breakup

നമ്മൾ ഇഷ്ടപ്പെടുന്നവർ തിരിച്ച് നമ്മളെയും സ്നേഹിക്കണമെന്ന് വാശിപിടിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. അവരുടെ സ്നേഹവും കരുതലും ഒത്തിരി ആഗ്രഹിക്കുകയും ചെയ്യും. അത് ഇല്ലാതായാൽ സഹിക്കുകയും ഇല്ല. ഇക്കാര്യത്തെക്കുറിച്ചുള്ള മനശാസ്ത്ര വിദഗ്‌ദ്ധയായ കലാ മോഹന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിലിപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വിറ്റാമിൻ കുറവ് കൊണ്ട് ശരീരത്തിന് ഉണ്ടാകുന്ന അവശത പോലെ മനസ്സിനെയും ഇത്തരം ഇല്ലായ്മകൾ ബാധിക്കുമെന്ന് കലാമോഹൻ കുറിപ്പിലൂടെ പറയുന്നു. 'വഴി മാറി കൊടുക്കുക എന്നത് യുക്തിയാണ്. ഉപാധികൾ ഇല്ലാതെ പിന്മാറുക എന്നത് അവനവന്റെ മനസ്സിന് ആവശ്യമുള്ള വിറ്റാമിനുകൾ കിട്ടുക എന്നതുമാണ്'-കലാമോഹൻ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ശാരീരികമായ പോഷണക്കുറവ് പോൽ, ആത്മാവിലും ഉണ്ടാകണം ചില പോരായ്മകൾ..
സ്നേഹം, കരുതൽ ഇതൊക്കെ കിട്ടാതാകുമ്പോൾ, അല്ലേൽ ആഗ്രഹിക്കും പോലെ ഇല്ലാതാകുമ്പോൾ,
സഹിക്കാൻ കഴിയില്ല.
വിറ്റാമിൻ കുറവ് കൊണ്ട് ശരീരത്തിന് ഉണ്ടാകുന്ന അവശത പോലെ മനസ്സിനെയും ഇത്തരം ഇല്ലായ്മകൾ ബാധിക്കും..

ശരീരത്തിന് ആവശ്യമുള്ളത് സ്വയം കഴിച്ചിട്ടേ കാര്യമുള്ളൂ..
അത് പോലെ മനസ്സിലും..

ഇത്രയേറെ സ്നേഹിച്ചിട്ടും, ഒരിറ്റു സ്നേഹം തിരിച്ചു തന്നില്ലല്ലോ എന്ന് അടിവര ഇടാവുന്ന എത്രയോ ബന്ധങ്ങൾ നമുക്കിടയിൽ ഉണ്ട്..
അവരെ പിടിച്ചു നിർത്തരുത്..
സ്വാതന്ത്ര്യം അവരുടേതാണ്..
ഇങ്ങോട്ട് എത്ര തരണം എന്നുള്ളത്, എന്ത് തരണം എന്നുള്ളതും അവരുടെ തീരുമാനം ആണ്..

സ്നേഹം ഉണ്ടേൽ അത് പ്രകടിപ്പിക്കാൻ മടിക്കില്ല..
അറിയില്ല എന്ന് പറയുന്നത് കള്ളം..
കരുതൽ ഉണ്ടേൽ അത് ഒഴുകി വരും..
സമയമില്ല എന്ന് പറയുന്നത് സ്നേഹം ഇല്ലായ്മയോട് ചേർന്നു നിൽക്കുന്ന കൂട്ടുകാരൻ..

പിടിച്ചു വാങ്ങാൻ പറ്റാത്ത, പണം കൊടുത്താൽ കിട്ടാത്ത അത്തരം ചിലതുണ്ട്.
വാശി പിടിക്കാൻ നിന്നാൽ തോറ്റു പോകും..
വഴി മാറി കൊടുക്കുക എന്നത് യുക്തിയാണ്.. ഉപാധികൾ ഇല്ലാതെ പിന്മാറുക എന്നത് അവനവന്റെ മനസ്സിന് ആവശ്യമുള്ള വിറ്റാമിനുകൾ കിട്ടുക എന്നതുമാണ്..

നല്ല ഓർമ്മകൾ അവശേഷിപ്പിച്ചു ആ ബന്ധങ്ങൾ അകന്നു പോകാൻ അനുവദിക്കുമ്പോൾ,
മനസ്സ് കൊണ്ട് നാം കരുത്തർ ആകുന്നു..
ചേരാത്ത ബന്ധം ആണേൽ അവിടെയാണ് നാം കൂടുതൽ തളരുന്നത്..

നമ്മുടെ മനസ്സിന്റെ പോഷകക്കുറവ് നികന്നു തുടങ്ങുന്നു..
കരഞ്ഞു തീർക്കുക.. കരയാതിരിക്കരുത്..
അതാണ് ശക്തിയും ഊർജ്ജവും..
അവിടെ നിന്നും, പതുക്കെ ചിരി നേടുക..
ചിരി ഒരു ശീലമാക്കാം...