mamata-banerjee

കൊൽക്കത്ത: ദേശീയ പൗരത്വ നിയമ ഭേദഗതി രാജ്യത്തെ ജനങ്ങൾ അംഗീകരിക്കുന്നുവോ എന്ന് കണ്ടെത്താൻ ഐക്യരാഷ്ട്ര സഭ പോലെയുള്ള നിഷ്പക്ഷ സംഘടനകൾ ഹിത പരിശോധന നടത്തണമെന്ന ആവശ്യവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഐക്യരാഷ്ട്ര സഭയോ ദേശീയ മനുഷ്യാവകാശ കമ്മീഷനോ പോലെയുള്ള നിഷ്പക്ഷ സംഘടനകൾ ഹിതപരിശോധന നടത്തി ജനങ്ങൾ നിയമ ഭേദഗതിയെ അനുകൂലിക്കുന്നുവോ എതിർക്കുന്നുവോ എന്ന് കണ്ടെത്തട്ടെയെന്ന് അവർ പറഞ്ഞു. ഹിതപരിശോധനയിൽ പരാജയപ്പെടുകയാണെങ്കിൽ മോദി സർക്കാർ രാജിവച്ചൊഴിയണമെന്നും മമത ആവശ്യപ്പെട്ടു.. കൊൽക്കത്തയിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു ബംഗാൾ മുഖ്യമന്ത്രി.


ബി.ജെ.പി രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്. നിയമ ഭേദഗതി സർക്കാർ പിൻവലിക്കാതെ പ്രതിഷേധങ്ങൾ അവസാനിക്കില്ല. സ്വാതന്ത്ര്യം ലഭിച്ച് 73 വർഷമാകുമ്പോഴാണ് ഇന്ത്യൻ പൗരന്മാരാണെന്ന് നമുക്ക് തെളിയിക്കേണ്ടി വരുന്നത്. പൗരത്വ നിയമ ഭേദഗതി പിൻവലിപ്പിക്കുക എന്നതാണ് നമ്മുടെ ആവശ്യം. ദിവസങ്ങൾ കഴിയുംതോറും പ്രക്ഷോഭം ശക്തിപ്പെടുകയാണെന്നും മമത പറഞ്ഞു.

പൗരത്വബില്ലിനെതിരെ നടക്കുന്ന പ്രതിഷേധ സംഭവങ്ങളിൽ അക്രമം വ്യാപിപ്പിക്കാൻ ശ്രമിക്കുന്നവരെ വസ്ത്രം കൊണ്ട് തിരിച്ചറിയാമെന്ന മോദിയുടെ പ്രസ്താവനയ്ക്കെതിരെയും രൂക്ഷവിമർശനവുമായി മമത രംഗത്ത് വന്നിരുന്നു.