cit

മംഗലാപുരം: പൗരത്വ നിയമത്തിനെതിരായ മംഗലാപുരത്ത് സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയുണ്ടായ വെടിവെയ്പിൽ പരിക്കേറ്റ രണ്ടുപേർ മരിച്ചു. വിദ്യാർഥി പ്രതിഷേധത്തിനിടെ പൊലീസ് സ്റ്റേഷൻ ആക്രമിക്കാൻ ശ്രമിച്ചവർക്കുനേരെയാണ് വെടിവച്ചതെന്നാണ് വിവരം. സംഘർഷത്തെതുടർന്ന് നോർത്ത്, സൗത്ത്, ഈസ്റ്റ്, ബാർക്കെ, ഉർവ്വെ സ്റ്റേഷൻ പരിധിയിൽ കർഫ്യൂ പ്രഖ്യാപിച്ചു.

സംഘർഷ സാദ്ധ്യതയുണ്ടാകുമെന്ന ഇന്റലിജന്റ്സ് മുന്നറിയിപ്പിനെതുടർന്ന് മംഗലാപുരത്ത് നേരത്തെതന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിരോധനാജ്ഞ നിലനിൽക്കുമ്പോൾ തന്നെ ആയിരക്കണക്കിന് പേർ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുക്കാനെത്തി. കമ്മീഷണർ ഓഫീസിലേക്കുള്ള പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്.

പൊലീസ് ആദ്യം പ്രതിഷേധക്കാർക്ക് നേരെ ലാത്തി ചാര്‍ജ് നടത്തുകയും പിന്നീട് ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്തു. തുടർന്നാണ് വെടിവെയ്പ് നടത്തിയത്. സംഘർഷത്തിന് പിന്നാലെ മംഗലാപുരത്തെ അഞ്ച് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ നാളെ രാത്രി വരെ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിനിടെ റോഡ് ഉപരോധിക്കുന്നതടക്കമുള്ള സമരപരിപാടികൾ ഉണ്ടായതോടെയാണ് പൊലീസ് നിരോധനാജ്ഞ ആദ്യം പ്രഖ്യാപിച്ചത്. മംഗലാപുരം നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്.