thomas-chandy



തിരുവനന്തപുരം: പിണറായി വിജയൻ മന്ത്രിസഭയിലെ മുൻ മന്ത്രിയും കുട്ടനാട് എം.എൽ.എയുമായ തോമസ് ചാണ്ടി അന്തരിച്ചു. 72 വയസായിരുന്നു. എറണാകുളത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളുകളായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. പിണറായി മന്ത്രിസഭയിൽ ഗതാഗത വകുപ്പായിരുന്നു തോമസ് ചാണ്ടി കൈകാര്യം ചെയ്തിരുന്നത്. എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷനായിരുന്ന ചാണ്ടി മൂന്ന് തവണയാണ് കുട്ടനാടിനെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. 2006ലാണ് അദ്ദേഹം ആദ്യമായി കുട്ടനാട് എം.എൽ.എയാകുന്നത്. ആദ്യം കോൺഗ്രസിൽ നിന്നും ഡി.എ.സിയിലേക്ക് സ്ഥാനം മാറിയ തോമസ് ചാണ്ടി പിന്നീടാണ് എൻ.സി.പിയിലേക്ക് എത്തിച്ചേരുന്നത്.

1947, ഒക്ടോബർ 29നാണ് വി.സി. തോമസിന്റെയും ഏലിയാമ്മ തോമസിന്റെയും മകനായി ആലപ്പുഴ ചെന്നംകരിയിൽ തോമസ് ചാണ്ടി ജനിച്ചത്. അറുപതുകളുടെ അവസാനത്തിൽ കെ.എസ്.യുവിന്റെ ഭാഗമായിക്കൊണ്ടാണ് തോമസ് ചാണ്ടി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് 1970ൽ കുട്ടനാട്ടിലെ കെ.എസ്.യുവിന്റേയും യൂത്ത് കോൺഗ്രസിന്റെയും അദ്ധ്യക്ഷ സ്ഥാനത്തേക്കും അദ്ദേഹം വന്നു. മേഴ്‌സി ചാണ്ടിയാണ് ഭാര്യ. ഒരു മകനും രണ്ട് പെണ്മക്കളുമുണ്ട്. തോമസ് ചാണ്ടി തന്റെ റിസോർട്ടിനായി ആലപ്പുഴ പുന്നമട കായൽ കയ്യേറിയെന്ന് കാണിച്ചുള്ള മാദ്ധ്യമ റിപ്പോർട്ട് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. തുടർന്ന് അദ്ദേഹം 2017ൽ തന്റെ മന്ത്രിസ്ഥാനം രാജി വയ്ക്കുകയായിരുന്നു.