൽഹി:പൗരത്വ നിയമത്തിനെതിരെ ആളിപ്പടരുന്ന അക്രമങ്ങൾ രാജ്യത്ത് തെക്ക് മുതൽ വടക്കു വരെ വ്യാപിക്കുകയാണെന്ന് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനം വ്യാപകമായി പൊതുമുതലുകൾ നശിപ്പിക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്‌തു.
രാജ്യതലസ്ഥാനമായ ഡൽഹി ആകെ കലങ്ങി മറിഞ്ഞ സ്ഥിതിയിലാണ്.
വിവിധ കക്ഷികളുടെ എം. പിമാരും ജാമിയ മിലിയ വിദ്യാർത്ഥികളും ഇടതു സംഘടനകളും യുണൈറ്റഡ് എഗെൻസ്റ്റ് ഹെയ്റ്റ് തുടങ്ങി അറുപതിലധികം സംഘടനകളാണ് ഇന്നലെ ചെങ്കോട്ടയിലേക്ക് മാർച്ച് നടത്തിയത്.പ്രകടനങ്ങൾക്ക് അനുമതി നിഷേധിച്ച പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിലക്കു ലംഘിച്ച് ജനങ്ങൾ തെരുവിൽ ഇറങ്ങി.
ലക്‌നൗ
ഉത്തർപ്രദേശിലെ ലക്‌നൗവിൽ പൊലീസ് വാഹനങ്ങളും പൊലീസ് ഔട്ട്പോസ്റ്റും പ്രക്ഷോഭകാരികൾ കത്തിച്ചു. സംഭാലിൽ പ്രതിഷേധക്കാർ രണ്ടു ബസുകൾ കത്തിച്ചു.
ഗതാഗതം തടസ്സപ്പെടുത്തി റോഡ് ഉപരോധിച്ചു. സംഭാലിൽ ഇന്റർനെറ്റ് റദ്ദാക്കി.
മംഗളുരു
അക്രമാസക്തരായ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിവയ്‌ക്കുകയായിരുന്നു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിൽ പൊലീസുകാർക്കും പരിക്കുണ്ട്. സ്ഥലത്ത് രാത്രി വൈകിയും സംഘർഷാവസ്ഥ തുടരുകയാണ്. വെടിവയ്‌പിൽ രോഷാകുലരായ ജനക്കൂട്ടം സർക്കാർ സ്ഥാപനങ്ങൾ , വാഹനങ്ങൾ , കടകൾ എന്നിവക്ക് തീയിട്ടു. നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബംഗളുരു
പ്രക്ഷോഭം ശക്തമായി. പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹയെ അറസ്റ്റ് ചെയ്‌ത് വിട്ടയച്ചു. കോൺഗ്രസ് എം.എൽ.എ റിസ്വാൻ അർഷാദിനെ കസ്റ്റഡിയിലെടുത്തു. നഗരത്തിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു. ബംഗളൂരു - മൈസൂർ റോഡിൽ ഗതാഗതം സ്തംഭിച്ചു. 21ന് അർദ്ധരാത്രി വരെയാണ് നിരോധനാജ്ഞ.
ചെന്നൈ
തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം. ചെന്നൈ ഐ.ഐ.ടിയിൽ പ്രതിഷേധം കനത്തു. മദ്രാസ് സർവകലാശാലയിൽ വിദ്യാർത്ഥികൾ പ്രകടനം നടത്തി.
ചെന്നൈ എം.ജി.ആർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ മുസ്ലീം സംഘടനാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്‌തു. തിരുച്ചിറപ്പള്ളിയിൽ എസ്.എഫ്.ഐ പ്രവർത്തകർ ട്രെയിൻ തടഞ്ഞു. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിൽ അഭിഭാഷകർ പ്രതിഷേധിച്ചു.
ഹൈദരാബാദ്
ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി പ്രകടനം പോലീസ് തടഞ്ഞു. നൂറിലധികം വിദ്യാർത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹൈദരാബാദ് എക്സിബിഷൻ ഗ്രൗണ്ടിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ സംയുക്തമായി പ്രതിഷേധിച്ചു.
കൊൽക്കത്ത
വിദ്യാർത്ഥികളുടെ പ്രതിഷേധം കനക്കുകയാണ്. തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ്, ഇടതുപാർട്ടികൾ എന്നിവയുടെ വിദ്യാർത്ഥി സംഘനകളാണ് പ്രകടനം നടത്തിയത്.
അഹമ്മദാബാദ്
ഗുജറാത്തിലെ അഹമ്മദാബാദിൽ ഇടതുപാർട്ടികൾ സംയുക്തമായി നടത്തിയ പ്രതിഷേധം പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. പൊലീസ് വാഹനം തടഞ്ഞ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തി ചാർജ്ജ് നടത്തി.