കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ മംഗളൂരുവിൽ രണ്ടുപേർ വെടിയേറ്റ് മരിച്ചതിന്റെ പശ്ചാത്തലത്തിൽ വടക്കൻ കേരളത്തിൽ ജാഗ്രതാ നിർദേശം. കോഴിക്കോട്,വയനാട്,കണ്ണൂർ,കോഴിക്കോട് ജില്ലകളിൽ സുരക്ഷ കർശനമാക്കി. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയാണ് ജാഗ്രതാ നിർദേശം നൽകിയത്. പൊലീസ് വെടിവയ്‌പിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്ട് അർദ്ധരാത്രിയും ജനം തെരുവിൽ ഇറങ്ങി പ്രതിഷേധിച്ചിരുന്നു. കോഴിക്കോട്ട് ബസ് സ്റ്റാന്‍റിലേക്ക് വിവിധ സംഘടനകൾ മാർച്ച് നടത്തിയിരുന്നു.
ഉത്തർപ്രദേശിലെ ലക്‌നൗവിൽ ഒരാളും കർണാടകത്തിലെ മംഗളുരുവിൽ രണ്ട് പേരുമാണ് ഇന്നലെ പൊലീസ് വെടിവയ്‌പിൽ മരണപ്പെട്ടത്. മംഗളുരുവിൽ മരിച്ചവരിൽ ഒരാൾ ബന്തർ സ്വദേശി ജലീൽ (35) ആണ്. ഇയാളുടെ ഭാര്യവീട് മഞ്ചേശ്വരം മജിബയലിൽ ആണ്. മംഗളുരുവിലെ സംഘർഷത്തിൽ നൂറിലേറെ പേർക്ക് പരിക്കേറ്റിരുന്നു. കർണാടകയിലെ മുഴുവൻ ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, മംഗളൂരു കമ്മിഷണറേറ്റ് പരിധിയിൽ മുഴുവൻ കർഫ്യൂ പ്രഖ്യാപിച്ചു. നേരത്തെ അഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രമായിരുന്നു കർഫ്യൂ. കേരള അതിർത്തിയോട് ചേർന്നുള്ള ദക്ഷിണ കന്നഡ ജില്ലയിൽ ഇന്‍റര്‍നെറ്റിന് രണ്ട് ദിവസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തി.
ഡൽഹി, ലക്‌നൗ, പാട്‌ന, ഹൈദരാബാദ്, ബാംഗ്ളൂർ, മംഗളുരു, മുംബയ് എന്നിവിടങ്ങളിൽ നിരോധനാജ്ഞ ലംഘിച്ച് തെരുവിലിറങ്ങിയ പ്രതിഷേധക്കാർ അക്രമാസക്തരായി.പലയിടത്തും പൊലീസുമായി ഏറ്റുമുട്ടി. ഡൽഹിയിൽ നിരോധനം ലംഘിച്ച് മാർച്ച് നടത്തിയ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, ബൃന്ദാ കാരാട്ട്, കോൺഗ്രസ് നേതാക്കളായ അജയ് മാക്കൻ, സന്ദീപ് ദീക്ഷിത്ത്, സ്വരാജ്യ അഭിമാൻ അദ്ധ്യക്ഷൻ യോഗേന്ദ്ര യാദവ്, ബംഗളുരുവിൽ ചരിത്രകാരൻ രാമചന്ദ്രഗുഹ തുടങ്ങിയവരെ അറസ്‌റ്റു ചെയ്‌ത് വിട്ടയച്ചു. മാർച്ചിനെത്തിയ ജാമിയ മിലിയ സർവകലാശാല, ജെ. എൻ. യു, സെൻട്രൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വിദ്യാർത്ഥികളെയും അറസ്റ്റ് ചെയ്തു.
പ്രക്ഷോഭകരെ തടയാൻ ഇരുപത് മെട്രോ സ്റ്റേഷനുകൾ അടച്ചു. ഡൽഹിയിൽ നിരവധി വിമാനസർവീസുകൾ നിറുത്തി. ഡൽഹി-ഹരിയാന അതിർത്തി അടച്ചു. ഡൽഹിയുടെ അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി. ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിയതും റോഡുകൾ അടച്ചതും ജനജീവിതത്തെ ബാധിച്ചു.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.