തിരുവനന്തപുരം: കാളപെറ്റെന്ന് കേട്ട് കയറെടുത്തെന്ന് കേട്ടിട്ടേയുള്ളൂ. എന്നാൽ അത് അക്ഷരം പ്രതി ശിരസാവഹിച്ചിരിക്കുകയാണ് കരമന പൊലീസ്. കയറുമായി ഓടിപ്പാഞ്ഞ് പോയ പൊലീസിന് കാളയും കിട്ടിയില്ല, കുട്ടിയും കിട്ടിയില്ല. നാണം കെട്ട് മുഖം പൊത്തിയിരിക്കുകയാണ് പാവം പൊലീസ് ഏമാന്മാർ.
തട്ടിപ്പ് കേസ് പ്രതിയും രാജ്യാന്തര ഓൺലൈൻ ചീറ്റിംഗ് വീരനുമായ നൈജീരിയക്കാരനെ പിടിക്കാൻ കരമന പൊലീസ് മുംബയ്ക്ക് വച്ചു പിടിച്ചു. അത് ആരോ പറ്റിച്ച പണിയാണെന്ന് മുംബയിൽ ചെന്ന് തെക്ക് വടക്കോടിയപ്പോഴാണ് പിടികിട്ടിയത്.
നൈജീരിയക്കാരനെ പിടിക്കാൻ
കരമന പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇതുകണ്ട ആരോ പൊലീസിനൊരു പണി കൊടുത്തു. വെറും പണിയല്ല, മുട്ടൻ പണി.
നൈജീരിയൻ തട്ടിപ്പുകാരനെ മുംബയിൽ തടഞ്ഞ് വച്ചിരിക്കുന്നതായ വിവരം കിട്ടുന്നു. കേട്ടപാതി കേൾക്കാത്ത പാതി
ഒരു എസ്.ഐയും മൂന്നു പൊലീസുകാരും മുംബയ്ക്ക് വച്ചുപിടിച്ചു. കൂടുതലാരേയുമറിയാക്കാതെ രഹസ്യമായി ഒരു ഓപ്പറേഷൻ.
ഓൺലൈൻ പർച്ചേസിന്റെ പേരിൽ കരമന സ്വദേശിയുടെ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തനൈജീരിയക്കാരനെ തൂക്കിയെടുക്കുന്നത് സ്വപ്നം കണ്ടവർ നൈജീരിക്കാരന്റെ സകലതട്ടിപ്പിന്റെയും വിവരങ്ങൾ ശേഖരിച്ചു. നാടാകെ തെരയുന്ന പ്രതിയെ കൈയോടെ പൊക്കി കേസ് തെളിയിക്കാമെന്ന മോഹത്തിന് കമ്മിഷണർ പച്ചക്കൊടി വീശി. അങ്ങനെ വഴിച്ചെലവിന് അരലക്ഷത്തിലേറെ രൂപയുമായി പൊലീസ് സംഘം ട്രെയിൻ കയറി. രണ്ട് ദിവസത്തെ യാത്രയ്ക്കൊടുവിൽ മുംബയിലെ താന പൊലീസ് സ്റ്റേഷനിലെത്തി.
പ്രതി എയർപോർട്ടിലുണ്ടെന്ന് പറഞ്ഞ് താനെ പൊലീസ് കരമന പൊലീസിനെ അവിടേക്ക് അയച്ചു. എയർപോർട്ടിലെത്തിയപ്പോൾ ഏത് നൈജീരിയക്കാരനെന്നായി എമിഗ്രേഷൻ വിഭാഗം. നൈജീരിയക്കാരാരും പിടിയിലില്ലെന്ന് എമിഗ്രേഷൻ വിഭാഗവും സുരക്ഷാ സേനയും അറിയിച്ചതോടെ നാലംഗ പൊലീസ് സംഘം തിരിച്ച് താന സ്റ്റേഷനിലേക്ക് ഓടി. ഇവിടെയില്ലെന്ന് താന പൊലീസ് വീണ്ടും തീർത്ത് പറഞ്ഞു. കേരള പൊലീസ് തട്ടിക്കയറിയപ്പോൾ നഗരത്തിലെ ഒരു ഹോട്ടലിൽ നൈജീരിയക്കാരൻ തങ്ങുന്നതായ വിവരം കിട്ടിയെതന്നായി താന പൊലീസ്. അതു പറഞ്ഞ് അവർ കൈമലർത്തിയതോടെ മുംബയിലെ ഹോട്ടലായ ഹോട്ടലെല്ലാം കരമന പൊലീസ് അരിച്ചുപെറുക്കാൻ തുടങ്ങി. നൈജീരിയക്കാരനെ എങ്ങും കണ്ടില്ല.
ഒരാഴ്ചയോളം മുംബയ് നഗരത്തിലൂടെ അലഞ്ഞുതിരിഞ്ഞു. നൈജീരിയൻ തട്ടിപ്പ് വീരനെപ്പറ്റി ഒരു സൂചനയും ലഭിക്കാതായപ്പോൾ കരമന പാെലീസ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറെ വിളിച്ചു. ഇങ്ങു പോരെ കമ്മിഷണർ നിർദേശിച്ചു. അങ്ങനെ നാണം കെട്ട് തിരിച്ച് വണ്ടി കയറിയെത്തിയ പൊലീസ് സംഘത്തിന്റെ അന്വേഷണകഥ പറഞ്ഞ് ചിരിക്കുന്നത് മറ്റാരുമല്ല, സഹപ്രവർത്തകരായ പാെലീസുകാർ തന്നെ.