ബാംഗ്ളൂർ: മാംഗളൂരിൽ കസ്റ്റഡിയിലെടുത്ത മാദ്ധ്യമപ്രവർത്തകർ വ്യാജന്മാരാണെന്ന് പ്രചരിപ്പിച്ച് മംഗളൂർ പൊലീസ്. മംഗളൂരുവിൽ റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകർക്ക് തിരിച്ചറിയൽ കാർഡില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഇവർ വ്യാജ മാദ്ധ്യമപ്രവർത്തകരാണെന്ന വാദം പൊലീസ് ഉയർത്തുന്നത്. ഏതാനും പ്രാദേശിക മാദ്ധ്യമങ്ങളും പൊലീസുകാരുടെ വാദം ഏറ്റുപിടിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നും കലാപം ഉണ്ടാക്കാൻ വേണ്ടി ആയുധങ്ങളുമായാണ് ഇവർ മംഗളൂരുവിലേക്ക് എത്തിയതെന്നും ഇവർ അമ്പതോളം പേരുണ്ടെന്നും കന്നഡ മാദ്ധ്യമങ്ങൾ പറയുന്നുണ്ട്.
എന്നാൽ പൊലീസിന്റെ കസ്റ്റഡിയിലുള്ളത് അഞ്ച് മാദ്ധ്യമപ്രവർത്തകർ മാത്രമാണ്. നിരവധി ഇടപെടലുകൾ ഉണ്ടായ ശേഷവും മാദ്ധ്യപ്രവർത്തകരെ പുറത്തുവിടാൻ പൊലീസ് തയാറായിട്ടില്ല. ഇവരുടെ ഫോൺ പിടിച്ചെടുക്കുകയും ഇന്റർനെറ്റ് തുടങ്ങിയ മറ്റ് ആശയവിനിമയ സംവിധാനങ്ങൾ പൊലീസ് തടഞ്ഞുവയ്ക്കുകയും ചെയ്തതിനാൽ മംഗളൂരുവിലെ യഥാർത്ഥ സ്ഥിതി എന്തെന്ന് വ്യക്തമല്ല. മാദ്ധ്യമപ്രവർത്തകരെ എപ്പോൾ വിട്ടയക്കുമെന്ന കാര്യവും പൊലീസ് വ്യക്തമാക്കിയിട്ടില്ല.
മംഗളൂരുവിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന വെൻലോക്ക് ആശുപത്രിക്ക് സമീപം റിപ്പോർട്ട് ചെയ്യാനെത്തിയ മലയാളി മാദ്ധ്യമപ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരിൽ നിന്ന് ക്യാമറ ഉൾപ്പെടെയുള്ള ഉപകരണങ്ങളും പിടിച്ചുവാങ്ങി. പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലാണ് നടപടി. പൊലീസെത്തി മാദ്ധ്യമപ്രവർത്തകരോട് സ്ഥലത്ത് നിന്ന് മാറാൻ ആവശ്യപ്പെടുകയും, ശേഷം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സംഘർഷ സാദ്ധ്യതയുണ്ടാകുമെന്ന ഇന്റലിജന്റ്സ് മുന്നറിയിപ്പിനെതുടർന്ന് മംഗലാപുരത്ത് നേരത്തെതന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.