ന്യൂഡൽഹി : പൗരത്വ നിയമ ഭേദഗതിക്കെതിരായി ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച് എഴുത്തുകാരി അരുന്ധതി റോയി. ഇന്ത്യൻ ഭരണഘടനയെ ബി.ജെ.പി സർക്കാർ ഐ..സിയുവില്‍ കയറ്റിയെന്ന് അരുന്ധതി റോയി വിമർശിച്ചു.
പൗരത്വ ഭേദഗതി നിയമം മുസ്ലീങ്ങൾക്കെതിരെ മാത്രമല്ല, പാവപ്പെട്ടവർക്കും ദളിതർക്കും എതിരാണ്. എത്ര ആളുകൾക്ക് ഇതിനെതിരെ കോടതിയിൽ പോകാനും രേഖകൾ ഹാജരാക്കാൻ കഴിയും. പ്രധാനമന്ത്രിക്ക് പോലും അദ്ദേഹത്തിന്റെ ഡിഗ്രി സർട്ടിഫിക്കറ്റോ, ജനന സർട്ടിഫിക്കിറ്റോ ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലല്ലോ? - അരുന്ധതി ചോദിച്ചു.
ജനങ്ങൾ എന്തും സഹിക്കുന്നതിന് ഒരു പരിധിയുണ്ട്. ബി.ജെ.പി സർക്കാർ ആ പരിധിയൊക്കെ കടന്നിരിക്കുന്നു. അവർക്ക് പ്രതിഷേധം നിയന്ത്രിക്കാൻ ഇനി കഴിയില്ലെന്നും അരുന്ധതി റോയി പറഞ്ഞു. മുസ്ലീങ്ങൾ, ദളിത്, ക്രിസ്‍ത്യൻസ്, ബുദ്ധിസ്റ്റ്, ഹിന്ദുക്കൾ,ഒ.ബി.സി, കർഷകർ,ജോലിക്കാർ, എഴുത്തുകാർ തുടങ്ങി എല്ലാവരും ഫാസിസത്തിനെതിരെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇവിടെ അണിനിരക്കുകയാണ്. എത്രപേരെ, എത്രകാലത്തേക്കാണ് ഇവർ അറസ്റ്റുചെയ്യുകയെന്നും അരുന്ധതി റോയി ചോദിച്ചു.