മലയാള സിനിമ രാഷ്ട്രീയപരമായി മാറ്റങ്ങൾക്ക് വിധേയമാകുന്ന ഈ കാലഘട്ടത്തിൽ ശക്തമായ രാഷ്ട്രീയം ചർച്ച ചെയ്യുന്ന സിനിമകളാണ് ഇന്ന് സാധാരണ മലയാളി സിനിമാ പ്രേക്ഷകനോട് ഏറ്റവും കൂടുതൽ സംവദിക്കുന്നത്. പ്രേക്ഷകനോട് ചിന്തിക്കാൻ ഒട്ടുമേ ആവശ്യപ്പെടാത്ത തട്ടുപൊളിപ്പൻ മസാല, മാസ് സിനിമകൾ അടക്കി വാണിരുന്ന മുഖ്യധാരാ മലയാള സിനിമയിൽ ഇത്തരം സിനിമകളും കാര്യമായ ഇടം കണ്ടെത്തി തുടങ്ങുകയും ചെയ്തിട്ടുണ്ട്. അങ്ങനെയൊരു സ്‌പേസിലേക്കാണ് കൊമേർഷ്യൽ ചിത്രങ്ങളിലൂടെ വിജയം കണ്ടെത്തിയ റോഷൻ ആൻഡ്രൂസ് എന്ന സംവിധായകൻ സ്ത്രീപക്ഷ രാഷ്ട്രീയം ചർച്ച ചെയ്യുന്ന 'പ്രതി പൂവൻകോഴി'യുമായി രംഗപ്രവേശം ചെയ്യുന്നത്.
കോട്ടയം നഗരത്തിലെ ഒരു വസ്ത്രശാലയിലെ സെയിൽസ്‌വുമണാണ് മാധുരി. സ്വന്തമായി അദ്ധ്വാനിച്ച് സമ്പാദിക്കുന്ന പണം കൊണ്ട് വീട് നോക്കി നടത്തുന്ന അവിവാഹിതയായ മാധുരിക്ക് ഏതാനും പ്രാരാബ്ധങ്ങളും ഉണ്ട്. പക്ഷെ അതിനിടയിലും തന്റെ അമ്മയോടൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അവർ. എന്നാൽ ജോലിസ്ഥലത്തേക്കുള്ള ബസ് യാത്രയ്ക്കിടയിൽ ഉണ്ടാകുന്ന മോശം അനുഭവം മാധുരിയുടെ ജീവിതത്തിൽ താളപ്പിഴകൾ സൃഷ്ടിക്കുകയാണ്. സഹപ്രവർത്തകരും സുഹൃത്തുക്കളും പിന്തിരിക്കാൻ ശ്രമിക്കുമ്പോഴും താൻ നേരിട്ട അപമാനത്തിന് പകരം വീട്ടണം എന്ന ചിന്ത വെടിയാൻ അവർ തയാറാകുന്നില്ല. ഈ സന്ദർഭം തൊട്ടാണ് സിനിമ അതിന്റെ താളം കണ്ടെത്തുന്നത്.
'ടോക്സിക് മാസ്‌ക്കുലിനിറ്റി' എന്ന് വിളിക്കപ്പെടുന്ന വിഷലിപ്തമായ പുരുഷബോധത്തെയാണ് ചിത്രം പ്രമേയമാക്കുന്നത്. സംവിധായകൻ റോഷൻ ആൻഡ്രൂസ് തന്നെ അവതരിപ്പിക്കുന്ന ആന്റപ്പൻ എന്ന 'ആണപ്പനാ'ണ് ഈ പുരുഷബോധത്തിന്റെ മർമ്മമായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ആക്രമണ മനോഭാവത്തിന്റെ, പെണ്ണിന്റെ ശരീരത്തിലും അവളുടെ സ്വാതന്ത്ര്യത്തിലും അനുവാദമില്ലാതെ കടന്നുകയറുന്ന, അവളുടെ ശരീരത്തെ ആർത്തി മുറ്റിയ കണ്ണുകൾ കൊണ്ട് കൊത്തിവലിക്കുന്ന വെറുപ്പുളവാക്കുന്ന ആണത്തത്തിന്റെ പ്രതിനിധിയാണ് ആന്റപ്പൻ. സിനിമയിൽ ഉടനീളം ഈ ആശയം ഏറിയും കുറഞ്ഞും സംവിധായകനും തിരക്കഥാകൃത്തും ചർച്ചയ്‌ക്കെടുക്കുന്നുണ്ട്. തന്റെ ആണത്തത്തെക്കുറിച്ചും പ്രത്യുത്പാദന കഴിവുകളെ കുറിച്ചും തൊട്ടടുത്തുള്ള വീട്ടിൽ താമസിക്കുന്നവരോട് പോലും വിളംബരം ചെയ്യുന്ന മാധുരിയുടെ അയൽക്കാരനും ഇത്തരത്തിലുള്ള പുരുഷബോധത്തിന്റെ അടിമയാണ്.
സ്ത്രീക്കുമേലുള്ള പുരുഷന്റെ കടന്നുകയറ്റത്തെ കുറിച്ചും, അത് നിരന്തരം സാധാരണവത്ക്കരിക്കപ്പെടുത്തിനെ കുറിച്ചും ചർച്ച ചെയ്യുമ്പോൾ തന്നെ സ്ത്രീയുടെ ആർജ്ജവത്തെ കുറിച്ചും ആത്മധൈര്യത്തെ കുറിച്ചും സിനിമ സംസാരിക്കുന്നുണ്ട്. തന്റെ നേരെ ഉണ്ടാകുന്ന അതിക്രമങ്ങൾക്കെതിരെ ശക്തമായി ചങ്കൂറ്റത്തോടെ പ്രതികരിക്കുന്ന സ്ത്രീയുടെ മുന്നിൽ അതിന് കാരണക്കാരനായ പുരുഷൻ തോൽക്കുക തന്നെ ചെയ്യുമെന്ന സന്ദേശമാണ് സംവിധായകൻ പ്രേക്ഷകന് നൽകുന്നത്. മാധുരിയുടെ, നിരവധി പ്രണയബന്ധങ്ങൾ സൂക്ഷിക്കുന്ന കൂട്ടുകാരിയെ രസകരമായി അവതരിപ്പിക്കുമ്പോഴും അവരെ വിധിക്കാൻ സിനിമ വിസ്സമ്മതിക്കുന്നത് ചിത്രത്തിന്റെ രാഷ്ട്രീയത്തെ ഒന്നുകൂടി ഉറപ്പിക്കുന്നു.
അതേസമയം, ഇത്തരത്തിൽ സ്ത്രീപക്ഷ രാഷ്ട്രീയത്തെ കൈകാര്യം ചെയ്യുമ്പോഴും സിനിമ സിനിമാറ്റിക്ക് തന്നെ ആയിരിക്കണം എന്ന് റോഷൻ ആൻഡ്രൂസിന് നിർബന്ധമുണ്ട്. റിയലിസത്തിലേക്ക് വഴിമാറി പോകേണ്ടിയിരുന്ന ചിത്രത്തെ ഉദ്വേഗജനകമായി, പ്രേക്ഷകനെ പിടിച്ചിരുത്താൻ കഴിയുന്ന തരത്തിൽ രൂപ്പപ്പെടുത്തിയെടുക്കാൻ കൊമേർഷ്യൽ സിനിമാ രംഗത്ത് പരിചയം സിദ്ധിച്ച സംവിധായകനായ റോഷൻ ആൻഡ്രൂസിന് നിഷ്പ്രയാസം കഴിഞ്ഞിട്ടുണ്ട്. ചെറിയ പഴുതുകൾ കാണാമെങ്കിലും ഉണ്ണി ആറിന്റെ തിരക്കഥയുടെ ശക്തമായ ചട്ടക്കൂടും ഇക്കാര്യത്തിൽ സംവിധായകനെ സഹായിക്കുന്നുണ്ട്.
ചിത്രത്തിൽ മാധുരിയായി എത്തുന്ന മഞ്ജു വാര്യരുടെ പ്രകടനം എടുത്ത് പറയേണ്ടത് തന്നെയാണ്. മാധുരി എന്ന ധീരയായ സ്ത്രീയുടെ കഥാപാത്രം അവതരിപ്പിക്കാൻ എന്തുകൊണ്ടും അനുയോജ്യ മഞ്ജുവാര്യർ തന്നെയാണെന്ന ബോദ്ധ്യമാണ് ചിത്രം കാണുന്ന പ്രേക്ഷകന് ഉണ്ടാകുക. കന്മദത്തിനും പത്രത്തിനും ശേഷമുള്ള മഞ്ജുവിന്റെ തിരിച്ചുവരവ് കൂടിയാണ് 'പ്രതി പൂവൻകോഴി'. നടി പ്രതിനിധീകരിക്കുന്ന രാഷ്ട്രീയവും കഥാപാത്രത്തോടും സിനിമയോടും ചേർന്നുനിൽക്കുന്നു. ആന്റപ്പനായുള്ള റോഷൻ ആൻഡ്രൂസിന്റെ പ്രകടനവും ചിത്രത്തിന്റെ ഹൈലൈറ്റാണ്. ക്യാമറയ്ക്ക് പിന്നിലും മുന്നിലുമായി മികച്ച പ്രകടനം അദ്ദേഹം കാഴ്ചവയ്ക്കുന്നു. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അനുശ്രീയും, ഗ്രേസ് ആന്റണിയും, അലൻസിയറും തങ്ങളുടെ ഭാഗങ്ങൾ മികച്ചതാക്കിയിട്ടുണ്ട്.
വാൽക്കഷണം: ചിന്തിക്കുന്ന പ്രേക്ഷകനുള്ള സിനിമയാണിത്
റേറ്റിംഗ്: 4/5