ലക്‌നൗ: പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ ലക്‌നൗവിൽ ഒരാൾകൊല്ലപ്പെട്ടു. പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. മുഹമ്മദ് വകീൽ എന്നയാളാണ് പ്രതിഷേധത്തിനിടെ വെടിയേറ്റ് മരിച്ചത്. എന്നാൽ പൊലീസ് വെടിവെപ്പിലാണ് മുഹമ്മദ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ലക്‌നൗ ട്രോമാ സെന്റർ അറിയിച്ചു. വയറിൽ വെടിയേറ്റാണ് മുഹമ്മദ് മരിക്കുന്നത്.
അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ലക്‌നൗവിൽ നിരവധി വാഹനങ്ങൾ പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി. നേരത്തെ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. ലക്‌നൗ നഗരത്തിലെ ഓൾഡ്‌സിറ്റി മേഖലയിലാണ് ശക്തമായ പ്രതിഷേധം നടക്കുന്നത്.ലക്നൗവിലെ ഖദ്രയിൽ പ്രക്ഷോഭകാരികൾ പൊലീസ് ഔട്ട്‌പോസ്റ്റിന് തീയിട്ടു. നിരവധി പൊലീസ് വാഹനങ്ങളും കത്തിച്ചു. പ്രക്ഷോഭകാരികളെ പിരിച്ചുവിടാനായി പൊലീസ് ആകാശത്തേക്ക് വെടിവെച്ചു.
സാംബലിൽ സർക്കാർ ബസുകൾ സമരക്കാർ അഗ്നിക്കിരയാക്കി. മാർച്ച് റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകരെയും സമരാനുകൂലികൾ കൈയേറ്റം ചെയ്തു. സമാജ്‌വാദി പാർട്ടിയുടെ നേതൃത്വത്തിൽ തെരുവിലിറങ്ങിയവരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. കഴിഞ്ഞ രാത്രിമുതൽ സംംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.