മക്കൾ വിദ്യാർത്ഥികളാണെങ്കിൽ മാതാപിതാക്കൾ അവരോട് ഏറ്റവും കൂടുതൽ പറയുന്നത് പഠിപ്പിനെപ്പറ്റിയായിരിക്കും. കാരണം കുട്ടികൾ നന്നായി പഠിക്കണമെന്നാണ് എല്ലാ മാതാപിതാക്കളുടെയും ആഗ്രഹം. അതിനുവേണ്ടി തങ്ങളുടെ സമ്പത്തും സമയവും എത്രവേണമെങ്കിലും ചെലവഴിക്കാൻ അവർക്ക് മടിയേയില്ല. നല്ല പഠിപ്പുകൊണ്ടേ മക്കൾക്ക് നല്ലൊരു ഭാവിയുണ്ടാവൂ എന്ന ധാരണയാണ് അതിനാധാരം. അങ്ങനെ നല്ല വിദ്യാഭ്യാസം നേടി നല്ല ഉദ്യോഗം സമ്പാദിച്ച മക്കൾ അച്ഛനമ്മമാർക്ക് വലിയ അഭിമാനമായിത്തീരുന്നു. അവർ മറ്റുള്ളവരോട് തങ്ങളുടെ മക്കളുടെ മിടുക്ക്, സാമർത്ഥ്യം, അദ്ധ്വാനം, ബുദ്ധി, ഓർമ്മശക്തി ഇതൊക്കെ പറഞ്ഞു തീർക്കാനാവാത്തത്രയും പറയുന്നു. ഒടുവിൽ മക്കൾ ഉദ്യോഗസ്ഥരായി വിവാഹിതരായി കുടുംബമായി ജീവിച്ചു തുടങ്ങുമ്പോൾ മാതാപിതാക്കൾ പറയുന്നതെല്ലാം അതേപടി കേൾക്കാനും അനുസരിക്കാനും മക്കൾക്ക് സാധിക്കാതെ വരും. പിന്നീട് അതു കുറഞ്ഞുകുറഞ്ഞു മാതാപിതാക്കൾ സംസാരിക്കുന്നതൊന്നും കേൾക്കാനാവാത്ത നിലകളിലേക്ക് അവർ മാറും.
മക്കളുടെ ഇത്തരം മാറ്റത്തിൽ മനംനൊന്തു കഴിയുന്ന അനേകം മാതാപിതാക്കൾ നമുക്കു ചുറ്റിലുമുണ്ട്. തങ്ങളുടെ ആയുസും സമ്പത്തും എല്ലാം കൊടുത്തു മക്കൾക്ക് പഠിപ്പും ഉദ്യോഗവും കുടുംബവുമുണ്ടാക്കി കൊടുത്തിട്ടു അവസാനം തങ്ങളെത്തന്നെ ഒഴിവാക്കുന്ന മക്കൾക്ക് മുന്നിൽ മാതാപിതാക്കൾ അഭയാർത്ഥികളെപ്പോലെ നില്ക്കുന്ന പരിതാപകരമായ അവസ്ഥയാണ് ഇന്നത്തെ സമൂഹം നേരിടുന്ന വലിയ വെല്ലുവിളികളിലൊന്ന്. കഴിഞ്ഞ തലമുറയുടെ കാലത്ത് ഇത് ഇത്രയും ഭീകരമായിരുന്നില്ല. അതിനുമപ്പുറത്തെ തലമുറയിലേക്ക് നോക്കിയാൽ മാതാപിതാക്കൾ അന്യമായിപ്പോകുന്ന കാര്യത്തെപ്പറ്റി മക്കൾക്ക് ചിന്തിക്കാൻ പോലും ആകുമായിരുന്നില്ലെന്നും കാണാം. അന്നത്തെ ആ സാമൂഹ്യസ്ഥിതിയിൽ നിന്നും ഇന്നത്തെ സാമൂഹ്യസ്ഥിതിയിലേക്കുള്ള ഭയാനകമായ മാറ്റത്തിനു വഴിവെച്ചതെന്തെന്ന് നമ്മൾ ഗൗരവമായി ചിന്തിക്കണം. അങ്ങനെ ചിന്തിച്ചാൽ ചില വസ്തുതകൾ ബോധ്യപ്പെടും. അതിൽ പ്രധാനമാണ് മക്കളുടെ വിദ്യാഭ്യാസകാലത്തുള്ള മാതാപിതാക്കളുടെ സ്വപ്നങ്ങളും നിർബന്ധങ്ങളും സമ്മർദ്ദങ്ങളും. എപ്പോഴും പഠിക്കണം പഠിക്കണം എന്നു നിർബന്ധിച്ചുകൊണ്ടിരുന്ന മാതാപിതാക്കൾ മക്കളുടെ വിദ്യാലയപഠനം മാത്രമാണ് പഠിപ്പെന്നാണു കരുതിയിരുന്നത്. ആ പഠിപ്പ് വിഷയധാരണത്തിന്റേതാണ്. അതു നന്നായി നടത്തിയ മക്കളാണ് ഒടുവിൽ തങ്ങളെ തഴയുന്നതെന്നു അവർക്കുതന്നെ ബോദ്ധ്യമാകുന്നു. ഇതിൽ നിന്നു ഒരു തിരിച്ചറിവ് നാം നേടേണ്ടതുണ്ട്. കലാലയ പഠനം അഥവാ വിഷയധാരണം മാത്രമല്ല പഠിപ്പ് എന്ന സത്യം.
കലാലയ പഠനം ഔപചാരിക വിദ്യാഭ്യാസമാണ് നൽകുന്നത്. അതു വിഷയവൈദഗ്ദ്ധ്യത്തിന്റേതും വിനിമയത്തിന്റേതും നൈപുണ്യവികസനത്തിന്റേതുമാണ്. എന്നാൽ ഒരു മനുഷ്യനിൽ അടിസ്ഥാനപരമായി രൂപപ്പെട്ട് വളർന്നു വരേണ്ടതായ മാനുഷികതയുടെ ഉറവിടങ്ങൾ ആ പഠിപ്പിലില്ലെന്ന് നാം മനസിലാക്കുന്നുമില്ല. അത് വരുന്നതാകട്ടെ അനൗപചാരികമായ പഠിപ്പിന്റെ വിശാലതലത്തിൽ നിന്നുമാണ്. അവിടെ നിന്നാണു മാനുഷികതയുടെ വിത്ത് മുളയ്ക്കുന്നതും വളരുന്നതും പുഷ്പിക്കുന്നതും പിതൃപുത്രധർമ്മത്തിന്റെ പരാഗങ്ങൾ പരക്കുന്നതും. ഇതറിയാതെയാണ് മുതിർന്നവർ കുട്ടികൾക്ക് ഔപചാരിക വിദ്യാഭ്യാസം മാത്രം മതിയെന്ന് പുതിയകാലത്തു വിധിക്കുന്നതും നിർബന്ധിക്കുന്നതും. ഭാരതത്തിന്റെ ആദ്യകാല ഗുരുകുല പഠനസമ്പ്രദായത്തിൽ അനൗപചാരികമായ വിദ്യാഭ്യാസത്തിനു വലിയ പ്രാധാന്യമുണ്ടായിരുന്നതായി കാണാം. മുതിർന്നവരെ ബഹുമാനിക്കാനും ആചാര്യന്മാരെ ആദരിക്കാനും മാതാപിതാക്കളെയും സഹോദരങ്ങളെയും സ്നേഹിക്കാനും വേദനിക്കുന്നവനെ അനുഗമിക്കാനും ദ്വേഷിക്കുന്നവനോടു ക്ഷമിക്കാനുമൊക്കെ നമ്മുടെ പൂർവികർക്ക് സാധിച്ചത് അതുകൊണ്ടാണ്.
ഇന്നത്തെ ആധുനിക വിദ്യാഭ്യാസത്തിന്റെ അല്ലെങ്കിൽ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഏതു തലത്തിൽ നിന്നാണ് ഒരു വിദ്യാർത്ഥിക്കു ക്ഷമയുടെ സ്നേഹത്തിന്റെ സാഹോദര്യത്തിന്റെ കാരുണ്യത്തിന്റെ പാഠങ്ങൾ ഉൾക്കൊള്ളാനാവുക? മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുന്നത് ഔപചാരിക വിദ്യാഭ്യാസം നേടുമ്പോഴല്ല, മറിച്ച് അനൗപചാരിക വിദ്യാഭ്യാസത്തിന്റെ പെരുമയിലാണ്. ഇതു മനസിലാക്കാൻ ഒരു കഥപറയാം.
ഒരാൾ കലാലയപഠനം പൂർത്തിയാക്കിയ തന്റെ മകനെയും മറ്റൊരാൾ അനൗപചാരിക വിദ്യാഭ്യാസം നടത്തിയ തന്റെ മകനെയും കൂട്ടി ആയോധനകല അഭ്യസിപ്പിക്കാൻ ഒരു ഗുരുവിന്റെ അടുത്തെത്തി. രണ്ടുപേരെയും ഒന്നു നിരീക്ഷിച്ചിട്ടു ഗുരു പറഞ്ഞു . 'ആയോധനകലയ്ക്കു വേണ്ടത് സൂക്ഷ്മതയാണ്. സൂക്ഷ്മതയ്ക്കു വേണ്ടത് ക്ഷമയും . ഇതു രണ്ടുമുള്ളവനു ആയോധനകലയെന്നല്ല എന്തും പഠിക്കാം. ഗ്രഹിക്കാം. അവനതിൽ വിജയിക്കും. നിങ്ങൾക്കതുണ്ടോ?' രണ്ടുപേരും ഉണ്ടെന്ന ഭാവത്തിൽ തലകുലുക്കി. ഗുരു പറഞ്ഞതനുസരിച്ച് കുട്ടികളെ ഗുരുവിനടുത്താക്കി രക്ഷിതാക്കൾ മടങ്ങിപ്പോയി.
പിറ്റേന്ന് ഗുരു ഇരുവരെയും വിളിച്ചു. ഓരോ മുറം നെല്ല് കൊടുത്തിട്ടു അതു എണ്ണിവയ്ക്കാൻ പറഞ്ഞു. വളരെ കഷ്ടപ്പെട്ടിട്ടാണെങ്കിലും അവർ രണ്ടുപേരും അത് എണ്ണാൻ തുടങ്ങി. ദിവസങ്ങൾക്കുശേഷം എണ്ണിത്തീർന്ന കണക്കുമായി അവർ ഗുരുവിനെ കണ്ടു. അപ്പോൾ ഗുരു വേറെ ഓരോ മുറം നെല്ലെടുത്ത് ആദ്യത്തെ മുറത്തിലിരുന്ന നെല്ലിനുമേൽ ചൊരിഞ്ഞിട്ടു ഇതുകൂടി എണ്ണുക എന്നു പറഞ്ഞു. ഇതുകണ്ട് കലാലയപഠനം നടത്തിയ വിദ്യാർത്ഥിക്കു ദേഷ്യം വന്നു. ആയോധനകല പഠിക്കാൻ നെല്ല് എണ്ണുന്നതെന്തിന്. അവൻ അക്ഷമനായി. എന്നാൽ അനൗപചാരിക വിദ്യാഭ്യാസം നടത്തിയവൻ ഗുരുവിന്റെ ആജ്ഞ അനുസരിച്ചു വീണ്ടും നെല്ല് എണ്ണാൻ തുടങ്ങി. കാരണം അവന് ഗുരുവിനെ ആദരിക്കാനല്ലാതെ ധിക്കരിക്കാനറിയില്ല. മുതിർന്നവരെ ബഹുമാനിക്കാനല്ലാതെ അപമാനിക്കാനറിയില്ല. മാതാപിതാക്കളെ സ്നേഹിക്കാനും അനുസരിക്കാനുമല്ലാതെ വെറുക്കാനും നിരാകരിക്കാനുമറിയില്ല. എന്തുകൊണ്ടെന്നാൽ അനൗപചാരികമായ വിദ്യാഭ്യാസം അവനു നല്കിയിട്ടുള്ളത് മാനുഷികതയുടെ ഗുണങ്ങളായിരുന്നു.
ഗുരുക്കന്മാർ അവരുടെ ഉപദേശങ്ങൾ കൊണ്ട് നമ്മെ നിരന്തരം ഓർമ്മിപ്പിക്കുന്നതും വിഷയപഠനങ്ങൾ ഓർമ്മിപ്പിക്കാത്തതും മാനുഷികതയുടെ ഈ ഗുണഗണങ്ങളാണ്. ഈ അനൗപചാരിക വിദ്യയുടെ ദാർശനികമായൊരു വിജ്ഞാപനമാണ് ഗുരുദേവതൃപ്പാദങ്ങളുടെ ഈശാവാസ്യോപനിഷത്ത് ഭാഷ്യത്തിലെ ഈ പദ്യം.
വിദ്യാവിദ്യകൾ രണ്ടും കണ്ടറിഞ്ഞവരവിദ്യയാൽ
മൃത്യുവെത്തരണം ചെയ്തു വിദ്യയാലമൃതാർന്നിടും.