aa

തിരുവനന്തപുരം: തമിഴ്നാടിനെ കണ്ട് പഠിക്കണമെന്ന് പറയുന്നത് ചുമ്മാതല്ല. പ്രവൃത്തികൊണ്ട് അവർ മികവ് തെളിയിച്ചതുകൊണ്ടാണ്. ഇവിടെ നഷ്ടം കൊണ്ട് ബസുകളെല്ലാം കെ.എസ്.ആർ.ടി.സി കട്ടപ്പുറത്ത് കയറ്റുമ്പോൾ തമിഴ്നാട്ടിൽ ബസ് സർവീസുകളുടെ പൂരക്കാഴ്ചയാണ്. എന്താ വരുമാനം. എന്താ ആള്. കണ്ട് പഠിക്ക് എന്ന് പറയുമ്പോഴും നമ്മുടെ കെ.എസ്.ആർ.ടി.സി എങ്ങനെ ബസുകൾ ഓടിക്കാതിരിക്കാമെന്നാണ് റിസർച്ച് ചെയ്യുന്നത്. അങ്ങനെ ബസുകളാേരോന്ന് പിൻവലിച്ച് വലിയ ഗമയിൽ നിൽക്കുന്ന കെ.എസ്.ആർ.ടി.സിയുടെ മറ്റൊരു നാണംക്കെട്ട ഗമയിതാ. തിരുവനന്തപുരത്ത് നിന്ന് ഉൗട്ടിയിലേക്ക് കെ.എസ്.ആർ.ടി.സിയുടെ സർവീസില്ല. ഇത്രയും നാളായിട്ട് അതിനെപ്പറ്റി ചിന്തിച്ചിട്ടേയില്ല. ഇടയ്ക്കാരോ ഒരു മോഹം വച്ചപ്പോൾ സർവീസ് നടത്താൻ അനുമതി കിട്ടി. പക്ഷേ, ബസ് ഓടിക്കുന്നില്ല. എന്താ കാര്യം നമ്മുടെ അന്തസ് നോക്കണമല്ലോ. അതിന് പറ്റിയ ബസ് വേണം. അനുവദിച്ചത് സൂപ്പർ ഫാസ്റ്റ്. അതുപോര സൂപ്പർ ഡീലക്സ് വേണമെന്നാണ് ജീവനക്കാരുടെ പിടിവാശി. യാത്രക്കാർക്ക് പിടിവാശിയില്ല. വാശി മൂത്തതിനാൽ ബസ് ഇതുവരെ ഒാടിത്തുടങ്ങിയില്ല. അതേസമയം തമിഴ്നാട് ഉൗട്ടയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ബസ് ഓടിക്കുന്നുമുണ്ട്. ഇത് കണ്ടെങ്കിലും പഠിക്കേണ്ടതല്ലേ.

നാഗർകോവിൽ, മധുര വഴിയുള്ള തമിഴ്നാടിന്റെ ഉൗട്ടി സർവീസിന് മികച്ച കളക്ഷനാണ്.

നിലമ്പൂർ, നാടുകാണിചുരം, ഗൂഡല്ലൂർ വഴി സർവീസ് നടത്താനാണ് കെ.എസ്.ആർ.ടി.സിക്ക് അനുമതി ലഭിച്ചത്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് സർവീസ് ആരംഭിക്കുവാനായിരുന്നു പെർമിറ്റ്.

ക്രിസ്തുമസിന് മുൻപ് സർവീസ് തുടങ്ങാനായാൽ അത് സാമ്പത്തികമായി കെ.എസ്.ആർ.ടി.സിക്ക് വളരെ ഗുണം ചെയ്യും. നേരിട്ട് ഇവിടെ നിന്ന് ബസ് സർവീസ് ഉണ്ടെങ്കിൽ അവധിക്കാലം ആഘോഷിക്കാൻ ഊട്ടിയിലേക്ക് പോകുന്നവർക്ക് ആശ്രയമാകും. നിലവിൽ പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് സൂപ്പർഫാസ്റ്റ് സർവീസുകൾ ഊട്ടിയിലേക്ക് സർവീസ് നടത്തുമ്പോഴാണ് തിരുവനന്തപുരത്തു നിന്ന് സൂപ്പർ ഡീലക്സ് ബസ് തന്നെ വേണമന്ന് വാശിപിടിക്കുന്നത്. സെൻട്രൽ ബസ് ഡിപ്പോയിൽ സൂപ്പർ ഫാസ്റ്റ് ബസുകൾ ഓടിക്കാതെ ഒതുക്കിയിട്ടിരിക്കുന്നതായും പരാതിയുണ്ട്. തിരുവനന്തപുരത്തു നിന്ന് ഊട്ടിയിലേക്ക് 450 കിലോമീറ്ററാണ് ദൂരം. ഇതിനേക്കാൾ കൂടുതൽ ദൂരമുള്ള റൂട്ടുകളിലേക്ക് സൂപ്പർ ഫാസ്റ്റ് സർവീസുകൾ കെ.എസ്.ആർ.ടി.സി നടത്തുന്നുണ്ട്.