mamukkoya

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധങ്ങൾ ശക്തമായി വരികയാണ്. രാഷ്ട്രീയ- സാംസ്കാരിക മേഖലയിലെ നിരവധി പേരാണ് നിയമത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം കോഴിക്കോട് നഗരത്തിൽ സാംസ്‌ക്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സംഗമത്തിൽ നടൻ മാമൂക്കോയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായി രംഗത്തെത്തി. ഒരു പേപ്പട്ടി കടിക്കാൻ വന്നാൽ എന്ത് ചെയ്യുമെന്ന നമ്മൾ യോഗം കൂടി തീരുമാനിക്കാറില്ല, എന്താണോ വേണ്ടതെന്ന് അത് തന്നെ മനുഷ്യമ്മാർ ചെയ്യുമെന്നും മാമുക്കോയ വ്യക്തമാക്കി.

മാനാഞ്ചിറയ്ക്ക് സമീപം 'ഞാൻ പൗരൻ പേര് ഭാരതീയൻ’, പൗരത്വം ഔദാര്യമല്ല എന്ന പേരിൽ സംഘടിപ്പിച്ച പ്രതിഷേധത്തിലായിരുന്നു മാമൂക്കോയയുടെ പ്രതികരണം. 20 കോടി ജനങ്ങളെ നിങ്ങൾക്ക് ഒരു ചുക്കും ചെയ്യാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ റോഡുകളുടെയും സ്ട്രീറ്റുകളുടെയും പേരുമാറ്റിയാണ് ഇവർ തുടങ്ങിയത്. എന്റെ ബാപ്പയുടെ ബാപ്പയുടെ കാലം മുതൽ ഞങ്ങളിവിടെ ജീവിക്കുന്നുണ്ട്. ഇനിയും ഇവിടെ തന്നെ തുടരും. ഈ സ്ഥലം ഒരുത്തന്റേയും കുത്തകയല്ല- മാമൂക്കോയ പറഞ്ഞു.

തലപോകാൻ നിൽക്കുമ്പോൾ കയ്യിന്റെയും വിരലിന്റെയും കാര്യം ആലോചിച്ചു ഭയന്നിട്ടു കാര്യമില്ല. പോരാടുക തന്നെ ചെയ്യുമെന്നും ആദ്ദേഹം വ്യക്തമാക്കി. മാമുക്കോയ, എം.ജി.എസ് നാരായണൻ, കൽപ്പറ്റ നാരായണൻ, കെ.ഇ.എൻ, യു.കെ കുമാരൻ, ആര്യാടന്‍ ഷൗക്കത്ത് തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.