ആലപ്പുഴ : വാക്കിലും പ്രവൃത്തിയിലുമൊക്കെ തനി കുട്ടനാട്ടുകാരനായിരുന്നു ചാണ്ടിസാറെന്ന് നാട്ടുകാർ ബഹുമാനത്തോടെ വിളിക്കുന്ന തോമസ്ചാണ്ടി.ചില സമയങ്ങളിലെ അദ്ദേഹത്തിന്റെ പെരുമാറ്റങ്ങൾ ആരെയും അതിശയിപ്പിക്കും. സഹജീവി സ്നേഹവും ആത്മാർത്ഥതയും വാക്കുകളിൽ നിറയും. അത്തരം ചില സന്ദർഭങ്ങളിലൂടെ.....
ഒരിക്കൽ കുട്ടനാട്ടിലെ തന്റെ വീടിന്റെ ഉമ്മറത്ത് തോമസ് ചാണ്ടി ഇരിക്കുമ്പോഴാണ് ഒരു ജോലിക്കാരൻ പാതി പഴുത്ത ഒരു വാഴക്കുല വെട്ടിക്കൊണ്ടുവരുന്നത്. തോമസ് ചാണ്ടിയെ കണ്ട പാടെ ജോലിക്കാരന് ആവേശമായി. ' ഞാൻ കണ്ടില്ലായിരുന്നെങ്കിൽ ഈ കുല മുഴുവൻ കിളികൊത്തി കൊണ്ടു പോയേനെ'' അയാൾ പറഞ്ഞു. തന്റെ പ്രവൃത്തിയെ തോമസ് ചാണ്ടി അഭിനന്ദിക്കുമെന്നാണ് ജോലിക്കാരൻ കരുതിയത്. എന്നാൽ പ്രതികരണം മറ്റൊന്നായിരുന്നു. ' നിനക്ക് ഭക്ഷണം കഴിക്കാൻ ഞാൻ പണം തരുന്നുണ്ടല്ലോ. കിളിക്കും അണ്ണാനുമൊക്കെ ആര് കൊടുക്കും. അവ തിന്നതിന് ശേഷം മിച്ചമുള്ള പഴങ്ങൾ മതി. കുല കൊണ്ട് മുറ്റത്ത് ചാരി വച്ചേക്ക്. അവ വന്നു തിന്നട്ടെ '. ഇതായിരുന്നു തോമസ് ചാണ്ടി.
മാങ്ങ വിറ്റ് അരി മേടിക്കേണ്ട ഗതികേടില്ലെടാ ചാണ്ടിക്ക് !
ഉമ്മറത്തെ മാവും അതിലെ മാങ്ങകളും അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതായിരുന്നു. ഒരു മാമ്പഴക്കാലത്ത്, മാവു നിറയെ കായ്ച്ച് കിടന്ന മാങ്ങകൾ കണ്ടിട്ടാണ് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയത്. ഉച്ചയോടെ മടങ്ങിയെത്തിയപ്പോഴേക്കും തോമസ് ചാണ്ടിയുടെ കണ്ണു തള്ളി. മാവിൽ ഒറ്റ മാങ്ങ കാണാനില്ല. മുറ്റം നിറയെ മാവിലകളും. കാര്യം തിരക്കിയപ്പോഴാണ് രസം. മാങ്ങ മുഴുവൻ കിടന്ന് നശിക്കേണ്ടെന്ന് ഓർത്ത് പരിചാരകരിലാരോ കച്ചവടക്കാർക്ക് വിറ്റു. ഇതു കേട്ട പാടെ തോമസ് ചാണ്ടി ഉറഞ്ഞുതുള്ളി. 'മാങ്ങ വിറ്റ് അരി മേടിക്കേണ്ട ഗതികേടോ തോമസ് ചാണ്ടിക്ക്. എന്റെ മാങ്ങ ഇപ്പോൾ എന്റെ വീട്ടുമുറ്റത്തെത്തണം' ഇത്രയും പറഞ്ഞ് അദ്ദേഹം അകത്തു കയറിയതോടെ പരിചാരകർ മാങ്ങ വാങ്ങിക്കൊണ്ടു പോയവരെ അന്വേഷിച്ച് ഓട്ടം തിരിച്ചു. ഒടുവിൽ ആലപ്പുഴയ്ക്കടുത്തു നിന്ന് ഇവരെ കണ്ടെത്തി മാങ്ങ മുഴുവൻ തിരികെ വാങ്ങി വീട്ടിലെത്തിച്ചു. വെറുതെയല്ല, ഇവർ വാങ്ങിയപ്പോൾ നൽകിയതിന്റെ നാലിരട്ടി തുകയും നൽകി. തനിക്ക് പ്രിയപ്പെട്ടതൊന്നും കൈവിട്ടു പോകുന്നത് അദ്ദേഹത്തിന് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു.
കരിമീനിൽ ചേറോ! ചാണ്ടിയോടാണോടാ കളി
ഒരു പ്രമുഖ നേതാവ് കുട്ടനാട് സന്ദർശനത്തിനെത്തിയപ്പോഴാണ് ഒരു സംഭവമുണ്ടാകുന്നത്. ബോട്ടിൽ വച്ച് നേതാവിനും മറ്റ് നേതാക്കൾക്കും കരിമീനും കൂട്ടി ഊണു നൽകി. വീട്ടിൽ നിന്ന് വച്ചു കൊണ്ടു വന്നതാണ് കരിമീൻ കറി. കുട്ടനാട്ടിലെ കരിമീനിന് ചെളിമണം ഉണ്ടാകുമെന്ന് കരുതി തണ്ണീർമുക്കത്തു നിന്ന് വേമ്പനാട്ടുകായലിലെ കരിമീൻ വാങ്ങണമെന്ന് തോമസ് ചാണ്ടി ജോലിക്കാരോട് പ്രത്യേകം നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഊണു കഴിക്കുന്നിനിടെ കുശലം പറച്ചിലിനിടയിൽ കരിമീനിന് ചേറുമണമുണ്ടായിരുന്ന കാര്യം നേതാവ് ചാണ്ടിയോട് സൂചിപ്പിച്ചു. താൻ രണ്ട് കരിമീൻ കഴിക്കണമെന്നാണ് കരുതിയത്. ചേറു ചുവ കാരണം ഒന്നിലൊതുക്കിയെന്നും നേതാവ് പറഞ്ഞതോടെ തോമസ് ചാണ്ടിയുടെ സമനില തെറ്റി. തിരികെ വീട്ടിലേക്കുള്ള അദ്ദേഹത്തിന്റെ വരവ് ഉഗ്രകോപത്തിലായിരുന്നു. മീൻ വാങ്ങിയവനും കറിവച്ചവനുമൊക്കെ ചാണ്ടിയുടെ നാക്കിന്റെ ചൂട് നന്നായി അറിഞ്ഞു. കരിമീൻകറി വച്ചതിലെ കള്ളിയും വെളിച്ചത്തായി. കരിമീൻ തണ്ണീർമുക്കത്തെയായിരുന്നില്ല. കുട്ടനാട്ടിൽ പള്ളാത്തുരുത്തിയിൽ നിന്നു വാങ്ങിയതാണ്. പരിചാരകർ എളുപ്പത്തിനു ചെയ്തതാണ് . കരിമീന്റെ പേരിൽ തോമസ് ചാണ്ടിയെ പറ്റിക്കാനാകില്ലെന്നും ജോലിക്കാർ അന്നറിഞ്ഞു.