അമേരിക്കയുടെ ചരിത്രത്തിൽ ആദ്യഘട്ട ഇംപീച്ച്മെന്റ് നടപടികൾക്ക് വിധേയനാകുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ട്രംപ്. 1868 ൽ ആൻഡ്രൂ ജോൺസണും 1998 ൽ ബിൽ ക്ളിന്റണുമാണ് ഇതിന് മുൻപ് ഇത്തരത്തിൽ ഇംപീച്ച്മെന്റ് നടപടികൾക്ക് വിധേയമായത്. എന്നാൽ പ്രസിഡന്റിനെ അന്തിമമായി നീക്കം ചെയ്യുന്നതിൽ വിജയിച്ചില്ല. ട്രംപിനെതിരെയുള്ള കുറ്റവിചാരണ യഥാർത്ഥത്തിൽ അമേരിക്കൻ രാഷ്ട്രീയത്തെ ഗ്രസിച്ചിരിക്കുന്ന സങ്കുചിത ആശയത്തിന്റെ നേർക്കാഴ്ചയാണ്. ധാർമ്മികവും ജനാധിപത്യപരവുമായ മൂല്യങ്ങളെ തീർത്തും അവഗണിച്ചുകൊണ്ടുള്ള ഒരു വോട്ടെടുപ്പാണ് ജനപ്രതിനിധി സഭയിൽ നടന്നത്. സാധാരണ ഇത്തരം ഭരണഘടനാ വിഷയങ്ങൾ വോട്ടിനിടുമ്പോൾ രാഷ്ട്രീയം മറന്ന് ജനപ്രതിനിധികൾ നിലപാടെടുക്കാറുള്ളതാണ്. എന്നാൽ ഇത്തവണ തീർത്തും സ്വന്തം രാഷ്ട്രീയ താത്പര്യങ്ങൾക്ക് മാത്രമാണ് അവർ വില നല്കിയത്.
കുറ്റങ്ങൾ
ജനപ്രതിനിധിസഭയിൽ ട്രംപിനെതിരെ പ്രമേയം പാസായത് രണ്ട് കുറ്രങ്ങൾക്കാണ്. ഒന്ന്, 2020 ൽ നടക്കാൻ പോകുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ രാഷ്ട്രീയ എതിരാളിക്കെതിരെ അന്വേഷണം നടത്താൻ വേണ്ടി യുക്രെയ്ൻ പ്രസിഡന്റിനുമേൽ സമ്മർദ്ദം ചെലുത്തിയെന്ന ആരോപണം, അമേരിക്ക യുക്രെയ്നിന് വാഗ്ദാനം ചെയ്ത സൈനിക സഹായം താമസിപ്പിച്ചാണ് സമ്മർദ്ദം ചെലുത്തിയത്. ബാഹ്യശക്തികളെ ഉപയോഗിച്ച് അമേരിക്കൻ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പിനെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നത് ഗുരുതരമായ കുറ്റമാണ്. ഇക്കാര്യത്തിൽ 230 - 197 എന്ന ക്രമത്തിലാണ് പ്രമേയം പാസായത്. രണ്ടാമത്തെ കുറ്റം, കോൺഗ്രസിന്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്തി എന്നതാണ്. ഇംപീച്ച്മെന്റ് നടപടികളുമായി മുന്നോട്ടു പോകുന്നത് ജനപ്രതിനിധിസഭയുടെ ഒരു രേഖയും നൽകാൻ ട്രംപ് തയാറായില്ല. ഇത് കോൺഗ്രസിന്റെ പ്രവർത്തനം തടസപ്പെടുത്തലാണ്. ഇക്കാര്യത്തിൽ 229- 198 എന്ന ക്രമത്തിലാണ് പ്രമേയം പാസായത്.
അടുത്ത നടപടി പ്രതിനിധിസഭയിൽ നിന്നും സെനറ്റിൽ വിചാരണ തുടങ്ങുക എന്നതാണ്. എന്നാൽ ജനപ്രതിനിധിസഭ സ്പീക്കർ നാൻസി പെലോസി റിപ്പോർട്ട് എന്ന് നല്കുമെന്ന് സൂചന നൽകിയിട്ടില്ല. വിലപേശലിനായി റിപ്പോർട്ട് കൈവശം സൂക്ഷിക്കുകയാണ് എന്ന വിമർശനം ഉയർന്നു കഴിഞ്ഞു.
കറുത്ത പാട്
നിലവിലെ സെനറ്റിലെ അംഗബലം അനുസരിച്ച് പ്രസിഡന്റ് ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്റ് പ്രമേയം പാസാകാൻ സാദ്ധ്യത വളരെ കുറവാണ്. നൂറ് അംഗങ്ങളുള്ള സെനറ്റിൽ റിപ്പബ്ളിക്കൻസ് 53, ഡമോക്രാറ്റ്സ് 45, സ്വതന്ത്രർ 2 എന്നീ ക്രമത്തിലാണ് അംഗബലം. മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കിൽ മാത്രമേ ഇംപീച്ച്മെന്റ് പാസാകൂ. അതായത് നിലവിലെ വിഭജിത രാഷ്ട്രീയ സാഹചര്യത്തിൽ പ്രമേയം പാസാകില്ല എന്ന് നിസംശയം പറയാം. പിന്നെന്താണ് ഈ നടപടികളുടെ ലക്ഷ്യം. ജനപ്രതിനിധി സഭയിലൂടെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള കുറ്റങ്ങൾ പ്രസിഡന്റ് ട്രംപിന്റെ ഭരണത്തിൽ കരിനിഴൽ വീഴ്ത്തിക്കഴിഞ്ഞു. പൊതുബോധമണ്ഡലത്തിൽ സൃഷ്ടിച്ചിട്ടുള്ള സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങൾ ധാർമ്മിക രോഷത്തിന് കാരണമാകും. അമേരിക്കൻ ജനാധിപത്യം കൂടൂതൽ അധ:പതിക്കാതിരിക്കാൻ ട്രംപ് രാജിവയ്ക്കണമെന്നാണ് ഡെമോക്രാറ്റ്സുകളുടെ ആവശ്യം. അധികാരത്തിൽ തുടരാൻ ട്രംപ് ഗൂഢാലോചന നടത്തി, ജനാധിപത്യം അട്ടിമറിക്കുന്നു എന്നതാണ് പ്രധാന വിമർശനം.
പുച്ഛത്തോടെ ട്രംപ്
തനിക്കെതിരെയുള്ള നടപടികളെ പരമപുച്ഛത്തോടെയാണ് ട്രംപ് കാണുന്നത്. ' തീവ്ര ഇടതുപക്ഷം പടച്ചുവിടുന്ന ഇത്തരം കള്ളത്തരങ്ങൾ, ഡെമോക്രാറ്റ്സിന് ഗുണം ചെയ്യില്ല. ഇത് അമേരിക്കയ്ക്കും ഡെമോക്രാറ്റിക് പാർട്ടിക്കും മേലുള്ള അക്രമമാണ്. " എന്നാണ് ട്രംപ് ട്വീറ്ര് ചെയ്തത്. താൻ അധികാരത്തിലെത്തിയ ആദ്യ ദിവസം മുതൽ , തന്നെ പുറത്താക്കുക എന്നതാണ് ഡെമോക്രാറ്റുകളുടെ ലക്ഷ്യം. അവർ അമേരിക്കൻ പ്രസിഡന്റിനെ വിദ്വേഷത്തോടെയാണ് കാണുന്നത്. ട്രംപിന്റെ ആരാധകരിൽ നിന്നും അതിശക്തമായ പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് അമേരിക്കയിൽ ജനങ്ങൾക്ക് വിശ്വാസമുള്ള പ്രധാനപ്പെട്ട രാഷ്ട്രീയ സംവിധാനങ്ങളിൽ മുന്നിലാണ് പ്രസിഡന്റിന്റെ ഓഫീസ് എന്നാണ് പഠനങ്ങൾ കാണിക്കുന്നത്. പങ്കെടുക്കുന്ന പൊതുപരിപാടികളിലെല്ലാം ആവേശത്തോടെയുള്ള സ്വീകരണമാണ് ട്രംപിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രതികൂല രാഷ്ട്രീയ സാഹചര്യങ്ങളെ തനിക്ക് അനുകൂലമാക്കി മാറ്റാൻ ജനസഞ്ചയ രാഷ്ട്രീയത്തിന്റെ എല്ലാ അടവുകളും ട്രംപ് പയറ്റുന്നു.
രാഷ്ട്രീയ പ്രത്യാഘാതം
ഇരുപാർട്ടികളും ലക്ഷ്യമിടുന്നത് 2020 ൽ നടക്കാൻ പോകുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനെയാണ് . പരസ്പരം ചെളിവാരിയെറിഞ്ഞത് ധാർമ്മിക മേൽക്കൈ നേടുകയാണ് ലക്ഷ്യം. ഈ രാഷ്ട്രീയ വ്യായാമം നടക്കുന്നത് ജനാധിപത്യമൂല്യങ്ങൾക്ക് വലിയ സ്ഥാനമുണ്ടായിരുന്ന പഴയ അമേരിക്കയിലല്ല. മറിച്ച് അമേരിക്കയെ വെള്ളക്കാരന്റേതാക്കാൻ ശ്രമിക്കുന്ന പുതിയ ജനസഞ്ചയ ജനാധിപത്യ രാഷ്ട്രീയ കളികളിലാണ്. രണ്ട് കാര്യങ്ങൾ, അമേരിക്കൻ ജനാധിപത്യത്തെ സംബന്ധിച്ച് പ്രസക്തമാണ്. ഒന്ന്, അധികാര ദുരുപയോഗവും ഭരണഘടനാലംഘനവും നടത്തിയ ഒരു പ്രസിഡന്റിനെ കുറ്റവിചാരണ ചെയ്യാൻ പാടുപെടുന്ന സങ്കുചിത രാഷ്ട്രീയം, തീർത്തും രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനത്തിലാണ് ജനപ്രതിനിധിസഭയിൽ ഇംപീച്ച്മെന്റ് പ്രമേയും പാസായത്. സെനറ്റിലും അതുതന്നെയാണ് സംഭവിക്കാൻ പോകുന്നത്. രണ്ട്, കുറ്റം ചെയ്ത പ്രസിഡന്റിന് ലഭിക്കുന്ന വലിയ ജനപിന്തുണ. ഭരണഘടനാമൂല്യങ്ങൾക്ക് അതീതമായി സങ്കുചിത രാഷ്ട്രീയ നിലപാടുകളും ആശയങ്ങളുമാണ് അമേരിക്കൻ ജനാധിപത്യത്തിന്റെ ഗതിവിഗതികൾ നിർണയിക്കുന്നത്. ട്രംപ് ഇംപീച്ച്മെന്റിൽ നിന്ന് രക്ഷപ്പെടാൻ പോകുന്നതും ഈ രാഷ്ട്രീയ കള്ളക്കളിയിലാണ്.
(ലേഖകന്റെ ഫോൺ : 9447145381)