driving-licence

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന സിനിമകൾ മുമ്പും മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ, സിനിമയിലെ നായകന്റെ വ്യക്തിജീവിതത്തെ ബിഗ് സ്ക്രീനിലേക്ക് പറിച്ചു നട്ടിരിക്കുകയാണ് ​ മുതിർന്ന നടൻ ലാലിന്റെ മകനായ ജീൻ പോൾ ലാൽ (ലാൽ ജൂനിയർ)​ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയിലൂടെ. മലയാള സിനിമയിലെ യുവതാരങ്ങളിൽ ഏറ്റവും മൂല്യമുള്ളതും കൃത്യമായ നിലപാടുകളുമുള്ള പൃഥ്വിരാജിനെ തന്നെ തന്റെ അഞ്ചാമത്തെ സിനിമയിൽ നായകനാക്കിയതിലൂടെ ലാൽ ജൂനിയർ ചില കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്.

driving-licence1

ഇതൊരു ടെസ്റ്റ് ഡോസ്
പേരുപോലെ തന്നെ ഒരു ഡ്രൈവിംഗ് ലൈസൻസിൽ തുടങ്ങുന്ന സിനിമ അവസാനിക്കുന്നതും ആ ലൈസൻസിൽ തന്നെയാണ്. സൂപ്പർസ്റ്റാറായ താരത്തിന് ലൈസൻസില്ലാതെ വാഹനം ഓടിക്കേണ്ടി വരുന്നതും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ കേന്ദ്രബിന്ദു.

ലേണേഴ്സിൽ തുടങ്ങുന്നു
മലയാളികൾക്ക് മികച്ച തിരക്കഥകൾ സമ്മാനിച്ചിട്ടുള്ള സച്ചി- സേതു ടീമിലെ സച്ചിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. രണ്ടേകാൽ മണിക്കൂർ ദൈർഘ്യമുള്ള സിനിമയുടെ ആദ്യ പകുതി പൃഥ്വിരാജ് അവതരിപ്പിക്കുന്ന ഹരീന്ദ്രൻ എന്ന സൂപ്പർനടന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളെയാണ് അനാവരണം ചെയ്യുന്നത്. പൂ‌ർണമായും ബാലൻസ്ഡ് ആയ തിരക്കഥയാണ് സച്ചി തയ്യാറാക്കിയിരിക്കുന്നത്. ഇതിലൂടെ താൻ നിഷ്‌പക്ഷനാണെന്ന തോന്നൽ ഉണ്ടാക്കാനാണ് തിരക്കഥാകൃത്ത് ശ്രമിച്ചിരിക്കുന്നത്.

driving-licence2

എച്ച് എടുക്കൽ
സിനിമാനടന്മാരായതു കൊണ്ട് സമൂഹത്തിൽ അവർക്ക് പ്രത്യേക അവകാശങ്ങളൊന്നും ഇല്ലെന്നും എന്നാൽ,​ സാധാരണ പൗരനെന്ന നിലയിലുള്ള നിയമപരമായ എല്ലാ അവകാശങ്ങളും അനുവദിച്ചു കിട്ടണമെന്ന സന്ദേശവും ഒരേസമയം സിനിമ നൽകുന്നു. പൃഥ്വിരാജിന്റെ കാറുകളോടുള്ള പ്രേമം അറിയാവുന്ന സച്ചി അതും വേണ്ടുവോളം ഉപയോഗിച്ചിട്ടുണ്ട്. നടന്മാർ ആത്മാഭിമാനം ഉള്ളവരാണെന്നും അത് വൃണപ്പെട്ടാൽ ഏതൊരാളെയും പോലെ ഇമോഷണലായി കാര്യങ്ങളെ സമീപിക്കുമെന്ന സത്യം വിസ്‌മരിക്കരുതെന്നും സിനിമ വിളിച്ചുപറയുന്നുണ്ട്. സംഭാഷണങ്ങൾ പലതും പൃഥ്വിരാജിനെ അല്ലെങ്കിൽ നടന്മാരെ ഗ്ളോറിഫൈ ചെയ്യുന്നതാണെന്ന് പ്രേക്ഷകർക്ക് തോന്നിയാൽ കുറ്റം പറയാനാകില്ല. ഒരു നടന്റെ വളർച്ചയിൽ മറ്റൊരു നടനുണ്ടാകുന്ന അസൂയയും സൂപ്പർ താരങ്ങൾ തമ്മിലുള്ള പാരവയ്‌പും കുതികാൽ വെട്ടുമൊക്കെ സിനിമയിൽ വന്നുപോകുന്നു. ഇതിനൊപ്പം വ്യക്തിജീവിതം ഏറെക്കുറെ അന്യമാകുന്ന തിരക്കേറിയ നടന്മാരുടെ ഇമോഷണൽ ഫാമിലി ഡ്രാമയും. ഫാൻസ് അസോസിയേഷനുകളെയും സിനിമ വേണ്ടതുപോലെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഫാൻസ് അസോസിയേഷനുകൾ ഒരുപോലെ ഗുണവും ദോഷവും ഉള്ളതാണെന്നും സിനിമ പറഞ്ഞുവയ്ക്കുന്നു.

driving-licence3

സച്ചിയുടെ ആക്രമണത്തിന് ഇരയാകുന്ന മറ്റൊരു വിഭാഗം ടി.ആർ.പി റേറ്റിംഗ് കൂട്ടാൻ മത്സരിക്കുന്ന ടി.വി ചാനലുകളാണ്. അഭിനേതാക്കളുടെ വ്യക്തിജീവിതത്തിൽ എന്നും ഇടപെടാൻ ആഗ്രഹിക്കുന്ന മാദ്ധ്യമങ്ങളെ പരോക്ഷമായി വിമർശിക്കുന്നുണ്ട് സിനിമയിൽ. അഴിമതിയുടെ കേന്ദ്രമെന്ന് മുദ്രകുത്തപ്പെട്ട മോട്ടോർ വാഹന വകുപ്പും വിമർശനത്തിന് പാത്രമാകുന്നുണ്ട്. സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവർക്ക് ചില അഡ്ജസ്റ്റ്മെന്റുകൾ ചെയ്തുനൽകാമെന്ന മേലുദ്യോഗസ്ഥരുടെ മനോഭാവങ്ങളുള്ള കഥാപാത്രങ്ങളെയും സിനിമയിൽ കൊണ്ടുവന്നിട്ടുണ്ട്.

റോഡ് ടെസ്റ്റ്
തന്നെ ഏറ്റവും ദ്രോഹിച്ച വെഹിക്കിൾ ഇൻസ്‌പെക്ടറുടെ രക്ഷകനായി നായകൻ തന്നെ അവതരിക്കുന്നതോടെ സിനിമ വീണ്ടും സിനിമാറ്റിക് തലം കൈവരിക്കുകയാണ്. പിന്നെ നെടുനീളനും എന്നാൽ നിഷ്‌കളങ്കവുമായ ഡയലോഗുകൾ പറഞ്ഞ് എല്ലാവരെയും കൈയിലെടുക്കലും. പിന്നീട് വില്ലനെ കൊണ്ട് നായകനെ അംഗീകരിപ്പിക്കുന്ന തരത്തിലുള്ള ഡയലോഗുകളും. തീർന്നില്ല മലയാള സിനിമയ്ക്ക് തന്നെ വേണ്ടെങ്കിലും തനിക്ക് മലയാള സിനിമയെ വേണ്ടെന്ന് വയ്ക്കാനാകില്ലെന്ന വമ്പൻ ഡയലോഗിനും പഞ്ഞമില്ല. സൂപ്പർ-മെഗാ താരങ്ങളെ പിണക്കാതിരിക്കാനും ആരാധകർക്ക് കൈയടിക്കാനുമുള്ള ഡയലോഗും ക്ളൈമാക്സിലുണ്ട്.

driving-licence

ഹരീന്ദ്രൻ എന്ന നടനെ അവതരിപ്പിക്കുന്ന പൃഥ്വിരാജ് സൂപ്പർതാരമായി കസറിയിട്ടുണ്ട്. തൊഴിൽ അഭിനയമായതിനാൽ സിനിമാനടനായി അഭിനയിക്കാൻ പ്രത്യേകിച്ച് ശ്രമമൊന്നും നടത്തേണ്ടതായില്ല. പൃഥ്വിയുടെ ആരാധാകന്റെ വേഷത്തിലെത്തുന്ന സുരാജ് വെഞ്ഞാറമൂട് സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷകരുടെ കൈയടി നേടുന്നുണ്ട്. പൃഥ്വിയുടെ ഭാര്യാവേഷത്തിലെത്തുന്ന ദീപ്തി സതിക്ക് പക്ഷേ കാര്യമായി ഒന്നും ചെയ്യാനില്ല. സൈജു കുറുപ്പ്,​ സുരേഷ് കൃഷ്ണ,​ ലാലു അലക്സ്,​ നന്ദു,​ മേജർ രവി,​ ഇടവേള ബാബു,​ വിജയരാഘവൻ,​ മിയ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.

വാൽക്കഷണം: ആരാധകൻ വില്ലനായാൽ
റേറ്റിംഗ്: 2