മലയിൻകീഴ്: അമ്മയ്‌ക്കൊപ്പം മലയിൻകീഴ് ട്രഷറിയിൽ വന്നതാണ് മകൻ. ഇതിനിടെ സമീപത്ത് മഞ്ജു വാര്യരുടെ സിനിമയുടെ ചിത്രീകരണമുണ്ടെന്നറിഞ്ഞു. സൂപ്പർതാരത്തെ കാണാൻ മകൻ ലൊക്കേഷനിലേക്ക് പോയി. കൂടെ വന്ന അമ്മയുടെ കാര്യവും മറന്നു. ഇതിനിടെ മകനെ കാണാതെ അമ്മ മണിക്കൂറുകൾ കണ്ണീരോടെ അലഞ്ഞു. ഒടുവിൽ പൊലീസും നാട്ടുകാരും ഇടപെട്ടാണ് അമ്മയ്ക്ക് മകനെ കണ്ടെത്തി കൊടുത്തത്.
പെൻഷൻ കാര്യം തിരക്കാനാണ് അമ്മയും മകനും ഇന്നലെ രാവിലെ മലയൻകീഴ് ട്രഷറിയിൽ വന്നത്. തിരക്ക് മൂലം അമ്മയ്‌ക്കൊപ്പം ട്രഷറിയിൽ കയറാതിരുന്ന മകൻ, മലയൻകീഴ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനടുത്ത് മഞ്ജു വാര്യർ നായികയാവുന്ന സിനിമയുടെ ഷൂട്ടിംഗ് കാണാൻ പോയി. ഇതിനിടെ ട്രഷറിയിലെ കാര്യങ്ങൾ കഴിഞ്ഞ് പുറത്തിറങ്ങിയ അമ്മ മകനെ അന്വേഷിച്ചു. ഏറെ നേരം പരിസരത്ത് തിരക്കിയെങ്കിലും കണ്ടെത്താനായില്ല. മകനെ കാത്തിരുന്ന് ഒടുവിൽ അമ്മ വീട്ടിലേക്ക് മടങ്ങാനായി ഓട്ടോയിൽ കയറി. എന്നാൽ താമസിക്കുന്ന സ്ഥലവും, വീടും കൃത്യമായി ഓർമ്മയില്ലാത്തതിനാൽ വീട്ടിൽ എത്താനായില്ല. ഏറെ നേരത്തെ അന്വേഷണത്തിനു ശേഷം ഓട്ടോ ഡ്രൈവർ അമ്മയെ മലയൻകീഴ് കരിപ്പൂരിനു സമീപം ഇറക്കി വിട്ടു.
അതേസമയം മകൻ ഇതൊന്നും അറിയതെ ഷൂട്ടിംഗ് കണ്ടുകൊണ്ടിരുന്നു. മകനെ കാണാതെ വഴിയോരത്ത് കരഞ്ഞുകൊണ്ടിരുന്ന അമ്മയെ നാട്ടുകാർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. അമ്മയുടെ കൈവശമുണ്ടായിരുന്ന രേഖകളിൽ നിന്നും മകന്റെ മൊബൈൽ നമ്പർ കണ്ടെത്തിയ പൊലീസ് മകനെ വിളിച്ച് വരുത്തി അമ്മയ്‌ക്കൊപ്പം പറഞ്ഞയച്ചു.