thalappadi

കാസർകോട്: കർണാടക പൊലീസ് കസ്റ്റഡിയിലെടുത്ത മലയാളി മാദ്ധ്യമപ്രവർത്തകരെ കേരള പൊലീസിന് കൈമാറി. ഏഴ് മണിക്കൂറിന് ശേഷമാണ് കസ്റ്റഡിയിൽ വച്ചിരുന്ന മാദ്ധ്യമപ്രവർത്തകരെ കാസർകോട് അതിർത്തിയായ തലപ്പാടിയിൽ എത്തിച്ച ശേഷം കർണാടക പൊലീസ് കേരള പൊലീസിന് കൈമാറിയത്. മാദ്ധ്യമപ്രവർത്തകർക്ക് പൊലീസ് ക്യാമറകളും മൈക്കുകളും ഫോണുകളും തിരികെ നൽകിയിട്ടുണ്ട്. മംഗളൂരുവിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്ന വെൻലോക്ക് ആശുപത്രിക്ക് സമീപം റിപ്പോർട്ട് ചെയ്യാനെത്തിയ മലയാളി മാദ്ധ്യമപ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ഇവരിൽ നിന്ന് ക്യാമറ ഉൾപ്പെടെയുള്ള ഉപകരണങ്ങളും പൊലീസ് പിടിച്ചുവാങ്ങിയിരുന്നു. പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലാണ് നടപടി ഉണ്ടായത്. പൊലീസെത്തി മാദ്ധ്യമപ്രവർത്തകരോട് സ്ഥലത്ത് നിന്ന് മാറാൻ ആവശ്യപ്പെടുകയും,​ ശേഷം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സംഘർഷ സാദ്ധ്യതയുണ്ടാകുമെന്ന ഇന്റലിജന്റ്സ് മുന്നറിയിപ്പിനെതുടർന്ന് മംഗലാപുരത്ത് നേരത്തെതന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മാംഗളൂരിൽ കസ്റ്റഡിയിലെടുത്ത മാദ്ധ്യമപ്രവർത്തകർ വ്യാജന്മാരാണെന്ന് മംഗളൂർ പൊലീസ് പ്രചാരണം നടത്തിയിരുന്നു.