
പൂർവവിദ്യാർത്ഥി സംഗമം എന്നാൽ മഷിത്തണ്ടിൽ നിന്നും ഊന്നുവടിയിലേക്കുള്ള യാത്രാമദ്ധ്യേ ഒരു ഒത്തുചേരലാണ്. ഇന്നത്തെ ജീവിത സാഹചര്യത്തിലേക്ക് ഓരോ സഹപാഠിയും എത്തിയതെങ്ങനെ എന്നറിയാനുള്ള കൗതുകം. അതോടൊപ്പം ജീവിതയാത്രയിൽ കണക്കുകൂട്ടലുകൾ തെറ്റിപ്പോയി ക്ലേശങ്ങൾ അനുഭവിക്കുന്ന ചില സഹപാഠികളെയെങ്കിലും സഹായിക്കാൻ ഉന്നതജീവിതനിലവാരം നയിക്കുന്ന മറ്റു സഹപാഠികളുടെ ഒരു കൈത്താങ്ങ്. കൂടെ അറിവിന്റെ വാതായനങ്ങൾ തുറന്നിട്ട, കൊച്ചുകൊച്ചു ശിക്ഷകളിലൂടെ നേർവഴിയിലേക്കു നയിച്ച ഗുരുക്കന്മാരെ വീണ്ടുമൊന്നു കാണാൻ അവരുടെ സ്നേഹവാത്സല്യങ്ങൾ ഒരിക്കൽക്കൂടി നേരിട്ടനുഭവിക്കുക, ഇതിനൊക്കെയാണ് പൂർവവിദ്യാർത്ഥിസംഗമം സംഘടിപ്പിക്കുന്നത്.
വാസ്തവത്തിൽ ഇങ്ങനെമാത്രമാണോ സംഭവിക്കുന്നത്? അതിനുവേണ്ടി മാത്രമല്ലെന്ന് ചില സംഭവങ്ങൾ ഓർമ്മപ്പെടുത്തുന്നു. ഒരുപാട് വർഷങ്ങൾക്കുശേഷം വീണ്ടും കണ്ടുമുട്ടി പഴയകാലം ഓർത്തെടുക്കുമ്പോൾത്തന്നെ നിലവിലുള്ള ജീവിതസാഹചര്യവും ചർച്ച ചെയ്യപ്പെടും. സന്തോഷകരമായ അവസ്ഥകൾ തുറന്നുകാട്ടുന്നത് കുറച്ചുപേർ മാത്രമായിരിക്കും. മറ്റുള്ളവർക്ക് പറയാനുണ്ടാകുന്നത് ജീവിതത്തിൽ നിലവിലുള്ള വിഷമങ്ങളെക്കുറിച്ചും നിരാശയെക്കുറിച്ചുമായിരിക്കും. 'ഒന്നും പറയാനില്ല ചങ്ങാതി എപ്പോഴും ടെൻഷൻതന്നെ..." ഈ ടെൻഷനെപ്പറ്റി വിശദീകരിക്കാൻ ആദ്യത്തെ കുശലം പറച്ചിലിനിടയിൽ അധികമാർക്കും സാവകാശം കിട്ടിയെന്നുവരില്ല. പകരം അവർ നമ്പറുകൾ പരസ്പരം കൈമാറും. പുതിയ വാട്സ്അപ്പ് ഗ്രൂപ്പ് ഉണ്ടാക്കും. കൂടാതെ വ്യക്തിപരമായ ചാറ്റിലെയ്ക്കും നീങ്ങും.
അതിലൂടെയാണ് അവർ പരസ്പരം വിഷമങ്ങളും ജീവിതത്തിലെ നിരാശകളും കൈമാറാൻ തുടങ്ങുന്നത്. ഭാര്യയുടെ സ്നേഹക്കുറവ്, ഭർത്താവിന്റെ മദ്യപാനം, സാമ്പത്തികപരാധീനതകൾ, കുടുംബവഴക്കുകൾ ഒക്കെ പരസ്പരം തുറന്നുപറയും. ചിലപ്പോൾ ഈ ചാറ്റ് നീണ്ടുപോയി പാതിരാത്രിവരെയാകും. പാതിരാവരെ നീണ്ടുപോകുന്ന ചാറ്റിൽ ചിലർ സെക്സിന് ഊന്നൽ നൽകിയേക്കാം. ചാറ്റ് തുടരുമ്പോൾ അത് അപകടത്തിലേക്കും നീങ്ങാം.
പൂർവ വിദ്യാർത്ഥിസംഗമത്തിലൂടെ സഹപാഠികളെ ഒരു കൊലപാതകത്തിൽ വരെ കൊണ്ടുചെന്നെത്തിക്കുന്ന അവസ്ഥയാണ് തിരുവനന്തപുരത്ത് നടന്നത്. പൂർവ വിദ്യാർത്ഥിസംഗമം എന്നത് പഴയകാല സ്നേഹബന്ധങ്ങളെ എല്ലാ നന്മയോടുകൂടി ചേർത്തുപിടിക്കാനും വിഷമതകൾ ഉണ്ടെങ്കിൽ പരസ്പരം സഹായിക്കുവാനുമായിരിക്കണം. അല്ലാതെ നിലവിലുള്ള കുടുംബബന്ധത്തെ ശിഥിലമാക്കാൻവേണ്ടിയാകരുത്.
ബിന്ദു സുന്ദർ, കണ്ണൂർ