cancer

തിരുവനന്തപുരം: ആരോഗ്യ പരിപാലന രംഗത്ത് കേരളം മുന്നിലാണെങ്കിലും ആശങ്കപരത്തുന്ന രീതിയിൽ കാൻസർ രോഗികളുടെ എണ്ണം പെരുകുകയാണ്. പൊടുന്നനെ കാൻസറാണെന്നറിയുമ്പോൾ തളർന്ന് പോകുന്ന ജനതയുടെ കേന്ദ്രമായി കേരളം മാറുകയാണ്. ഇക്കാര്യത്തിൽ ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല. സ്ത്രീകളെ സ്തനാർബുദമാണ് വലയ്ക്കുന്നതെങ്കിൽ പുരുഷൻമാരിൽ പല അവയവങ്ങളെയും കാൻസർ പിടിച്ച് ഞെരിക്കുകയാണ്.

കാൻസർ ഓടി വരുന്നു

അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറികളിൽ കാൻസർ ഒളിഞ്ഞിരിക്കുകയാണ്. കേരളത്തിൽ പച്ചക്കറി കൃഷിയില്ലാത്തതിനാൽ തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നാണ് പച്ചക്കറികൾ എത്തുന്നത്. ഇതിൽ അടിക്കുന്ന കീടനാശിനികളും വളങ്ങളും രോഗം വരുന്നതിന്റെ കാരണങ്ങളാണ്. കാൻസറിനെക്കുറിച്ചുള്ള ആധികാരിക പഠനങ്ങൾ നടത്തുന്ന രാജ്യാന്തര കാൻസർ ഗവേഷണ ഏജൻസി നടത്തിയ പഠനവും കാൻസറിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് ജീവിതശൈലിയും ആഹാരങ്ങളുമാണെന്നാണ്.

പച്ചക്കറിയിലെ വില്ലൻ

പച്ചക്കറിയിൽ തളിക്കുന്ന ലിൻഡേൻ എന്ന കീടനാശിനി വളരെ അപക‌ടകാരിയാണ്. 2013 ൽ ഇത് നിരോധിച്ചിട്ടുണ്ടെങ്കിലും രഹസ്യമായി വൻതോതിൽ ഉപയാേഗിക്കുകയാണ്. പച്ചക്കറികൾ കൂടുതൽ ദിവസം കേടാകാതിരിക്കാൻ ഇത് ഉപയോഗിക്കുന്നതിലൂടെ കഴിയുന്നു. ഇത് എത്ര വേവിച്ചാലും കീടനാശിനിയുടെ അംശം മാറാതെ നിൽക്കുമെന്നാണ് കണ്ടെത്തൽ. പുകയില, മദ്യം, സംസ്കരിച്ച ഇറച്ചി, പുകക്കുഴലിലെ പൊടി, സൂര്യപ്രകാശം, വൈറസുകൾ, ബാക്ടീരിയ, ഫംഗസുകൾ തുടങ്ങിയവ മൂലവും കാൻസർ ഉണ്ടാവാമെന്നാണ് ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ പഠനത്തിൽ പറയുന്നത്.

മറ്റ്സംസ്ഥാനങ്ങളെ പിന്നിലാക്കി കുതിപ്പ്

പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് കാൻസറിന്റെ നിരക്ക് ഏറ്റവും കൂടുതൽ കേരളത്തിലാണ്. കരൾ കാൻസർ 1990 മുതൽ 2016 വരെയുള്ള കാലത്ത് 32.2 ശതമാനമായിരുന്നത് ഇപ്പോൾ 39.87 ശതമാനമായി. അരുണാചൽ പ്രദേശായിരുന്നു നേരത്തെ മുന്നിൽ. ഇപ്പോൾ കേരളവും ഒപ്പമെത്തുകയാണ്. സ്തനാർബുദം 39.1 ശതമാനമാണ് വർദ്ധിച്ചത്. ഇത് ഏറ്റവും കൂടുതൽ കേരളത്തിലാണ്. പഞ്ചാബ്, തമിഴ്നാട് എന്നിവിടങ്ങളാണ് തൊട്ട് പിന്നിൽ. പുരുഷന്മാരിൽഏറ്റവുമധികം കാണപ്പെടുന്നത് വായിലെയും ശ്വാസകോശത്തിലെയും കാൻസറുകളാണ്. പുകയിലയുടെ ഉപയോഗവും വായു മലിനീകരണവുമാണ് ഇതിന് കാരണമായി പറയുന്നത്.

പ്രായം കാൻസറിനെ വിളിക്കുന്നു

പ്രായം ചെല്ലും തോറും കാൻസർ കടന്നുവരാനുള്ള സാദ്ധ്യതയും ഏറെയാണ്. കൂടുതൽ രാജ്യങ്ങളിൽ വിവിധ ആരോഗ്യസംഘടനകൾ നടത്തിയ പഠനവും അത് തെളിയിക്കുന്നു. കേരളത്തിൽ ആയുർദൈർഘ്യം 75 വയസാണ്. ഇന്ത്യയിൽ പൊതുവിൽ എടുത്താൽ 69 വയസും. ആയുസ് കൂടുന്നതിനനുസരിച്ച് കാൻസർ വരാനുള്ള സാദ്ധ്യതയും കൂടുതലായതിനാൽ പ്രായം ചെന്നവരിലാണ് കൂടുതലായി കാൻസർ കണ്ടുവരുന്നത്.

ആഹാരത്തിൽ സൂക്ഷിക്കുക

ആഹാരക്രമത്തിൽ ക്രമവും നിയന്ത്രണവും ഏർപ്പെടുത്തിയാൽ കാൻസറിനെ ഒരുപരിധിവരെ അകറ്റി നിറുത്താമെന്ന് പഠനങ്ങൾ പറയുന്നു. അമിത മദ്യപാനം ആമാശത്തിലെയും കുടലിലിയും കരളിലെയും കാൻസറിന് ഇടയാക്കുന്നു. ചെയിൻ സ്മോക്കിംഗ് മറ്റൊരു വില്ലനാണ്. വിശ്രമമില്ലാതെയുള്ള ജീവിതമാണ് മറ്റൊരു അപകടകാരി. ശരീരം വിശ്രമം ആവശ്യപ്പെടുമ്പോൾ കൂടുതൽ ജോലിയിലേക്ക് തള്ളിവിടുന്നത് അപകടങ്ങൾ ക്ഷണിച്ച് വരുത്തുന്നതിന് ഇടയാക്കുന്നു.