bar

ന്യൂഡൽഹി: പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം തുടരുന്നതിനിടെ ഡൽഹിയിൽ മദ്യഷോപ്പുകൾ പൂട്ടാൻ സർക്കാർ ഉത്തരവിട്ടു. വെള്ളിയാഴ്ച മുതൽ 125 മദ്യഷോപ്പുകൾ അടച്ചിടാനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. വാർത്താ ഏജൻസിയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. പ്രതിഷേധങ്ങൾ അക്രമാസക്തമാകുന്നതിനെ തുടർന്നാണ് മദ്യഷോപ്പുകൾ അടയ്ക്കാൻ സർക്കാർ ഉത്തരവിട്ടത്.

അതിനിടെ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾക്കിടെ മംഗളൂരുവിൽ പൊലീസ് നടത്തിയ വെടിവെപ്പിൽ രണ്ടുപേരും ലക്നൗവിലെ സംഘർഷത്തിൽ ഒരാളും കൊല്ലപ്പെട്ടു. ജലീൽ, നൗസീൻ എന്നിവരാണ് മംഗളൂരുവിലെ വെടിവെപ്പിൽ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. പരിക്കേറ്റ രണ്ടുപേര്‍ ചികിത്സയിലാണെന്ന് മാത്രമായിരുന്നു പോലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ രാത്രിയോടെ രണ്ടുപേര്‍ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. സംഘർഷത്തിൽ 20 പൊലീസുകാർക്ക് പരിക്കേറ്റതായും പോലീസ് പറഞ്ഞു.