caa

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യപക പ്രതിഷേധം തുടരുകയാണ്. പല സ്ഥലങ്ങളിലും പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. നിരവധി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നിരോധനാജ്ഞ ലംഘിച്ചതിന് ആക്ടിവിസ്റ്റുകളെയും, വിദ്യാർത്ഥികളെയും പൊലിസ് കസ്റ്റഡിയിലെടുത്തു. ഇതൊന്നും വകവെയ്ക്കാതെ ജനങ്ങൾ തെരുവിലിറങ്ങുകയാണ്. ഇതിനിടെ പ്രതിഷേധക്കാർക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് എം സ്വരാജ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.

തെരുവിൽ ഇറങ്ങിയിരിക്കുന്നത് ഇന്ത്യയെ രക്ഷിക്കാൻ സ്വന്തം ജീവനും നൽകാൻ മടിയില്ലാത്ത മനുഷ്യരാണ്. ജനകീയ പോരാട്ടങ്ങളുടെ ചരിത്രം കുറിച്ചിട്ടുള്ളത് ജനങ്ങളാണ്. ഏകാധിപതികളെ തടവറയിലയച്ചത് ജനകീയ പോരാളികളാണ്. ജനകീയ സമരത്തിനു മുന്നിൽ തോറ്റുപോയ തടവറകളെ ചരിത്രത്തിലുള്ളു. രാജ്യം കത്തുമ്പോൾ മൗനം കുറ്റകരമാമെന്നും സ്വരാജ്..

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം.

ഇന്ത്യയെ രക്ഷിക്കാൻ പോരിനിറങ്ങുക.

എം. സ്വരാജ്

ഇന്ത്യയുടെ ജീവൻ രക്ഷിയ്ക്കുന്നതിന് സ്വന്തം ജീവൻ നൽകാൻ മടിയില്ലാത്ത മനുഷ്യരാണ് തെരുവിലിറങ്ങിയിരിക്കുന്നത്.
അവരെ നിശബ്ദരാക്കാൻ ഒരു തടവറയ്ക്കും കഴിയില്ല.

ഗുജറാത്തിനെ ശവപ്പറമ്പാക്കിയ രക്തദാഹികൾക്ക് ഇന്ത്യയെക്കൊല്ലാൻ വിട്ടു കൊടുക്കില്ലെന്നാണ് ഓരോ തെരുവും ഉറക്കെ പറയുന്നത്.

ജനങ്ങളാണ് , ജനകീയ പോരാട്ടങ്ങളാണ് ചരിത്രം സൃഷ്ടിച്ചിട്ടുള്ളത്.
ജനങ്ങളാണ് രാഷ്ട്രങ്ങളും ഭരണകൂടങ്ങളും സൃഷ്ടിച്ചത് .
ജനകീയ മുന്നേറ്റങ്ങളാണ് എല്ലാ ഏകാധിപത്യക്കോട്ടകളെയും തകർത്തെറിഞ്ഞത്.

ഏകാധിപതികൾക്ക് അനിവാര്യമായ ദുരന്തം സമ്മാനിച്ചുകൊണ്ടാല്ലാതെ കാലം കടന്നു പോയിട്ടില്ല.
പോരാളികളുടെ സമരവീര്യത്തിനു മുന്നിൽ തോറ്റു പോയ തടവറകളേ ചരിത്രത്തിലുള്ളൂ.

കോൺസൻട്രേഷൻ ക്യാമ്പുണ്ടാക്കിയവന് ആത്മഹത്യ ചെയ്യേണ്ടി വന്ന ലോകമാണിത്.

കൊലയാളികൾ കേന്ദ്ര ഭരണത്തിന്റെ ബലത്തിൽ രാജ്യത്തെ കൊല്ലാനൊരുങ്ങുമ്പോൾ മൗനം കുറ്റമാണ്.

ഇന്ത്യയെ രക്ഷിക്കാൻ ഇന്ത്യാ വിരുദ്ധരായ കേന്ദ്ര സർക്കാരിനെതിരെ പൊരുതുകയെന്നത് പൗരധർമമാണ്.

ജീവൻ പോയാലും പുറകോട്ടില്ലെന്ന് പ്രഖ്യാപിയ്ക്കുന്ന കാമ്പസുകളും തെരുവുകളും നമ്മെ വിളിയ്ക്കുന്നു.

ആ വിളി കേൾക്കാം.
നമുക്കിന്ത്യയെ രക്ഷിയ്ക്കാം , ജീവൻ കൊടുത്തായാൽ പോലും .