പാകിസ്ഥാൻ: രാജ്യദ്രോഹക്കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിച്ച മുൻ പ്രസിഡന്റ് പർവേസ് മുഷാറഫ് വിധി നടപ്പാക്കുന്നതിന് മുമ്പ് മരിക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ മൃതശരീരം പാർലമെന്റിലേക്ക് വലിച്ചിഴക്കണമെന്നും മൂന്നുദിവസം കെട്ടിത്തൂക്കണമെന്നും പാകിസ്ഥാനിലെ പ്രത്യേക കോടതി ഉത്തരവിട്ടു
ചൊവ്വാഴ്ചയാണ് 2007ൽ ഭരണഘടന അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി മുഷാറഫിന് വധശിക്ഷ വിധിച്ചത്. ശിക്ഷയിൽ പിഴവുണ്ടെന്ന് സർക്കാർ പറഞ്ഞതിനെ തുടർന്നാണ് കോടതിയുടെ പ്രഖ്യാപനം.
ചികിത്സയിൽ കഴിയുന്ന മുഷാറഫിനെ പിടികൂടാൻ കോടതി നിർദേശിച്ചു. അഥവാ പിടിയിലാകുന്നതിന് മുമ്പ് മുഷാറഫ് മരിച്ചാൽ ഇസ്ലാമാബാദിലെ ഡി-ചൗക്കിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരാനും മൂന്നുദിവസത്തേക്ക് കെട്ടിത്തൂക്കാനുമായിരുന്നു അടുത്ത നിർദേശം. എന്നാൽ ഈ നിർദേശങ്ങൾ ഭരണഘടനാ വിരുദ്ധമെന്നാണ് നിയമവിദഗ്ദ്ധരുടെ അഭിപ്രായം.
പെഷവാറിലെ പ്രത്യേക കോടതിയാണ് മുഷാറഫിന് വധശിക്ഷ വിധിച്ചത്. മുഷ്‌റഫ് കുറ്റക്കാരനാണെന്ന് 2014ൽ കോടതി കണ്ടെത്തിയിരുന്നു. വിചാരണ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുഷാറഫ് നല്‍കിയ ഹർജിയിൽ കോടതി സർക്കാരിന് നോട്ടീസ് അയച്ചിരുന്നു. വിചാരണ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുഷറഫ് ഹർജി നൽകിയിരുന്നത്.
2016 മുതൽ മുഷാറഫ് ദുബായിലാണുള്ളത്. ഇപ്പോൾ അദ്ദേഹം അവിടെ ചികിത്സയില്‍ കഴിയുകയാണെന്നാണ് റിപ്പോർട്ട്