മംഗലാപുരം: പൊലീസ് വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടതിന് പിന്നാലെ മംഗലാപുരത്ത് ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തി. രണ്ട് ദിവസത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയത്.മംഗലാപുരത്ത് കർഫ്യൂ ഞായറാഴ്ച വരെ നീട്ടിയിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ മംഗലാപുരത്ത് രണ്ട് പേർ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനം. കേരളത്തിൽ നാല് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഡി.ജി.പി പൊലീസിന് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
പ്രതിഷേധത്തിനിടെ പൊലീസ് വെടിവയ്പ്പിൽ ഇന്ന് രാജ്യത്താകെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. മംഗലാപുരത്ത് രണ്ട് പേരും ലക്‌നൗവിൽ ഒരാളുമാണ് കൊല്ലപ്പെട്ടത്. രണ്ടിടത്തും പൊലീസ് വെടിവയ്പ്പിലാണ് പ്രതിഷേധക്കാർ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം തങ്ങൾ ഉപയോഗിച്ചത് റബ്ബർ പെല്ലെറ്റാണെന്ന് കർണ്ണാടക പൊലീസും വെടിവച്ചിട്ടില്ലെന്ന് യുപി പൊലീസും പറഞ്ഞു.