കൊച്ചി മട്ടാഞ്ചേരിയിലെ ജീവിതങ്ങൾ പറഞ്ഞ ഒരുപിടി ചിത്രങ്ങൾ മലയാളത്തിലുണ്ടായിട്ടുണ്ട്. അറിഞ്ഞോ അറിയാതെയോ ഈ കഥകൾ ഒട്ടുമിക്കവയും അവിടുത്തെ ഗുണ്ടകളെയും അധോലോകത്തെയും കുറിച്ചാകും പറയുക. ഡിമൽ ഡെന്നിസ് സംവിധാനം ചെയ്ത് യുവതാരം ഷെയിൻ നിഗം നായകനാകുന്ന 'വലിയ പെരുന്നാൾ' മട്ടാഞ്ചേരിയിലെ ഒരു പറ്റം യുവാക്കളെ ചുറ്റിപ്പറ്റിയുള്ള കഥയാണ്. പച്ചയായ അവതരണത്തിലൂടെയാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്. നായകനെ മാത്രം സ്ഥിരം പിന്തുടരുന്ന പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായി മറ്റു കഥാപാത്രങ്ങളുടെ കാഴ്ചപ്പാടിൽ കൂടെയുമാണ് ചിത്രം പുരോഗമിക്കുന്നത്.
കടം കയറി തകർന്നു നിൽക്കുന്ന ശിവൻ എന്ന ടാക്സി ഡ്രൈവറിന്റെ കഥ കാണിച്ചാണ് ചിത്രം തുടങ്ങുന്നത്. സ്വർണ്ണ വ്യാപാരിയായ ഒരു യാത്രക്കാരനെ കൊണ്ടു പോകുന്നതിനിടെ ഒരു കൂട്ടം മോഷ്ടാക്കളുടെ അവരെ ആക്രമിക്കുന്നു. ചിത്രം പിന്നെ ഒരു കൂട്ടം യുവാക്കളുടെ കഥയാണ് കാണിക്കുന്നത്. പെട്ടെന്ന് കാശുണ്ടാക്കി ജീവിക്കാൻ പല തരം തട്ടിപ്പുകളും അനധികൃത ഇടപാടുകളും നടത്തുന്നത് സ്ഥിരമാക്കിയവരാണ് ഇവർ. എന്നാൽ കഥാനായകനായ അക്കർ പ്രത്യക്ഷ്യത്തിൽ പ്രശ്നക്കാരനല്ല എന്ന് തോന്നും. അക്കറിന് ഇഷ്ടം ഡാൻസിനോടാണ്, പിന്നെ കാമുകിയായ പൂജയോടും. എന്നാൽ കഥ പുരോഗമിക്കുമ്പോൾ അക്കറും സുഹൃത്തുക്കളും ഒരു വൻ സ്വർണക്കടത്തിന് പിടിക്കപ്പെടുന്നു. ഒട്ടേറെ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന ആ കൊള്ളയുടെ പിന്നാമ്പുറ കഥകൾ സിനിമ പുരോഗമിക്കുമ്പോൾ വെളിവാകും.
മട്ടാഞ്ചേരിയിൽ ജനിച്ചു വീഴുന്ന ഓരോത്തരും തനിയെ വഴിതെറ്റി പോകുന്നതല്ല, മറിച്ച് അവരുടെ ജീവിതസാഹചര്യങ്ങളും സമൂഹവും അതിനുള്ള വഴിയൊരുക്കുന്നു എന്ന് ചിത്രത്തിൽ പറയുന്നു. എതൊരു മാതാപിതാക്കളെയും പോലെ മക്കളെ വലിയ നിലയിൽ എത്തിക്കാൻ പരിതാപകരമായ അവസ്ഥയിൽ ജീവിക്കുന്നവർക്ക് ആഗ്രമുണ്ട് എന്നാൽ ജീവിത നിലവാരം അതിനൊരു വിലങ്ങുതടിയാണ് എന്ന് സംഭാഷണങ്ങളിലൂടെ സിനിമ പറയുന്നു. നിലവാരമുള്ള ജീവിതത്തിലേക്ക് പെട്ടെന്ന് കൈപിടിയിലൊതുക്കാനുള്ള ആഗ്രഹം കുറ്റകൃത്യങ്ങളിലേക്ക് പോകാൻ ഇവർക്ക് കൂടുതൽ പ്രചോദനമാകുന്നു.
നായകനായ ഷെയിൻ നിഗത്തിൽ നിന്ന് തുടങ്ങി അഭിനേതാക്കളൊക്കെ മികച്ച പ്രകടനം കാഴ്ചവച്ചു. മറ്റു കഥാപാത്രങ്ങൾക്ക് നല്ല രീതിയിൽ സ്ക്രീൻ സ്പേസ് ഉണ്ടെങ്കിലും ഷെയിൻ ചിത്രത്തിന്റെ ആദ്യാവസാനം നിറഞ്ഞു നിൽക്കുന്നു. മലയാളത്തിലെ പുതുതലമുറയിലെ മികച്ച അഭിനേതാക്കളായ ജോജു ജോർജും സൗബിൻ ഷാഹിറും ശ്രദ്ധേയമായ പ്രകടനം നടത്തി. ഹിമിക ബോസാണ് ഷെയിന്റെ നായികയായത്. ജയിംസ് ഏലിയ, ക്യാപ്റ്റൻ രാജു, അതുൽ കുൽക്കർണി, സുധീർ കരമന, ധർമ്മജൻ ബോൾഗാട്ടി, അലൻസിയർ, വിനായകൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
ചിത്രത്തിലെ ഗാനങ്ങളൊരുക്കിയിരിക്കുന്നത് റെക്സ് വിജയനാണ്. സുരേഷ് രാജന്റെ ഛായാഗ്രാഹണം മികച്ചതാണ്.
നവാഗതനായ ഡിമൽ ഡെന്നിസിന്റെ ആദ്യ ചിത്രത്തിൽ കഴിവുറ്റ അഭിനയനിരയുണ്ട്. വിജയങ്ങൾ മാത്രം മലയാളത്തിന് സമ്മാനിച്ചിട്ടുള്ള അൻവർ റഷീദ് നിർമ്മാതാവായി എത്തുന്ന ചിത്രം കൂടിയാണ് 'വലിയ പെരുന്നാൾ'. ഒട്ടേറെ നല്ല മുഹൂർത്തങ്ങളുള്ള ചിത്രത്തിന്റെ പ്രധാന പോരായ്മ നീളവും വിരസമായ എഡിറ്റിംഗുമാണ്. രംഗങ്ങൾ തമ്മിൽ ഒരു ബന്ധമില്ലാതെ പോകുന്നത് പ്രേക്ഷകന് ആശയക്കുഴപ്പം ഉണ്ടാക്കിയേക്കാം. ചിത്രത്തിൽ അവിടവിടായി ചിതറി കിടക്കുന്ന കഥാശകലങ്ങൾക്ക് സിനിമയുടെ അവസാനത്തോടെ വ്യക്തത വരുന്നുണ്ട്. ഇത്തരം കുറവുകൾ മാറ്റി അഭിനേതാക്കളുടെ പ്രകടനത്തിനും ചിത്രത്തിന്റെ പച്ചയായ അവതരണത്തിനുമായി കണ്ടിരിക്കാവുന്ന ചിത്രമാണ് വലിയ പെരുന്നാൾ.
വാൽക്കഷണം: മട്ടാഞ്ചേരിയിലെ വലിയപെരുന്നാൾ
റേറ്റിംഗ്: 3/5