shane-nigam

കൊച്ചി: വെയിൽ,​ കുർബാനി എന്നീ ചിത്രങ്ങൾ പൂർത്തിയാക്കാതെ ഷെയിൻ നിഗവുമായി സഹകരിക്കേണ്ട എന്ന തീരുമാനത്തിൽ ഉറച്ച് നി​ൽക്കുന്നതായി​ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം നിർമാതാക്കൾ അറിയിച്ചു. നിർമാതാക്കളെ മനോരോഗികളെന്ന് വിളിച്ച ഷെയിൻ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പരസ്യമായി മാപ്പു പറയണം.

ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് 15 ദിവസത്തിനകം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഷെയിൻ നിഗത്തിന് കത്ത് അയയ്ക്കാൻ തീരുമാനിച്ചതായി​ പ്രസിഡന്റ് എം. രഞ്ജിത്, ഭരണസമി​തി​ അംഗം ജി​.സുരേഷ്‌കുമാർ എന്നിവർ വ്യക്തമാക്കി. ഇക്കാര്യങ്ങൾ താരസംഘടനയായ 'അമ്മ'യെ അറിയിക്കും. ഷെയിൻ നൽകുന്ന ഉറപ്പ് ഉൾക്കൊള്ളാനാവില്ല. 'അമ്മ" ഉറപ്പ് നൽകണം.

അതേസമയം, 22ന് ചേരാനിരുന്ന അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം പ്രസിഡന്റ് മോഹൻലാലിന്റെ അസൗകര്യം കാരണം മാറ്റിവച്ചു. ഇനി ജനുവരിയിലേ യോഗം ചേരാൻ സാദ്ധ്യതയുള്ളൂ. ഷെയിൻ വി​വാദം യോഗത്തിലെ അപ്രധാന അജൻ‌ഡകളിൽ ഒന്ന് മാത്രമാകുമെന്നാണ് ഭാരവാഹികൾ നൽകുന്ന സൂചന. ഷെയിനിന്റെ കാര്യത്തിൽ നിർമ്മാതാക്കൾക്ക് ഉറപ്പ് നൽകാനാകുമോ എന്ന സംശയവും ഭാരവാഹികൾ ഉന്നയിക്കുന്നു. വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് മുൻകൈയെടുക്കേണ്ടെന്നാണ് ഫെഫ്‌കയുടെയും തീരുമാനം.